ഉപരോധം വ്യവസായ മേഖലയില്‍ ഉണര്‍വ് സൃഷ്ടിച്ചു ; ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്തും

ദോഹ: രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഉപരോധം നിരവധി പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമായതായി വാണിജ്യവ്യവസായ വകുപ്പ്. ഹാര്‍ഡ്‌വെയര്‍ ഉല്‍പന്നങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, മരുന്നുകള്‍, ഭക്ഷണ സാധനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിരവധി പുതിയ സംരംഭങ്ങളാണ് ഇക്കാലയളവില്‍ ആരംഭിച്ചതെന്നും, കാര്‍ഷിക മേഖലയില്‍ മാത്രം 26 ബില്യന്‍ റിയാലിന്റെ നിക്ഷേപമായെന്നും അധികൃതര്‍ അറിയിച്ചു.

ആഭ്യന്തര ഉല്‍പാദനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 80 പുതിയ വ്യവസായ യൂണിറ്റുകള്‍ സ്ഥാപിതമായതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. 2022 ലോകകപ്പിന് വേണ്ട ചില കസേരകളടക്കമുള്ള ചില ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ വേണ്ട നിര്‍മാണ യൂണിറ്റുകളും ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ലോജിസ്റ്റിക് മേഖലയില്‍ 880 നിക്ഷേപകര്‍ ഇതിനകം തന്നെ ഇവിടെ എത്തിക്കഴിഞ്ഞു. ഭക്ഷ്യമേഖലയില്‍ നിരവധി പുതിയ ഉത്പ്പാദക യൂണിറ്റുകള്‍ ആരംഭിച്ചതിന് പുറമെ നിരവധി അവശ്യ സാധനങ്ങളുടെ നിര്‍മാണത്തിന് തുടക്കം കുറിച്ചു.

ഹമദ് രാജ്യാന്തര തുറമുഖം വ്യവസായ മേഖലയ്ക്ക് വലിയ പിന്തുണയാണ് നല്‍കിയത്. അയല്‍ രാജ്യങ്ങളുടെ തുറമുഖങ്ങളൊന്നും ഉപയോഗിക്കാതെ തന്നെ ഹമദ് തുറമുഖത്തേക്ക് നേരിട്ട് ചരക്കുകള്‍ എത്തിക്കാന്‍ കഴിയുകയെന്നത് തന്നെ വലിയ നേട്ടമാണ്.

ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് സാധനങ്ങള്‍ 60 ശതമാനം വരെ ഇവിടെ തന്നെയാണ് നിര്‍മിക്കുന്നത്. നേരത്തെ അയല്‍ രാജ്യങ്ങളെ ആശ്രയിക്കുകയായിരുന്നു പതിവ്. ഉപരോധം രാജ്യത്തെ സ്വയം പര്യാപ്തതയെ സംബന്ധിച്ചുള്ള ബോധം ഉണ്ടാക്കിയത് വലിയ നേട്ടമായാണ് കാണുതെന്ന് പ്രമുഖ വ്യാപാരി ഇബ്രാഹീം അല്‍മുഹന്നദി അഭിപ്രായപ്പെട്ടു.

Top