ഗ്യാലക്‌സി എ22എസ് 5ജി വിപണിയില്‍ അവതരിപ്പിച്ചു !

സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഗ്യാലക്‌സി എ22എസ് 5ജി റഷ്യയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സാംസങ് ഗ്യാലക്സി എ 22 5ജിയുടെ പരിഷ്‌കരിച്ച മോഡലാണിത്. 48 മെഗാപിക്‌സലിന്റെ സെന്‍സറുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് സാംസങ് ഗ്യാലക്സി എ22എസ് 5ജി വരുന്നത്.
എന്നാല്‍, ഗ്യാലക്‌സി എ22എസ് 5ജിയുടെ വിലയും ലഭ്യതയും പ്രഖ്യാപിച്ചിട്ടില്ല. മിന്റ്, ഗ്രേ, വൈറ്റ് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നീ രണ്ട് കോണ്‍ഫിഗറേഷനുകളിലാണ് ഗ്യാലക്‌സി എ22എസ് 5ജി വരുന്നത്.

ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ-ല്‍ പ്രവര്‍ത്തിക്കുന്ന ഗ്യാലക്‌സി എ22എസ് 5ജിയില്‍ 6.6-ഇഞ്ച് ഫുള്‍-എച്ച്ഡി പ്ലസ് (1,080×2,408 പിക്സല്‍) ടിഎഫ്ടി എല്‍സിഡി ഡിസ്പ്ലേയാണുള്ളത്. ഡിസ്‌പ്ലേക്ക് വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ചും 90Hz റിഫ്രഷ് റേറ്റും ഉണ്ട്. 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഡയമെന്‍സിറ്റി 700 പ്രോസസര്‍ ആണ് ഫോണ്‍ നല്‍കുന്നത്. 64 ജിബി, 128 ജിബി ആണ് സ്റ്റോറേജ് ഓപ്ഷനുകള്‍. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് (1ടിബി വരെ) ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാം.

ഗ്യാലക്‌സി എ22എസ് 5ജി യില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. ഇതില്‍ f/1.8 അപ്പേര്‍ച്ചറുള്ള 48-മെഗാപിക്‌സലിന്റേതാണ് പ്രധാന ക്യാമറ, f/2.2 അപ്പേര്‍ച്ചറുള്ള 5-മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, മൂന്നാമത്തേത് f/2.4 അപ്പേര്‍ച്ചര്‍ ഉള്ള 2-മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവയാണ്. മുന്നില്‍ f/2.0 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. 10x ഡിജിറ്റല്‍ സൂം, എച്ച്ഡി റെസലൂഷനോട് കൂടിയ 120fps സ്ലോ മോഷന്‍ വിഡിയോ എന്നിവ പിന്‍ ക്യാമറയുടെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ഗ്യാലക്‌സി എ22എസ് 5ജിയില്‍ 15W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയുണ്ട്. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 3.5എംഎം ഓഡിയോ ജാക്ക്, വൈ-ഫൈ 802.11 ac, വൈ-ഫൈ ഡയറക്ട്, എന്‍എഫ്‌സി, ബ്ലൂടൂത്ത് v5.0 എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Top