സിനിമ ഉപേക്ഷിക്കുന്നു, ഇനി മനുഷ്യ സേവനം: സന ഖാന്‍

സിനിമാ മേഖല പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നുവെന്ന് വ്യക്തമാക്കി നടി സന ഖാന്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ആത്മീയതയുടെ വഴി തിരഞ്ഞെടുക്കുകയാണെന്ന് താരം ലോകത്തെ അറിയിച്ചത്. മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് താരം സിനിമ ഉപേക്ഷിക്കുന്നത്.

ഇന്ന് മുതല്‍ മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തീരുമാനമെന്നും ഷോ ബിസിനസിന്‌റെ ലോകം താന്‍ വിടുന്നുവെന്നും സന കുറിപ്പില്‍ പറയുന്നു. ബിഗ് ബോസ് സീസണ്‍ ആറിലെ മത്സരാര്‍ഥിയായിരുന്ന സന നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിരുന്നു.

സനയുടെ കുറിപ്പ്

‘എന്റെ ഏറ്റവും സന്തോഷകരമായ നിമിഷം. ഈ യാത്രയില്‍ അല്ലാഹു എന്നെ സഹായിക്കുകയും നയിക്കുകയും ചെയ്യട്ടെ’…

‘ജീവിതത്തിലെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ നിന്നാണ് നിങ്ങളോട് ഞാന്‍ സംസാരിക്കുന്നത്. ഏറെ നാളായി ഞാന്‍ സിനിമ മേഖലയിലുണ്ട്. ഇവിടെ എല്ലാവിധ പ്രശസ്തിയും സമ്പാദ്യവും ആദരവും എനിക്ക് ലഭിച്ചതില്‍ ഞാന്‍ അനു?ഗ്രഹീതയാണ്. എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, എനിക്കൊരു തിരിച്ചറിവ് ഉണ്ടായിരിക്കുന്നു: മനുഷ്യന്‍ ഈ ലോകത്തേക്ക് വരുന്നതിന്റെ യഥാര്‍ത്ഥ ലക്ഷ്യം സമ്പത്തും പ്രശസ്തിയും നേടുക എന്നതാണോ? ദരിദ്രരും നിസ്സഹായരുമായവരുടെ സേവനത്തിനായി അവന്റെ / അവളുടെ ജീവിതം ചെലവഴിക്കേണ്ടത് അവരുടെ കടമയുടെ ഭാഗമല്ലേ? ഏത് നിമിഷവും നമ്മള്‍ മരണപ്പെട്ടേക്കാം എന്ന് അവനോ/അവളോ ചിന്തിക്കേണ്ടതല്ലേ? അവന്‍ / അവള്‍ ഇല്ലാതായാല്‍ എന്ത് സംഭവിക്കും?

വളരെക്കാലമായി ഞാന്‍ ഈ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടുകയാണ്, പ്രത്യേകിച്ച് എന്റെ മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം. ഈ ചോദ്യത്തിനുള്ള ഉത്തരം എന്റെ മതത്തില്‍ ഞാന്‍ തിരഞ്ഞപ്പോള്‍, ലോകത്തിലെ ഈ ജീവിതം യഥാര്‍ത്ഥത്തില്‍ മരണാനന്തര ജീവിതത്തിന്റെ മെച്ചപ്പെടുത്തലിനായിരിക്കണമെന്ന് ഞാന്‍ മനസ്സിലാക്കി. അടിമകള്‍ തന്റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറ്റാതിരിക്കുകയും ചെയ്താല്‍ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു. അതിനാല്‍, ഇന്ന് മുതല്‍, വെള്ളിവെളിച്ചത്തിലെ ജീവിതശൈലിയോട് എന്നെന്നേക്കുമായി വിടപറയാനും മാനവികതയെ സേവിക്കാനും എന്റെ സ്രഷ്ടാവിന്റെ കല്‍പ്പനകള്‍ പാലിച്ച് ജീവിക്കാനും ഞാന്‍ തീരുമാനിച്ചു.

എന്റെ ഈ മാനസാന്തരത്തെ അംഗീകരിക്കാനും എന്റെ സ്രഷ്ടാവിന്റെ കല്‍പ്പനകള്‍ അനുസരിച്ചും മാനവികസേവനത്തിനായും എന്റെ ജീവിതം ചെലവഴിക്കാനുള്ള എന്റെ ദൃഢനിശ്ചയത്തിന് അനുസൃതമായി ജീവിക്കാനുള്ള കഴിവ് എനിക്ക് നല്‍കാന്‍ അള്ളാഹുവിനോട് പ്രാര്‍ഥിക്കാന്‍ എന്റെ എല്ലാ സഹോദരങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവസാനമായി, ഇനി മുതല്‍ സിനിമാ സംബന്ധമായ ജോലിയെക്കുറിച്ച് എന്നോട് കൂടിയാലോചിക്കരുത് എന്ന് എല്ലാ സഹോദരങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു’.. സന കുറിച്ചു

Top