samsung-halts-production-of-galaxy-note-7

സോള്‍: ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് സാംസങ്ങ് തിരിച്ചു വിളിച്ച സാംസങ്ങ് ഗാലക്‌സി നോട്ട് 7ന്റെ നിര്‍മാണം നിര്‍ത്തിവെയ്ക്കുന്നു.

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളിലൊന്നായ സാംസങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഗാലക്‌സി നോട്ട് 7 വഴി ഉണ്ടായിരിക്കുന്നത്.

ദക്ഷിണ കൊറിയയിലേയും അമേരിക്കയിലേയും ചൈനയിലേയും ഉപഭോക്തൃ സുരക്ഷാ റെഗുലേറ്റര്‍മാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.

ചാര്‍ജ് ചെയ്യുമ്പോള്‍ ലിഥിയം ബാറ്ററി പൊട്ടിത്തെറിക്കുന്നതിനെ തുടര്‍ന്ന് സെപ്തംബര്‍ രണ്ടു മുതലാണ് ഗാലക്‌സി നോട്ടിന്റെ വില്‍പന സാംസങ്ങ് നിറുത്തിയത്. കേടായവ തിരികെ വിളിക്കുകയും ചെയ്തിരുന്നു.

നിര്‍മാണം നിര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചതോടെ സ്മാര്‍ട്ട് വിപണിയില്‍ സാംസങ്ങിന് വന്‍ തിരിച്ചടിയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

അമേരിക്കയിലും ദക്ഷിണകൊറിയയിലും ഉള്‍പ്പെടെയുള്ള പത്തു ലക്ഷത്തിലേറെഫോണുകള്‍ കമ്പനി ഇതിനോടകം വിറ്റുകഴിഞ്ഞിട്ടുണ്ട്. നിലവില്‍ രണ്ട് കമ്പനികളില്‍ നിന്നുള്ള ബാറ്ററികളാണ് സാംസങ്ങ് ഉപയോഗിക്കുന്നത്.

ഇതില്‍ ഒരു കമ്പനിയില്‍ നിന്നും ലഭ്യമായ ബാറ്ററിയാണ് കുഴപ്പമുണ്ടാക്കിയതെന്നാണ് കമ്പനി പറയുന്നത്. അത് ഏത് കമ്പനിയുടെ ബാറ്ററിയാണെന്ന് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.

ആഗസ്റ്റ് 19ന് പുറത്തിറക്കിയ ഗാലക്‌സിനോട്ട് 7ന്റെ 10 ലക്ഷംഫോണുകള്‍ വിറ്റഴിച്ചതായി സാംസങ്ങ് അവകാശപ്പെടുന്നു.

Top