ന്യൂജെന്‍ മലയാള വാക്കുകളുടെ അർത്ഥം തേടി നൈജീരിയന്‍ നടൻ സാമുവല്‍ റോബിന്‍സണ്‍

Samuel Robinson, Nigerian actor

ഹാസ്യ നടൻ എന്ന പദവിയിൽ നിന്ന് പറവയിലൂടെ സൂപ്പർ ഹിറ്റ് സംവിധായകനായി മാറിയ സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപത്രമാക്കി നവാഗതനായ സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.

ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തുകയാണ് നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സണ്‍. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലമായെത്തുന്ന സിനിമയാണിത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ് ഇപ്പോൾ.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് സാമുവല്‍ റോബിന്‍സന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ്. റോബിന്‍സണിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ ലഭിച്ച ന്യൂജെന്‍ മലയാള വാക്കുകളുടെ അർത്ഥമാണ് താരം പോസ്റ്റിലൂടെ അന്വേഷിക്കുന്നത്.

പൊളി, കട്ടവെയ്റ്റിംങ്, കിടുവേ തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥം ചോദിച്ച താരത്തിന് ലഭിച്ച മറുപടിയും മലയാളത്തിൽ ആയതിനാൽ കൂടുതൽ ആശയകുഴപ്പത്തിലാക്കി. എന്തായാലും മലയാളം പഠിക്കാനുള്ള തയാറെടുപ്പിലാണ് റോബിൻസൺ ഇപ്പോൾ.

സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദ് തന്നെയാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. റെക്‌സ് വിജയന്റേതാണ് സംഗീതം. കോഴിക്കോടും മലപ്പുറവുമായിരുന്നു സിനിമയുടെ ലൊക്കേഷന്‍

Top