ആര്യന്‍ ഉള്‍പ്പെട്ട ലഹരിവേട്ട നിയമപ്രകാരം, എന്‍സിപി നേതാവിനു മറുപടിയുമായി സമീര്‍ വാന്‍ഖഡേ

മുംബൈ: ആഡംബര കപ്പലിലെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ലഹരിമരുന്നു വേട്ട വ്യാജമെന്ന മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിന്റെ ആരോപണം നിഷേധിച്ച് എന്‍സിബി മുംബൈ ഡയറക്ടര്‍ സമീര്‍ വാന്‍ഖഡേ.

എല്ലാ നടപടികളും കൈക്കൊണ്ടത് നിയമത്തിന്റെ പരിധിയില്‍നിന്നുകൊണ്ടാണെന്നും, നിയമപ്രകാരം തന്നെയാണ് റെയ്ഡ് നടപടികളെന്നും സമീര്‍ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയിരുന്നെന്നും കേസില്‍ സാക്ഷികളായി ഒന്‍പതാളുകളുടെ പേരാണ് നല്‍കിയിരിക്കുന്നത്. എല്ലാക്കാര്യങ്ങളും ചെയ്തത് നിയമത്തിന്റെ പരിധിക്കുള്ളില്‍നിന്നു തന്നെയാണെന്ന് സമീര്‍ വാന്‍ഖഡേ പ്രതികരിച്ചു.

നേരത്തെ, ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റില്‍ വിവാദ വെളിപ്പെടുത്തലുമായി എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് രംഗത്തുവന്നിരുന്നു. ആര്യന്‍ ഖാനെയും ലഹരി വസ്തു ഇടപാടില്‍ കുറ്റാരോപിതനായ അര്‍ബാസ് മെര്‍ച്ചന്റിനെയും മുംബൈയിലെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലേക്ക് (എന്‍സിബി) അനുഗമിച്ചത് സ്വകാര്യ വ്യക്തികളാണെന്നും എന്‍സിബി ഉദ്യോഗസ്ഥരല്ലെന്നുമാണ് നവാബ് മാലിക് ചൂണ്ടിക്കാട്ടുന്നത്. മഹാരാഷ്ട്ര സംസ്ഥാനത്തെയും ബോളിവുഡ് വ്യവസായത്തെയും താഴ്ത്തിക്കെട്ടാനായി ബിജെപിയും എന്‍സിബിയും ചേര്‍ന്നൊരുക്കിയ നാടകമാണ് ആര്യന്റെ അറസ്റ്റെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍, എന്‍സിബിയും ബിജെപിയും ആരോപണം നിഷേധിച്ചു. ആര്യനൊപ്പം ഓഫിസില്‍ എത്തിയവര്‍ 9 സ്വതന്ത്ര ദൃക്‌സാക്ഷികളില്‍ ഉള്‍പ്പെട്ടവരാണെന്ന് എന്‍സിബി പിന്നീടു പ്രതികരിച്ചു.

ആര്യനൊപ്പം ഉണ്ടായിരുന്നത് ബിജെപി ഭാരവാഹിയെന്ന് അവകാശപ്പെടുന്ന മനീഷ് ഭാനുശാലി, സ്വകാര്യ ഡിക്റ്റക്ടീവാണെന്ന് അവകാശപ്പെടുന്ന കെ.പി. ഗോസാവി എന്നിവരാണെന്നും മാലിക് ആരോപിക്കുന്നു. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള വിഡിയോ ദൃശ്യങ്ങളും അദ്ദേഹം ഹാജരാക്കി.

കെ.പി. ഗോസാവി ആര്യനെ എന്‍സിബി ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാക്കുന്നതും, മനീഷ് ഭാനുശാലി അര്‍ബാസ് മെര്‍ച്ചന്റിനെ എന്‍സിബി ഓഫിസിലേക്കു കൊണ്ടുവരുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം. വിഐപികള്‍ ഉള്‍പ്പെട്ട ‘നിര്‍ണായക’ ലഹരി ഇടപാടു കേസില്‍ 2 സ്വകാര്യ വ്യക്തികളെ ഇടപെടുത്തേണ്ട കാര്യം എന്താണെന്നും മാലിക് ചോദിച്ചു. ഇരുവരുമായുള്ള ബന്ധമെന്തെന്നു ബിജെപി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആര്യന്റെ അറസ്റ്റ് ഞായറാഴ്ച ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിനു മുന്‍പും ആര്യനൊപ്പം ഗോസാവി ചിത്രീകരിച്ച വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിഡിയോ ചിത്രീകരിച്ചത് എന്‍സിബി ഉദ്യോഗസ്ഥന്‍തന്നെയാണെന്നു കരുതി ഒട്ടേറെ ആളുകള്‍ ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഗോസാവി എന്‍സിബി ഉദ്യോഗസ്ഥനല്ലെന്നു സ്ഥിരീകരിച്ച് എന്‍സിബിയും കുറിപ്പിറക്കി.

‘മനീഷ് ഭാനുശാലിയുടെ ഫെയ്‌സ്ബുക് പേജിലെ വിവരങ്ങള്‍ പ്രകാരം അദ്ദേഹം ബിജെപി വൈസ് പ്രസിഡന്റ്മാരില്‍ ഒരാളാണ്. പ്രധാമന്ത്രി നരേന്ദ്ര മോദി, മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, മറ്റു മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുന്ന ചിത്രങ്ങളും അക്കൗണ്ടിലുണ്ടെന്നും മാലിക് ആരോപിച്ചു. കേന്ദ്രത്തില്‍ ഭരണത്തിലുള്ള ബിജെപി എന്‍സിബിയുമായി ചേര്‍ന്ന് മഹാരാഷ്ട്ര സംസ്ഥാനത്തെയും ബോളിവുഡ് വ്യവസായത്തെയും താഴ്ത്തിക്കെട്ടാനുള്ള ശ്രമമാണു നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top