അര്‍ഹമായ പ്രതിഫലം നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍; വിവാദങ്ങള്‍ അവസാനിപ്പിച്ചു, മാപ്പ് പറഞ്ഞ് സുഡു

samuel

കൊച്ചി: വിവാദങ്ങള്‍ അവസാനിപ്പിച്ച് നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍. വംശീയ വിവേചനം നടന്നിട്ടില്ലെന്നും ചെറിയൊരു തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രശ്‌നങ്ങളാണെന്നും തന്നെ വിമര്‍ശിച്ചവരോട് മാപ്പു ചോദിക്കാന്‍ തയാറാണെന്നും നടന്‍ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സാമുവല്‍ ഇക്കാര്യം പറഞ്ഞത്.

സുഡാനി ഫ്രം നൈജീരിയയില്‍ അഭിനയിച്ചതിന് തനിക്ക് അര്‍ഹമായ പ്രതിഫലം നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചതായി നടന്‍ സാമുവല്‍ അബിയോള റോബിന്‍സണ്‍ അറിയിച്ചു. താന്‍ ചെയ്ത ജോലിക്ക് ന്യായമായ തുക നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍ സമ്മതിച്ചതായാണ് റോബിന്‍സണ്‍ പോസ്റ്റിലൂടെ അറിയിച്ചത്.

നേരത്തെ തനിക്ക് സുഡാനി ഫ്രൈം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് കുറഞ്ഞ വേതനമാണ് ലഭിച്ചതെന്ന് സാമുവല്‍ ആരോപിച്ചിരുന്നു. ഇത് വംശീയവിവേചനമാണെന്നും സാമുവല്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വിശദീകരണവുമായി സിനിമയുടെ നിര്‍മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ പോസ്റ്റുകളും സാമുവല്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായി നടന്‍ അറിയിച്ചിരിക്കുന്നത്.

കേരളത്തിലെ മാധ്യമങ്ങള്‍ക്കും തോമസ് ഐസക്കിനും നന്ദിപറയുന്നതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. തനിക്ക് ലഭിക്കുന്ന തുകയില്‍ ഒരു ഭാഗം വംശീയതയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന നല്‍കിയതായും അദ്ദേഹം അറിയിച്ചു.

Top