ഗ്യാലക്‌സി എസ്23 എഫ്.ഇ മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങി സാംസങ്; ഫോണ്‍ എത്തുന്നത് നാല് നിറങ്ങളില്‍

സാംസങ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ഫാന്‍ എഡിഷന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ്. വില കുറച്ച് അവതരിപ്പിക്കാറുള്ള സ്മാര്‍ട്ട്‌ഫോണുകളാണ് ഫാന്‍ എഡിഷന്‍ ഫോണുകള്‍. ഗ്യാലക്‌സി എസ്20 എഫ്.ഇ-യും ഗ്യാലക്‌സി എസ്21 എഫ്.ഇക്കും പുറമെ ഇപ്പോള്‍ എസ്23 എഫ്.ഇ മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് സാംസങ്.

എസ്23 എഫ്.ഇ വൈകാതെ തന്നെ വിപണിയിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പായി എസ്23 എഫ്.ഇയുടെ റെന്‍ഡറുകള്‍ ഓണ്‍ലൈനില്‍ ലീക്കായിരിക്കുകയാണ്. ഫോണിന്റെ ഡിസൈനും കളറുകളുമാണ് റെന്‍ഡറിലൂടെ പുറത്തായത്. എംഎസ്പവര്‍യൂസറാ’ണ് റെന്‍ഡറുകള്‍ പുറത്തുകൊണ്ടുവന്നത്.

പേള്‍ വൈറ്റ്, ബ്ലാക്ക് ഗ്രാഫൈറ്റ്, പര്‍പ്പിള്‍ ലാവെന്‍ഡര്‍, ഒലിവ് എന്നിങ്ങനെ നാല് നിറങ്ങളിലാണ് ഫോണ്‍ എത്തുക. അതില്‍ തന്നെ പര്‍പ്പിള്‍ ലാവെന്‍ഡര്‍ ആണ് ഏറ്റവും ആകര്‍ഷകം. ഗ്യാലക്‌സി എസ്23-യെ ഓര്‍മിപ്പിക്കും വിധമാണ് എസ്23 എഫ്.ഇയുടെ രൂപഭാവങ്ങള്‍. റൗണ്ടടായിട്ടുള്ള എഡ്ജുകളും വെര്‍ടിക്കലി സജ്ജീകരിച്ചിരിക്കുന്ന മൂന്ന് പിന്‍കാമറകളും എസ്23-ക്ക് സമാനമാണെങ്കിലും ഡിസ്‌പ്ലേയുടെ ബെസലുകള്‍ക്ക് അല്‍പം കട്ടി കൂടുതലാണ്. അത് ഫോണിന് ഒരു മധ്യനിര ഫോണിന്റെ ലുക്കാണ് നല്‍കുന്നത്.

അടുത്തിടെ വയര്‍ലെസ് പവര്‍ കണ്‍സോര്‍ഷ്യം വെബ്സൈറ്റില്‍ ‘SM-S711U’ എന്ന മോഡല്‍ നമ്പറില്‍ എസ്23 എഫ്.ഇയെ സ്‌പോട്ട് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഫോണ്‍ വയര്‍ലെസ് ചാര്‍ജിങ് ഫീച്ചറുമായിട്ടാകും വരികയെന്നത് ഉറപ്പായിട്ടുണ്ട്. 15W വയര്‍ലെസ് ചാര്‍ജിങ്ങാണ് പ്രതീക്ഷിക്കുന്നത്.

120Hz റിഫ്രഷ് റേറ്റ്, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പിന്തുണയുമുള്ള 6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ആയിരിക്കും എസ്23 എഫ്.ഇക്ക് എന്നാണ് സൂചനകള്‍. എക്സിനോസ് 2200 ചിപ്സെറ്റ് ആയിരിക്കും ഫോണിന് കരുത്ത് പകരുകയെന്നും സ്നാപ്ഡ്രാഗണ്‍ 8+ Gen 1 എന്ന ചിപ്‌സെറ്റുമായി എത്താനും സാധ്യതയുണ്ടെന്നും റൂമറുകളുണ്ട്.

OIS പിന്തുണയുള്ള 50MP പിന്‍ ക്യാമറകള്‍, 25W ഫാസ്റ്റ് ചാര്‍ജിങ് ഉള്ള 5,000mAh ബാറ്ററി, ആന്‍ഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ള വണ്‍ യു.ഐ 5.1 എന്നിവയും പ്രതീക്ഷിക്കാം. വില 50,000 രൂപക്ക് താഴെയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top