കാട്ടിനുള്ളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട് ഫോണ്‍ നല്‍കി സംസ്‌കാര സാഹിതിയുടെ ഗോത്രജ്യോതി

നിലമ്പൂര്‍: വനത്തിനുള്ളിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട് ഫോണ്‍ നല്‍കി സംസ്‌കാര സാഹിതിയുടെ ഗോത്രജ്യോതി പഠനസഹായ പദ്ധതി. നിലമ്പൂര്‍ വനമേഖലയിലെ വിവിധ കോളനികളിലെ വിദ്യാര്‍ഥികള്‍ക്കായി ഇരുനൂറോളം സ്മാര്‍ട്ട് ഫോണുകളാണ് ‘ഗോത്ര ജ്യോതി’യിലൂടെ നല്‍കുന്നത്.

മുണ്ടരി ഉള്‍വനത്തിലെ വാണിയംപുഴ, കുമ്പളപ്പാറ, തിരപ്പ പൊട്ടി, ഇരുട്ടുകുത്തി കോളനികളിലെ 48 വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ വിതരണം ചെയ്ത് സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

കാലവര്‍ഷത്തില്‍ ചാലിയാര്‍ നിറഞ്ഞതോടെ ഈ കോളനികളിലുള്ളവര്‍ ഒറ്റപ്പെട്ടാണ് കഴിയുന്നത്. ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘം അഗ്നി രക്ഷാ സേനയുടെ ബോട്ടിലാണ് പുഴകടന്ന് കോളനിയിലെത്തി വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ നല്‍കിയത്. നെടുങ്കയം, പുഞ്ചക്കൊല്ലി, അളയ്ക്കല്‍ തുടങ്ങിയ മറ്റു കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക് അടുത്ത ദിവസം ഫോണ്‍ വിതരണം ചെയ്യും.

സ്‌കൂള്‍ തുറന്ന് ഒന്നര മാസം പിന്നിട്ടിട്ടും ഗോത്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം എത്താഞ്ഞതോടെയാണ് സംസ്‌കാര സാഹിതി ഗോത്രജ്യോതി പദ്ധതിയുമായി പഠനസഹായത്തിനെത്തിയത്. ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ചു. വാസു ശാന്തിഗ്രാം, നിഖില്‍ ഇരുട്ടുകുത്തി, സുമ വാണിയമ്പുഴ, ശശി വാണിയമ്പുഴ, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഷാജി, യൂസഫ് കാളിമഠത്തില്‍, ടി.എം.എസ് ആസിഫ് എന്നിവർ പ്രസംഗിച്ചു.

 

Top