യൂണികോണിന്റെ അതേ എഞ്ചിൻ; പുതിയ 160 സിസി മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

പുതിയ 160 സിസി മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ഒരുങ്ങി ജാപ്പനീസ് ഇരുചക്ര ഭീമൻമാരായ ഹോണ്ട. യൂണികോണിന്റെ അതേ എഞ്ചിനും ഷാസി പ്ലാറ്റ്ഫോമും അടിസ്ഥാനമാക്കിയുള്ള SP160 ഉടൻ തന്നെ ഹോണ്ട അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 125 സിസി വിഭാഗത്തിൽ ജനപ്രിയമായ SP നാമം കടമെടുത്താവും ഈ മോട്ടോർസൈക്കിളും വരികയെന്നാണ് അനുമാനം.

എഞ്ചിൻ മാത്രം യൂണികോണിൽ നിന്നും കടമെടുക്കും. 162.7 സിസി സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് എഞ്ചിന് 7,500 rpm-ൽ 12.9 bhp പവറും 5,500 rpm-ൽ 14 Nm torque ഉം ഉത്പാദിപ്പിക്കാനാവും. ഇത് അഞ്ച് സ്പീഡ് ഗിയർബോക്സുമായാവും ജോടിയാക്കുക. SP160 യുണികോണിൽ നിന്ന് വ്യത്യസ്തമാകുന്നതിനായി ഇതിന് അല്പം ചെറിയ 12 ലിറ്റർ ഫ്യുവൽ ടാങ്കായിരിക്കും സമ്മാനിക്കുക. എന്നാൽ ഇതിന് 2 കിലോഗ്രാം കൂടുതൽ ഭാരമുണ്ട്. അങ്ങനെ മൊത്തത്തിൽ 141 കിലോഗ്രാം ഭാരമായിരിക്കും വരാനിരിക്കുന്ന 160 സിസി ബൈക്കിനുണ്ടാവുക. യുണികോണിന്റെ 18 ഇഞ്ചുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ SP160 മോഡലിന് 17 ഇഞ്ച് വീലുകളായിരിക്കും ഉണ്ടായിരിക്കുക.

വ്യത്യസ്ത ബ്രേക്കിംഗ് ഹാർഡ്വെയറുകളുള്ള SP125 മോഡലിന് സമാനമായ രീതിയിൽ പുതിയ ബൈക്കും മൊത്തം രണ്ട് വേരിയന്റുകളിൽ വിപണനത്തിന് എത്തിയേക്കാം. 1.15 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയായിരിക്കും ഇതിനുണ്ടാവുകയെന്നാണ് അനുമാനം. നിലവിൽ ഹോണ്ട യൂണികോണിന് ഏകദേശം 1.10 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. 10 വർഷത്തെ വാറണ്ടിയും മോട്ടോർസൈക്കിളിനുണ്ടാവുമെന്നത് ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കുന്ന കാര്യമാണ്.

Top