ഗാന്ധി കുടുംബത്തിന്റെ ആത്മാവില്‍ അഴിമതി, ലാഭത്തിന് അപ്പുറം ചിന്തയില്ല; രാഹുലിനെ കുത്തി ബിജെപി

2019 ഫെബ്രുവരി 14ന് പുല്‍വാമ ഭീകരാക്രമണത്തില്‍ നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് എതിരെ ബിജെപി. ഭീരുത്വം നിറഞ്ഞ ആക്രമണമാണ് നടന്നത്, എന്നാല്‍ ഇതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയത് ഭീരുത്വമാര്‍ന്ന പ്രതികരണമാണ്, ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു.

‘അന്ന് നടന്നത് ഭീരുത്വമാര്‍ന്ന അക്രമമാണ്. ഇത് ഭീരുത്വം നിറഞ്ഞ പ്രതികരണവും. ആര്‍ക്കാണ് ഏറ്റവും ലാഭം? രാഹുല്‍ ഗാന്ധിക്ക് ലാഭത്തിന് അപ്പുറത്ത് ചിന്തിക്കാന്‍ കഴിയുമോ? ഒരിക്കലും കഴിയില്ല. ഇപ്പറയുന്ന ഗാന്ധി കുടുംബത്തിന് ലാഭത്തിന് അപ്പുറത്തേക്ക് ചിന്തിക്കാന്‍ കഴിയില്ല. അഴിമതിയില്‍ സുഖം കണ്ടെത്തുന്നവരാണെന്ന് മാത്രമല്ല, അവരുടെ ആത്മാവ് തന്നെ അഴിമതി നിറഞ്ഞതാണ്’, സാംബിത് പത്ര മറുപടി ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധി പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് ഇന്ന് പങ്കുവെച്ച ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു സാംബിത് പത്ര. ‘പുല്‍വാമ അക്രമത്തില്‍ രക്തസാക്ഷികളായ 40 സിആര്‍പിഎഫ് ജവാന്‍മാരെ സ്മരിക്കുമ്പോള്‍ നമുക്ക് ചോദിക്കാം 1) ഈ ആക്രമണത്തിന്റെ ലാഭം ഏറ്റവും കൂടുതല്‍ ലഭിച്ചത് ആര്‍ക്കാണ്? 2) അക്രമം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെ ഫലം എന്ത്? 3) അക്രമത്തിന് വഴിയൊരുക്കിയ സുരക്ഷാ വീഴ്ചകള്‍ക്ക് ബിജെപി സര്‍ക്കാരിലെ ആരെയാണ് ഉത്തരവാദിയാക്കിയത്?’, രാഹുലിന്റെ ട്വീറ്റില്‍ ചോദിച്ചു.

പുല്‍വാമയില്‍ ഭീകരന്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഭീകരാക്രമണം നടത്തിയതിന്റെ ഒന്നാം വാര്‍ഷികമാണ് ഫെബ്രുവരി 14.

Top