സ്വയം നന്നായിട്ട് മതി ഭക്തിയെന്ന് മോദിയോട് ശിവസേന

മുംബൈ:പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദ്വാര സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്ന. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ ചെവി കൊടുക്കാതെ മോദി ഗുരുദ്വാര സന്ദര്‍ശിച്ചതിനെയാണ് സാമ്‌ന രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. അവനവന്റെ ചിന്തയില്‍ മാറ്റം വരുത്താതെയുള്ള ദൈവഭക്തിയില്‍ കാര്യമൊന്നുമില്ലെന്നാണ് സിഖ് മതത്തില്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സാമ്നയുടെ വിമര്‍ശനം.

”നരേന്ദ്ര മോദി ഗുരുദ്വാര സന്ദര്‍ശിക്കുമ്പോള്‍ ‘ഗുര്‍ബാനി’ പാരായണം ചെയ്യുന്നുണ്ടായിരുന്നു. മതഗ്രന്ഥത്തില്‍ എന്താണ് പറയുന്നതെന്ന് മനസിലാക്കാതെ അത് എത്ര തവണ വായിച്ചിട്ടും കാര്യമില്ലെന്നും ഗുര്‍ബാനിയില്‍ പറയുന്നുണ്ട്. ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരും ഇതേ ഗുരുവില്‍ നിന്ന് തന്നെ പ്രചോദനമുള്‍ക്കൊണ്ടവരാണ്. ഇതില്‍ ആരു വിജയിക്കുമെന്നത് കണ്ടറിയണം” സാമ്നയില്‍ എഴുതി.

ഡിസംബര്‍ 20 നാണ് നരേന്ദ്ര മോദി ഗുരദ്വാര സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. കര്‍ഷക സമരം ശക്തമാകുന്നതിനിടെയാണ് അപ്രതീക്ഷിതമായി മോദി സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ദല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശിച്ചത്. നേരത്തെ നിശ്ചയിക്കപ്പെടാത്തതിനാല്‍ സന്ദര്‍ശന സമയത്ത് ഗുരുദ്വാരയില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കര്‍ഷക പ്രതിഷേധം കേന്ദ്രത്തിന്റെ കയ്യിലൊതുങ്ങില്ലെന്ന് മനസ്സിലായതോടെ പ്രതിഷേധിക്കുന്ന സിഖ് കര്‍ഷകരെ പ്രീതിപ്പെടുത്താനാണ് മോദിയുടെ ഈ നീക്കമെന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മോദി പറഞ്ഞിരുന്നെങ്കിലും അതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല.

Top