സനലിന് പണം നല്‍കാത്തത് സാങ്കേതികത്വം കാരണമെന്ന് തഹസില്‍ദാര്‍

തിരുവനന്തപുരം: പ്രളയത്തില്‍ വീട് തകര്‍ന്നിട്ടും ധനസഹായം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സനിലിന് ധനസഹായം കൈമാറാന്‍ കഴിയാത്തത് സാങ്കേതികത്വം കാരണമെന്ന് തഹസില്‍ദാര്‍. ഇതുസംബന്ധിച്ച് തഹസില്‍ദാര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സനില്‍ നല്‍കിയത് ജനപ്രിയ അക്കൗണ്ട് നമ്പറെന്നും ഇതില്‍ വലിയ തുക കൈമാറാന്‍ ആകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സനില്‍ താമസിച്ചിരുന്ന ഭൂമിക്ക് താത്കാലിക കൈവശ അവകാശ രേഖ നല്‍കിയിരുന്നു. റവന്യൂമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് റവന്യു സെക്രട്ടറി വിഷയത്തില്‍ തഹസില്‍ദാരോട് റിപ്പോര്‍ട്ട് തേടിയത്.

പ്രളയത്തില്‍ വീടുതകര്‍ന്നിട്ടും അടിയന്തര ധനസഹായമായ പതിനായിരം രൂപപോലും ലഭിക്കാത്തതില്‍ മനംനൊന്താണ് സനില്‍ തൂങ്ങിമരിച്ചത്. വയനാട് പള്ളിക്കവല സ്വദേശി സനില്‍ ഇന്നലെ വൈകീട്ടാണ് പുരയിടത്തില്‍ തൂങ്ങിമരിച്ചത്. അടിയന്തര ധനസഹായമായ പതിനായിരം രൂപപോലും സനിലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. സനിലിന്റെ കുടുംബത്തിന് ധനസഹായവും ഭൂമിയും നല്‍കുന്നതിനായി അടിയന്തരമായി നടപടികള്‍ സ്വീകരിക്കുമെന്ന തഹസില്‍ദാരുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കൂലിപ്പണിക്കാരനായ സനല്‍ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. 2018ലെ പ്രളയത്തില്‍ വീടിന് ഭാഗികമായി നാശനഷ്ടമുണ്ടായി. 2019ല്‍ പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ ഇതുവരെ അടിയന്തര ധനസഹായമായ പതിനായിരം രൂപപോലും സര്‍ക്കാര്‍ നല്‍കിയില്ല. കഴിഞ്ഞ 40 വര്‍ഷമായി താമസിക്കുന്ന 3 സെന്റ് ഭൂമി സ്വന്തമാണെന്നതിന്റെ രേഖയില്ലാത്തതിനാല്‍ ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തിലും ഉള്‍പ്പെട്ടില്ല.

Top