തലസ്ഥാനത്ത് നിപ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 2 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ട് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. കാട്ടാക്കട സ്വദേശിനിയുടെയും മെഡിക്കല്‍ കോളജിലെ ഒരു വിദ്യാര്‍ത്ഥിയുടെയും സാമ്പിളുകളാണ് അയക്കുന്നത്. കാട്ടാകട സ്വദേശിനിയുടെ അടുത്ത ബന്ധുക്കള്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു. പിന്നാലെ ഇവര്‍ക്ക് പനിയുണ്ടായി. മുന്‍കരുതല്‍ എന്ന നിലയില്‍ ഇവരെ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലേക്ക് മാറ്റി. കോഴിക്കോട് നിന്ന് വന്ന മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയെയാണ് രണ്ടാമതായി പനിയെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കിയത്. രണ്ട് പേരുടെ സാമ്പിളും തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.

അതേ സമയം കോഴിക്കോട്ട് നിപാ ഹൈറിസ്‌ക് സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട പതിനൊന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. നിപ ബാധിച്ച് മരിച്ച കോഴിക്കോട് മരുതോങ്കര സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ പെട്ട പതിനൊന്ന് പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ പരിശോധനക്കയച്ചതില്‍ 94 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. നിപാ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പത് വയസുകാരന്റെ ആരോഗ്യ നില മെച്ചപ്പെട്ടു.

Top