സിനിമയെ അഭിനന്ദിച്ച. . മന്ത്രിമാര്‍ ഇടപ്പെട്ട് വാങ്ങി കൊടുക്കണം സുഡുവിന് ആ പണം . .

Samuel Robinson

രു പുതുമുഖ സംവിധായകന്‍ മലയാള സിനിമാലോകത്തെ ഞെട്ടിച്ച് കളഞ്ഞ സിനിമയാണ് സുഡാനി ഫ്രം നൈജീരിയ.

ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ നൈജീരിയക്കാരന്‍ സാമുവലിന്റെ കണ്ണീര് മനസ്സിന്റെ നന്‍മ കൊണ്ട് തുടച്ചു കളഞ്ഞ മലബാര്‍ ജനതയുടെ ഹൃദയം തുറന്നു കാട്ടിയ സിനിമയാണിത്.

എന്നാല്‍ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആഫ്രിക്കക്കാരന്‍ സാമുവലിനോട് തിരശ്ശീലക്ക് പിന്നില്‍ നിര്‍മ്മാതാക്കള്‍ പെരുമാറിയത് നേരെ വിപരീതമായാണ്.

സ്വന്തം നാട്ടില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ നേരിടുന്ന വംശീയ ഭീഷണിയും ആഭ്യന്തര കലാപവും സിനിമയില്‍ കണ്ണീരോടെ പറയുന്ന സാമുവലിന് ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്ന അവഗണന്ന പറയേണ്ടി വരുന്നത് ഏവരെയും അമ്പരിപ്പിച്ച കാര്യമാണ്.

താരതമ്യേന വളരെ ചെറിയ ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കിയ സിനിമ ഇതിനോടകം വമ്പന്‍ വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. സമീപകാലത്ത് ഇറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പണം വാരാന്‍ പോവുന്ന സിനിമയും സുഡാനി ഫ്രം നൈജീരിയയാണ്.

കോടികള്‍ വാരി തുടങ്ങിയിട്ടും എന്തുകൊണ്ടാണ് സിനിമയിലെ സുഡുവിനെ അനശ്വരമാക്കിയ സാമുവല്‍ റോബിന്‍സന് അര്‍ഹമായ പണം നല്‍കിയില്ല എന്നതിന് സിനിമാ നിര്‍മ്മാതാക്കള്‍ മറുപടി പറയണം. സാങ്കേതിക പ്രവര്‍ത്തകര്‍ പോലും നിര്‍മ്മാതാവിന്റെ മേലങ്കിയണിഞ്ഞ സിനിമയില്‍ ആര്‍ക്കും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ കഴിയില്ല.

Samuel Robinson

അത്യന്തം വൈകാരികമായി സാമുവല്‍ അവതരിപ്പിച്ച കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് തോന്നിയ സഹതാപമാണ് ഇത്രയും വലിയ വിജയത്തില്‍ സുഡാനി ഫ്രം നൈജീരിയയെ കൊണ്ടെത്തിച്ചിരിക്കുന്നത്.

സമയം കണ്ടെത്തി എം.എല്‍.എ മാരെയും കൂട്ടി സിനിമ കണ്ട് സാമുവിലിനെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ച മന്ത്രിമാരായ കെ.ടി.ജലീലും വി.എസ് സുനില്‍കുമാറും എം.എം മണിയുമെല്ലാം ഇക്കാര്യത്തിലും ഇടപെടണം. സാമുവലിന് പൊന്നാട അണിയിക്കുന്നതിലല്ല, അവന് അര്‍ഹമായ പ്രതിഫലം വാങ്ങി കൊടുക്കുന്നതിനു വേണ്ടി ഇടപെടുന്നതാണ് യഥാര്‍ത്ഥ ആദരം.

കരാര്‍ പ്രകാരമുള്ള തുക സാമുവലിന് നല്‍കി എന്ന് അവകാശപ്പെടുന്ന നിര്‍മ്മാതാക്കള്‍ ആ തുക എത്രയാണെന്ന് പറയാന്‍ വിശദീകരണകുറിപ്പില്‍പോലും തയ്യാറായിട്ടില്ല. വെറും ഒരുലക്ഷത്തി പതിനായിരം രൂപ മാത്രമാണ് നൈജീരിയയില്‍ നിന്നെത്തിയ ഈ താരത്തിന് നല്‍കിയത്. മലയാള സിനിമയില്‍ ഏതാനും റോളുകളില്‍ മാത്രം ഒതുങ്ങുന്ന ജൂനിയര്‍ താരങ്ങള്‍പോലും വാങ്ങും ഇതിലും വലിയ തുക.

സിനിമ വാണിജ്യ വിജയം നേടുന്ന പക്ഷം ആ സന്തോഷത്തില്‍ നിന്നുള്ള അംശം സമ്മാനമായി നല്‍കാമെന്ന വിശദീകരണവും സാമാന്യബുദ്ധിയ്ക്ക് നിരക്കാത്തതാണ്. സുഡാനി ഫ്രം നൈജീരിയ സൂപ്പര്‍ ഹിറ്റായി കഴിഞ്ഞു. ഇപ്പോള്‍ തന്നെ കോടികള്‍ കളക്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. എത്രവരെ പരമാവധി കളക്ട് ചെയ്യും എന്നതിനെ സംബന്ധിച്ച് നിരവധി സിനിമകളെടുത്ത് പരിചയമുള്ള നിര്‍മ്മാതാക്കള്‍ക്ക് അറിയില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

മിക്ക സിനിമാക്കാരും ഒഴുക്കന്‍ മട്ടില്‍ പറയുന്ന പതിവ് വാഗ്ദാനം മാത്രമാണ് ഈ ‘സന്തോഷത്തിന്റെ അംശം’. നൈജീരിയന്‍ താരത്തോട് കളക്ഷന്‍ പൂര്‍ണ്ണമായും വരുന്നതുവരെ കാത്തുനില്‍ക്കാന്‍ പറയാന്‍ ലാഭത്തിന്റെ ശതമാനം നോക്കിയുള്ള വിഹിതം അല്ലല്ലോ സാമുവല്‍ ചോദിച്ചത് ?

ഇനി നിര്‍മ്മാതാക്കളെ വിശ്വാസമുണ്ടായിരുന്നുവെങ്കില്‍ ആയാള്‍ ഒരിക്കലും ഇത്തരം പ്രതികരണം നടത്തുകയുമില്ലായിരുന്നു. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് തുറന്ന് പറയുന്നതാണ് മാന്യത.

‘പിച്ചച്ചട്ടിയില്‍’ കയ്യിട്ട് വാരുന്ന ഇടപാട് നിര്‍മ്മാതാക്കള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. സിനിമയുടെ നിര്‍മ്മാതാക്കളില്‍ നിന്നും തനിക്ക് വംശീയ വിവേചനം നേരിട്ടുവെന്ന സാമുവലിന്റെ ആരോപണവും അതീവ ഗുരുതരമാണ്. വംശീയ ആക്രമണങ്ങളാല്‍ അഭയാര്‍ത്ഥികളാകപ്പെട്ടവരുടെ നൊമ്പരങ്ങള്‍ തുറന്നു കാട്ടിയ സിനിമയുടെ അണിയറയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണത്.

കറുത്ത വര്‍ഗക്കാരനായ മറ്റൊരു നടനും ഈ അവസ്ഥ ഉണ്ടാകരുതെന്ന് സാമുവല്‍ പറയുമ്പോള്‍ എന്താണ് അണിയറയില്‍ സംഭവിച്ചതെന്ന് സാമാന്യ ബോധമുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളു.

Samuel Robinson

പടം ഹിറ്റായാല്‍ കൂടുതല്‍ പ്രതിഫലം തരാമെന്ന് പറഞ്ഞ് തന്നെ കേരളത്തില്‍ പിടിച്ച് നിര്‍ത്തിയത് പ്രമോഷനു വേണ്ടി ആയിരുന്നുവെന്ന് തിരിച്ചറിഞ്ഞാണ് നാട്ടില്‍ എത്തിയ ശേഷം സാമുവല്‍ ഫെയ്‌സ് ബുക്കിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

കറുത്തവനായതുകൊണ്ടും ദരിദ്രരായ ആഫ്രിക്കക്കാര്‍ക്ക് പണത്തിന്റെ വിലയറിയില്ല എന്ന പൊതു ധാരണ ഉള്ളതുകൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചതെന്ന് വിലപിക്കുന്ന സാമുവലിന്റെ വാക്കുകള്‍ കച്ചവട സിനിമാക്കാരെയല്ല, കേരള മന:സാക്ഷിയെയാണ് ചുട്ട് പൊള്ളിക്കുന്നത്.

റിയലിസ്റ്റിക്കായി അവതരിപ്പിച്ച സിനിമയിലെ നായകന്റെ റിയലിസ്റ്റിക്കായ പ്രതികരണം സുഡാനി ഫ്രം നൈജീരിയ സിനിമയുടെ കളക്ഷനെ ഇനി ബാധിച്ചാലും അത്ഭുതപ്പെടാനില്ല. കാരണം അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തെ പ്രതിനിധീകരിക്കുന്ന നായകനോട് പോലും നീതി കാട്ടാത്ത നിര്‍മ്മാതാക്കള്‍ക്ക് തങ്ങള്‍ ഇനി പണം നല്‍കണമോ എന്ന് പ്രേക്ഷകര്‍ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ലല്ലോ ?

Team Express Kerala

Top