സാംസങ് ഗാലക്‌സി എം 51 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും

സാംസങ് ഗാലക്സി എം51 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ ഡിവൈസ് ബ്ലാക്ക്, വൈറ്റ് കളര്‍ ഓപ്ഷനുകളിലാണ് ജര്‍മ്മന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലും ഈ കളര്‍ ഓപ്ഷനുകളില്‍ തന്നെയായിരിക്കും ഡിവൈസ് ലഭ്യമാക്കുന്നത്.

സാംസങ് ഗാലക്സി എം51 സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റാണ് ജര്‍മ്മനിയില്‍ അവതരിപ്പിച്ചത്. ഈ ഡിവൈസിന് 360 യൂറോ ആണ് വില. ഇത് ഏകദേശം 31,600 രൂപയോളം വരുന്നു. ഡിവൈസ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലുള്ള വിലയ്ക്കായിരിക്കും.

6.7 ഇഞ്ച് ഫുള്‍ എച്ച്ഡി + സൂപ്പര്‍ അമോലെഡ് പ്ലസ് ഇന്‍ഫിനിറ്റി-ഒ ഡിസ്പ്ലേയാണ് ഗാലക്‌സി എം51 സ്മാര്‍ട്ട്‌ഫോണിന്റെ ഇന്ത്യന്‍ മോഡലില്‍ ഉണ്ടായിരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഹോള്‍-പഞ്ച് ഡിസൈനിലുള്ള ഡിവൈസ് ആന്‍ഡ്രോയിഡ് 10ല്‍ പ്രവര്‍ത്തിക്കും. 6 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730യാണ് ഡിവൈസിന് കരുത്ത് നല്‍കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള സ്ലോട്ടും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഡിവൈസില്‍ ഉണ്ട്.

സ്മാര്‍ട്ട്‌ഫോണിന്റെ പിറകില്‍ നാല് ക്യാമറകളാണ് ഉള്ളത്. ഈ ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 64 മെഗാപിക്‌സല്‍ സെന്‍സറാണ്. എഫ് / 1.8 ലെന്‍സാണ് ഈ സെന്‍സറിനൊപ്പം നല്‍കിയിട്ടുള്ളത്. അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സുള്ള 12 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും മാക്രോ ലെന്‍സുള്ള 5 മെഗാപിക്‌സല്‍ സെന്‍സറും ഡിവൈസില്‍ സാംസങ് നല്‍കിയിട്ടുണ്ട്. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളിങിനുമായി 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് നല്‍കിയിട്ടുള്ളത്.

ഗാലക്സി എം51 സ്മാര്‍ട്ട്‌ഫോണില്‍ 4ജി എല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകള്‍ സാംസങ് നല്‍കിയിട്ടുണ്ട്. ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത വലിയ 7,000 എംഎഎച്ച് ബാറ്ററി യൂണിറ്റാണ്.

Top