ഉന്നതരടക്കമുള്ള കയ്യേറ്റക്കാരോട് ഒരേ നിലപാട്, ഒഴിപ്പിക്കല്‍ ഹൈക്കോടതി ഉത്തരവനുസരിച്ച്; മന്ത്രി കെ രാജന്‍

ഇടുക്കി: മൂന്നാറിലെ ഉന്നതരടക്കമുള്ള കയ്യേറ്റക്കാരോട് ഒരേ നിലപാടാണെന്ന് ആവര്‍ത്തിക്കുകയാണ് റവന്യൂ മന്ത്രി കെ രാജന്‍. കയ്യേറ്റം ഒഴിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും കാരണം ഉണ്ടാകുമെന്ന് എംഎം മണിയും പറഞ്ഞു. ദൗത്യ സംഘത്തിന് കയ്യേറ്റം ഒഴിപ്പിക്കല്‍ എളുപ്പമാകില്ലെന്നതിന്റെ സൂചനയാണ് നാട്ടുകാരുടെ പ്രതിഷേധം.

ഹൈക്കോടതി ഉത്തരവനുസരിച്ചാണ് ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി എന്നാണ് മന്ത്രി കെ രാജന്‍ പറഞ്ഞത്. ഒഴിപ്പിക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. ഉന്നതരിലേക്ക് ദൗത്യ സംഘം എത്തും. കയ്യേറ്റവും കുടിയേറ്റവും ഒന്നല്ലന്നും,രണ്ടു പേരോടും സര്‍ക്കാരിന് ഒരേ നിലപാട് അല്ലന്നും മന്ത്രി പറഞ്ഞു.

നോട്ടീസ് നല്‍കിയിട്ടും സ്ഥലമുടമ ടിജു, കോടതിയെ സമീപിക്കാത്തതില്‍ ദുരൂഹത ഉണ്ടന്ന് പറഞ്ഞ എംഎം മണി ജനങ്ങളുടെ പ്രതിഷേധം ന്യായമാണെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും വ്യക്തമാക്കി. കയ്യേറ്റം ഒഴിപ്പിക്കലില്‍ ഭിന്നഭിപ്രായമുള്ളവര്‍ പറയട്ടെ എന്നായിരുന്നു എംഎം മണിക്ക് കെ രാജന്റെ മറുപടി. വരും ദിവസങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടിയുമായി ദൗത്യസംഘം മുന്നോട്ടുപോകുമ്പോള്‍ ദിന്നാഭിപ്രായം മറികടക്കുന്നത് വെല്ലുവിളിയാകും.

Top