Samudrakani ‘s statement about his Appa movie

കൊച്ചി: മലയാളികളുടെ പ്രിയതാരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും മഞ്ജു വാര്യര്‍ക്കും നന്ദി പറഞ്ഞ് തമിഴ് സംവിധായകനും നടനുമായ സമുദ്രക്കനി.

തന്റെ ഏറ്റവും പുതിയ ചിത്രമായ അപ്പായുടെ പ്രചരണാര്‍ത്ഥം എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സമുദ്രക്കനി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്ക് നന്ദി പറഞ്ഞത്.

തന്റെ സിനിമയുടെ ചിത്രീകരണ സമയത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജുവാര്യര്‍, സുരാജ് വെഞ്ഞാറംമൂട്, മേജര്‍ രവി എന്നിവര്‍ അച്ഛനെക്കുറിച്ച് പറയുന്ന വീഡിയോ ഷൂട്ട് ചെയ്ത് അയച്ച് തന്നിരുന്നെന്നും താന്‍ അതിനെ നന്ദിയോടെ സ്മരിക്കുന്നുവെന്നും സമുദ്രക്കനി പറഞ്ഞു.

മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ എന്നിവര്‍ അച്ഛനെക്കുറിച്ച് പറയുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ വൈറലായിരുന്നു.സമുദ്രക്കനി തന്നെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുകയും നിര്‍മിക്കുകയും ചെയ്യുന്ന സ്വതന്ത്ര സിനിമയാണ് അപ്പാ.

അദ്ദേഹം തന്നെയാണ് പ്രധാന റോളില്‍ അഭിനയിക്കുകയും ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ മാസം റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത് വ്യാഴാഴ്ച്ചയാണ്. നടന്‍ അനില്‍ മുരളിയുമായി സഹകരിച്ച് ഉണ്ടാക്കിയ എ.എസ്. ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് അപ്പാ കേരളത്തില്‍ വിതരണം ചെയ്യുന്നത്.

കൊച്ചി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ 20 തിയേറ്ററുകളിലാണ് റിലീസ്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം പറയുന്ന ചിത്രം തമിഴില്‍ ഇപ്പോള്‍ തന്നെ നല്ല അഭിപ്രായം നേടിയിട്ടുണ്ടെന്നും മലയാളികള്‍ക്കും ഈ ചിത്രം ഇഷ്ടമാകുമെന്നും സമുദ്രക്കനി പറഞ്ഞു.

‘പാട്ടും ഫൈറ്റുമില്ലാതെ പരമ്പരാഗത സിനിമാ ഫോര്‍മുലകളെ തകര്‍ത്തുകൊണ്ടുള്ള ഒരു ചിത്രമാണിത്. മറ്റൊരു നിര്‍മാതാവിനെ തേടി പോയിരുന്നെങ്കില്‍ ഈ സിനിമ ഇപ്പോഴത്തെ രൂപത്തില്‍ വരില്ലായിരുന്നു. യാതൊരു ബാഹ്യസമ്മര്‍ദവുമില്ലാതെ സ്വതന്ത്രമായി സിനിമ ചെയ്യുന്നതിനാണ് പലിശയ്ക്ക് എടുത്തിട്ടാണെങ്കിലും നിര്‍മാണവും ഏറ്റെടുക്കാന്‍ തയ്യാറായത’ ‘.

മൂന്നു കോടി രൂപയ്ക്ക് മുകളില്‍ മുടക്കുമുതലുള്ള ചിത്രം ഏതാണ്ട് അതേ അളവില്‍ കളക്ഷന്‍ നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ ഇപ്പോള്‍ പ്രിയദര്‍ശന്‍ ചിത്രം ഒപ്പത്തില്‍ അഭിനയിച്ചെന്നും മലയാളത്തില്‍ സംവിധാനം ഉള്‍പ്പെടെയുള്ള ചില പദ്ധതികള്‍ മനസ്സിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top