San Bernardino, California, Massacre Suspects Could Have Terror Links

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കഴിഞ്ഞ ദിവസം 14 പേരെ വെടിവച്ചു കൊന്ന സയ്യദ് റിസ്‌വാന്‍ ഫറൂക്ക് (28) സോഷ്യല്‍ മീഡിയ വഴി ഐഎസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഇന്റലിജന്‍സ് അധികൃതര്‍ വെളിപ്പെടുത്തി. കൂടുതല്‍ രക്തച്ചൊരിച്ചില്‍ നടത്താനുള്ള ബോംബുകളും മറ്റും ഫറൂക്കിന്റേയും ഭാര്യ തസ്ഫീന്‍ മാലികിന്റേയും കൈയിലുണ്ടായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. വെടിവയ്പിനൊടുവില്‍ ഇരുവരേയും സുരക്ഷാസേന വധിച്ചിരുന്നു.

അതേസമയം, കൂട്ടക്കൊലയ്ക്ക് മുമ്പ് ഇരുവരും എഫ്.ബി.ഐയുടെ നിരീക്ഷണത്തില്‍ അല്ലായിരുന്നുവെന്ന സുപ്രധാന വിവരവും പുറത്ത് വന്നിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ ഉണ്ടായ വെടിവയ്പിനെ ഭീകരാക്രമണം ആയി തന്നെയാണ് എഫ്.ബി.ഐ കാണുന്നത്. എന്നാല്‍, അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ല. സോഷ്യല്‍ മീഡിയ വഴി ഐ എസ് തീവ്രവാദികളുമായി ബന്ധപ്പെട്ടെങ്കിലും വെടിവയ്പിനു മുമ്പ് ഫറൂക്ക് ആരുമായും ഫോണിലോ മറ്റോ ബന്ധപ്പെട്ടതായി വിവരമൊന്നും ലഭിച്ചിട്ടില്ല.

കാലിഫോര്‍ണിയയിലെ സാന്‍ബെര്‍നാര്‍ഡിനോ പട്ടണത്തില്‍ വിഭിന്നശേഷിക്കാരുടെ സേവനത്തിനായി സ്ഥാപിച്ച ഒരു സാമൂഹ്യ കേന്ദ്രത്തിലാണ് വെടിവയ്പുണ്ടായത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തുവരികയായിരുന്ന ഫറൂക്ക് ബുധനാഴ്ച രാവിലെ ഇന്‍ലന്‍ഡ് റീജിയണല്‍ സെന്റര്‍ എന്ന സേവന കേന്ദ്രത്തില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. ഇതിനിടയില്‍ ഇയാള്‍ ചിലരുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ക്ഷുഭിതനായി ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നീട് 11 മണിയോടെ ഇയാളും സ്ത്രീയും റൈഫിളുകളും കൈത്തോക്കുകളുമായി ഒരു കറുത്ത എസ്.യു.വിയില്‍ വന്നിറങ്ങുകയും സാമൂഹ്യ സേവന കേന്ദ്രത്തില്‍ കയറി വെടിവയ്പ് നടത്തുകയുമായിരുന്നു.

Top