സാംസങിന്റെ ഗാലക്സി ടാബ് എസ്6 ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍

സാംസങിന്റെ ഗാലക്സി ടാബ് എസ്6 ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സാംസങിന്റെ എസ് പെന്‍ കൂടെയുള്ള ടാബിന് 10.4 ഇഞ്ച് ഡിസ്പ്ലേയാണ് ഉള്ളത്. അംഗോറ ബ്ലൂ, ഷിഫോണ്‍ പിങ്ക്, ഓക്ഫഡ് ഗ്രേ നിറങ്ങളില്‍ ടാബ് വിപണിയിലെത്തുക. വൈഫൈ, എല്‍ടിഇ സൗകര്യങ്ങളോടെയെത്തുന്ന ഫോണില്‍ സാംസങ് കിഡ്സ് മോഡും ബിക്സ്ബി അസിസ്റ്റന്റ് സൗകര്യവും ലഭിക്കും.

സാംസങ് ഗാലക്സി എസ് 6 ലൈറ്റിന്റെ വൈഫൈ മാത്രമുള്ള പതിപ്പിന് 27999 രൂപയാണ് വില. എല്‍ടിഇ സൗകര്യം കൂടിയുള്ള പതിപ്പിന് 31,999 രൂപയാണ്. ജൂണ്‍ 17 മുതല്‍ ആമസോണിലും സാംസംങ് ഇന്ത്യ ഇ-സ്റ്റോറിലും ടാബ് വില്‍പനയ്ക്കെത്തും. അതേസമയം രാജ്യത്തെ തിരഞ്ഞെടുത്ത റീടെയില്‍ സ്റ്റോറുകളിലും എല്‍ടിഇ പതിപ്പ് വില്‍പനയ്ക്കെത്തും.

ലോഞ്ച് ഓഫറിന്റെ ഭാഗമായി മുന്‍ കൂര്‍ ബുക്ക് ചെയ്ത് ഗാലക്സി ടാബ് എസ് 6 ലൈറ്റ് വാങ്ങുന്നവര്‍ക്ക് 11,900 രൂപയുടെ ഗാലക്സി ബഡ്സ്. 2999 രൂപയ്ക്കും 4999 രൂപ വിലയുള്ള ഗാലക്സി ടാബ് എസ് 6 ലൈറ്റ് ബുക്ക് കവര്‍ 2500 രൂപയ്ക്കും ലഭിക്കും.

ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 2.0 ആണ് ടാബിലുള്ളത്. 10.4 ഇഞ്ച് WUXGA TFT ഡിസ്പ്ലേ യുള്ള ടാബില്‍ ഒക്ടാകോര്‍ പ്രൊസസര്‍ ചിപ്പാണ് ഉള്ളത്. നാല് ജിബി ആണ് റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ടാബിനുള്ളത്. ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാം.

എട്ട് മെഗാപിക്സലിന്റെ ഒരു ക്യാമറയാണിതില്‍. സെല്‍ഫി ക്യാമറ അഞ്ച് എംപിയുമാണ്. 7040 എംഎഎച്ച് ബാറ്ററിയില്‍ ഒറ്റച്ചാര്‍ജില്‍ 12 മണിക്കൂര്‍ നേരം ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവും.

Top