മുഖ്യമന്ത്രി വിളിച്ചിരുന്നു, പള്ളികളില്‍ പ്രതിഷേധിക്കില്ല; ലീഗിനെ തള്ളി സമസ്ത

കോഴിക്കോട്: വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതില്‍ പള്ളികളില്‍ പ്രതിഷേധിക്കണമെന്ന മുസ്ലിംലീഗ് നിലപാട് തള്ളി സമസ്ത. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധത കാണിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ആ രീതിയിലുള്ള പ്രതിഷേധം വേണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതില്‍ പ്രതിഷേധമുണ്ട്. അത് വേണ്ടപ്പെട്ടവരെ അറിയിക്കും. പരിഹാരമുണ്ടായില്ലെങ്കില്‍ മറ്റു പ്രതിഷേധങ്ങളിലേക്ക് കടക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാഴ്ച മുമ്പ് ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമം പിഎസ് സിക്ക് വിട്ടതില്‍ സമസ്‌ക്കുള്ള എതിര്‍പ്പ് സംബന്ധിച്ച് നമുക്ക് കൂടിയാലോചിക്കാമെന്ന് അറിയിച്ചിരുന്നു. ഇന്നും അദ്ദേഹം വിളിച്ച് സംസാരിച്ചെന്നും തങ്ങള്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ പ്രതിനിധിയായിട്ട് എളമരം കരീം എം.പിയും സമസ്ത നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതുസംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം വേണമെന്ന് സമസ്ത ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതിഷേധം ഏത് രീതിയിലായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണ്. മാന്യമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തില്‍ നമ്മളും ആ രീതിയില്‍ നീങ്ങേണ്ടതുണ്ട്. പരിഹാരമാര്‍ഗങ്ങളുണ്ടോ എന്നതാണ് ആദ്യം ചിന്തിക്കേണ്ടത്. അതില്ലെങ്കില്‍ പ്രതിഷേധത്തിന് മുന്നില്‍ സമസ്ത ഉണ്ടാകുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

Top