സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ അനുവദിക്കില്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ അനുവദിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

സമസ്ത ഒരു മത സംഘടനയാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ സമസ്ത ഇടപെടാറില്ല. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമസ്തയിലുണ്ട്. എന്നാല്‍, സമസ്തയുടെ പേര് രാഷ്ട്രീയ വിവാദങ്ങളിലേക്ക് കൊണ്ടുപോകാന്‍ ആരെയും അനുവദിക്കില്ല. സമസ്തയുടെ നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയ്‌ലില്‍ ചൂണ്ടിക്കാട്ടി.

സമസ്തയുടെ പരമാധികാര ബോഡി സമസ്ത മുശാവറയാണ്. വ്യക്തികളുടെ അഭിപ്രായങ്ങള്‍ സംഘടനയുടെ പേരില്‍ ചാര്‍ത്തരുത്. സമസ്തയുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ അറിയിക്കും. വ്യക്തികള്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ സമസ്തയുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യെപ്പെടരുതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

Top