സമീര്‍ വാങ്കഡെ ബിജെപിയുടെ കളിപ്പാവയോ; ആര്യന്റെ ലഹരിക്കേസില്‍ മുംബൈ പൊലീസ് മേധാവിക്ക് കത്ത്

മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി പാര്‍ട്ടിക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പണം ആവശ്യപ്പെട്ടെന്ന ആരോപണം നിഷേധിച്ച് ഉദ്യോഗസ്ഥര്‍. ഉന്നത ഉദ്യോഗസ്ഥനും ഇടനിലക്കാരനും 25 കോടി രൂപ ഷാറുഖില്‍നിന്ന് ആവശ്യപ്പെട്ടെന്നാണ് സാക്ഷിയുടെ വെളിപ്പെടുത്തല്‍.

25 കോടി ചോദിച്ചെങ്കിലും 18നു തീര്‍പ്പാക്കാമെന്നും 8 കോടി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് ഉള്ളതാണെന്നും ഒത്തുതീര്‍പ്പിനു മുന്‍കൈ എടുത്ത പ്രധാന സാക്ഷി കെ.പി.ഗോസാവി ഫോണില്‍ പറയുന്നതു കേട്ടു എന്നാണു മറ്റൊരു സാക്ഷിയായ പ്രഭാകര്‍ സയിലിന്റെ വെളിപ്പെടുത്തല്‍.

മാത്രമല്ല, ഗോസാവിയുടെ സുഹൃത്തായ സാം ഡിസൂസയില്‍നിന്നും 38 ലക്ഷം രൂപ കൈപ്പറ്റിയത് താനാണെന്നും, അന്വേഷണ ഉദ്യോഗസ്ഥര്‍ ഒന്നും എഴുതാത്ത വെള്ളക്കടലാസില്‍ ഒപ്പിട്ടുവാങ്ങിച്ചെന്നും പ്രഭാകര്‍ പറഞ്ഞു.

അതേസമയം, നിയമ നടപടികളെ തകിടം മറിക്കാനും തന്നെ കുടുക്കാനുമാണ് നീക്കം നടക്കുന്നതെന്നാരോപിച്ച് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ മുംബൈ പൊലീസ് മേധാവിക്ക് കത്തയച്ചു. ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രഭാകറിന്റെ മൊഴിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രഭാകറിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ അഭിഭാഷകനായ ജയന്ത് വസിഷ്ഠ്, ആര്യന്‍ ഖാനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ആരോപിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. ബിജെപിയുടെ പാവയാണ് സമീര്‍ വാങ്കഡെയെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വാങ്കഡെയുടെ ജോലി നഷ്ടമാകുമെന്നും കള്ളക്കേസ് ചുമത്തിയതിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top