സാംസങ് ഗാലക്‌സി വാച്ച് 5, വാച്ച് 5 പ്രോ എന്നിവ പുറങ്ങി

സാംസങിന്റെ പുതിയ ഗാലക്‌സി വാച്ച് 5, ഗാലക്‌സി വാച്ച് പ്രോ, എന്നിവ പുറത്തിറക്കി. ഗാലക്‌സി ഫോള്‍ഡ് സീരീസ് ഫോണുകള്‍ക്കൊപ്പമാണ് ഇവ പുറത്തിറക്കിയത്. നേരത്തെ ഉണ്ടായിരുന്ന വണ്‍ യുഐ വാച്ച് 4.5 ന് പകരം ഇത്തവണ വാച്ച് ഓഎസ് 3.5 പ്ലാറ്റ്‌ഫോം ആണ് വാച്ചുകളിലുള്ളത്.

എക്‌സിനോസ് ചിപ്പ് ശക്തിപകരുന്ന വാച്ചുകള്‍ക്ക് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഓള്‍വേയ്‌സ് ഓണ്‍ സൗകര്യവും ഇതിലുണ്ട്. വ്യത്യസ്ത വലിപ്പങ്ങളില്‍ ലഭ്യമാകുന്ന വാച്ചുകളില്‍ വയര്‍ലെസ് ചാര്‍ജിങ്ങുമുണ്ട്.

സാംസങ് ഗാലക്‌സി വാച്ച് 5 ന് വില തുടങ്ങുന്നത് 279 ഡോളറിലാണ് ( ഏകദേശം 22,166 രൂപ). ഇതിന്റെ എല്‍ടിഇ പതിപ്പിന് 329 ഡോളര്‍ (26,130 രൂപ ) ആണ് വില.

ഗാലക്‌സി വാച്ച് 5 പ്രോയുടെ വില തുടങ്ങുന്നത് 449 ഡോളറിലാണ് (35,600 രൂപ). എല്‍ടിഇ പതിപ്പിന് 499 ഡോളറാണ് (36900 രൂപ).

രണ്ട് വാച്ചുകളും ഓഗസ്റ്റ് 10 മുതല്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനാവും. ഓഗസ്റ്റ് 26 മുതലാണ് വില്‍പന ആരംഭിക്കുക.

ഗാലക്‌സി വാച്ച് 5 ന് 44mm, 40 mm എന്നിങ്ങനെ രണ്ട് കളര്‍ വേരിയന്റുകളുണ്ട്. ഇവയ്ക്ക് യഥാക്രമം 1.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 1.2 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും ആണുള്ളത്.
ഗാലക്‌സി വാച്ച് 5 പ്രോയ്ക്ക് 1.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഫുള്‍ കളര്‍ ഓള്‍വേയ്‌സ് ഓണ്‍ ഡിസ്‌പ്ലേയാണുള്ളത്.

രണ്ട് വാച്ചുകളിലും എക്‌സിനോസ് W920 ഡ്യുവല്‍-കോര്‍ ചിപ്പ്‌സെറ്റ് ആണുള്ളത്. 1.5 ജിബി റാമും 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമാണിതില്‍.

ഓപ്റ്റിക്കല്‍ ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ബയോ ഇലക്ട്രിക്കല്‍ ഇംപെഡന്‍സ് അനാലിസിസ്, ടെമ്പറേച്ചര്‍, ബാരോമീറ്റര്‍, ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ് സെന്‍സര്‍ ഉള്‍പ്പടെയുള്ള സെന്‍സറുകള്‍ വാച്ചുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതിവേഗ ചാര്‍ജിങ് സൗകര്യവും ഈ വാച്ചുകളിലുണ്ട്. ഗാലക്‌സി വാച്ച് 5 ന്റെ 44mm പതിപ്പില്‍ 410 എംഎഎച്ച് ബാറ്ററിയും 40mm പതിപ്പില്‍ 284 എംഎഎച്ച് ബാറ്ററിയുമാണുള്ളത്. ഗാലക്‌സി വാച്ച് 5 പ്രോയില്‍ 590 എംഎഎച്ച് ബാറ്ററിയുണ്ട്.

Top