വേദിയിലേക്കു വരുമ്പോള്‍ സ്ത്രീകള്‍ക്ക് സ്വാഭാവികമായും ലജ്ജ ഉണ്ടാവുമല്ലോ; വിശദീകരണവുമായി സമസ്ത

കോഴിക്കോട്: പൊതുവേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയെന്ന വിവാദത്തില്‍ വിശദീകരണവുമായി സമസ്ത. പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും വേദിയിലേക്കു വരാനുള്ള കുട്ടിയുടെ മാനസിക പ്രയാസം മ നസ്സിലാക്കിയാണ് എംടി അബ്ദുല്ല മുസലിയാര്‍ തടഞ്ഞതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തത് സ്വാഭാവിക നടപടിയാണ്. അതിനെ അതിന്റെ വഴിക്കു നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു.

സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്: വേദിയിലേക്കു വരുമ്പോള്‍ സ്ത്രീകള്‍ക്ക് സ്വാഭാവികമായും ലജ്ജ ഉണ്ടാവുമല്ലോ? അങ്ങനെയാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ആ ഒരു ലജ്ജ കുട്ടിക്ക് ഉണ്ടായെന്നു മനസ്സിലായി. ഇനി മറ്റുള്ള കുട്ടികളെയും ഇവിടേക്കു വിളിച്ചു വരുത്തിയാല്‍ അവര്‍ക്കു സന്തോഷത്തിലേറെ പ്രയാസം വരുമോ എന്നു മനസ്സിലാക്കിയിട്ടാണ്, അദ്ദേഹത്തിന് ആധികാരികമായി പറയാന്‍ പറ്റിയ ഒരാളോട് ഇനി വിളിക്കാന്‍ പാടില്ല എന്നു പറഞ്ഞത്. അല്ലാതെ കുട്ടികളെ അപമാനിക്കാന്‍ വേണ്ടിയല്ല. കുട്ടിക്ക് വിഷമം ഇല്ലാതിരിക്കാന്‍ വേണ്ടിയല്ല. കുട്ടിക്ക് വിഷമം ഇല്ലാതിരിക്കാനാണ് അദ്ദേഹം പറഞ്ഞത്. പിന്നെ അദ്ദേഹത്തിന്റെ സംസാര ശൈലി അങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാം.

സമസ്ത മാറണമെന്ന് പുറത്തുള്ളവര്‍ പറയേണ്ട കാര്യമില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കാലോചിതമായാണ് സംഘടനയുടെ പ്രവര്‍ത്തനം. കഥയറിയാതെ ആട്ടം കാണുന്നവരാണ് വിമര്‍ശിക്കുന്നത്. പെണ്‍കുട്ടി അപമാനിക്കപ്പെട്ടു എന്ന പ്രയോഗം തെറ്റാണ്. പെണ്‍കുട്ടി വേദിയിലേക്കു വരുന്നതിനു മുമ്പ് തടഞ്ഞിട്ടില്ല. തടഞ്ഞിരുന്നെങ്കില്‍ അപമാനിച്ചു എന്നു പറയാമായിരുന്നു. അബ്ദുല്ല മുസലിയാരുടെ നടപടിയില്‍ പെണ്‍കുട്ടിക്കോ കുടുംബത്തിനോ പരാതിയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Top