സാംസങ് ഗാലക്‌സി നോട്ട് 20, ഗാലക്‌സി നോട്ട് 20 അള്‍ട്രാ എന്നിവയുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

സാംസങ് ഗാലക്സി നോട്ട് 20, ഗാലക്സി നോട്ട് 20 അള്‍ട്രാ എന്നിവയുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു. ഇന്ത്യയില്‍ സാംസങ് ഗാലക്സി നോട്ട് 20 സ്മാര്‍ട്ട്‌ഫോണിന്റെ 256 ജിബി സ്റ്റോറേജുള്ള 4ജി വേരിയന്റിന് 77,999 രൂപയാണ് വില. ഗാലക്സി നോട്ട് 20 അള്‍ട്രയുടെ 5ജിയുടെ 256 ജിബി സ്റ്റോറേജ് മോഡലിന് 1,04,999 രൂപ വിലയുണ്ട്. ഈ ഡിവൈസുകളുടെപ്രീ ബുക്കിങ് സാംസങിന്റെ സൈറ്റിലൂടെയും വിവിധ ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലൂടെയും ആരംഭിച്ചു.

ഗാലക്‌സി നോട്ട് 20 പ്രീ-ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 6,000 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. ഗാലക്സി നോട്ട് 20 അള്‍ട്രാ 5 ജി പ്രീ-ബുക്കിംങ് ചെയ്യുന്നവര്‍ക്ക് 9,000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറാണ് നല്‍കുന്നത്. നിലവില്‍ ഗാലക്സി ഡിവൈസ് ഉപയോഗിക്കുന്നവര്‍ക്ക് ഡിവൈസ് അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ 5,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും.

ഗാലക്സി നോട്ട് 20 പ്രീ-ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 7,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമുണ്ട്. ഗാലക്‌സി നോട്ട് 20 അള്‍ട്രാ 5ജി പ്രീ ബുക്ക് ചെയ്യുന്നവര്‍ക്ക് 10,000 രൂപയുടെ ആനുകൂല്യങ്ങളും നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഗാലക്‌സി നോട്ട് 20 മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോണ്‍സ്, മിസ്റ്റിക് ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാകും. ഗാലക്‌സി നോട്ട് 20 അള്‍ട്ര മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോണ്‍സ്, മിസ്റ്റിക് വൈറ്റ് കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാവുക. രണ്ട് പുതിയ മോഡലുകളും ഓഗസ്റ്റ് 21 മുതല്‍ വില്‍പ്പനയ്ക്കെത്തും.

സാംസങ് ഗാലക്സി നോട്ട് 20 സ്മാര്‍ട്ട്‌ഫോണ്‍ 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,400 പിക്സല്‍) സൂപ്പര്‍ അമോലെഡ് ഫ്‌ലാറ്റ് ഡിസ്പ്ലേയുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിസ്‌പ്ലെയ്ക്ക് 20: 9 ആസ്പാക്ട്‌റേഷിയോവാണ് ഉള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865, എക്സിനോസ് 990 SoC എന്നീ രണ്ട് പ്രോസസര്‍ ഓപ്ഷനുകളില്‍ ഡിവൈസ് ലഭ്യമാണ്. തിരഞ്ഞെടുത്ത വിപണികളില്‍ ഫോണിന് 5ജി സപ്പോര്‍ട്ടും ഉണ്ട്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമാണ് ഡിവൈസില്‍ ഉള്ളത്.

ഗാലക്സി നോട്ട് 20 ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. അതില്‍ 12 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സറും 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടറും 3x ഒപ്റ്റിക്കല്‍ സൂമുള്ള 64 മെഗാപിക്‌സല്‍ ഷൂട്ടറുമാണ് ഉള്ളത്. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളിങിനുമായി 10 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറാണ് നല്‍കിയിട്ടുള്ളത്.

Top