എൽ.ഡി.എഫ് സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ സര്‍ക്കാരാണെന്ന് സമസ്തയ്ക്ക് അഭിപ്രായമില്ല ; ഉമര്‍ ഫൈസി മുക്കം

കോഴിക്കോട്: ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഡല്‍ഹിയിലേക്ക് പോയ പി.കെ കുഞ്ഞാലിക്കുട്ടി ആ പണി തന്നെ തുടരുന്നതാണ് നല്ലതെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു.എൽ.ഡി.എഫ് സര്‍ക്കാര്‍ ഒരു മുസ്‌ലിം വിരുദ്ധ സര്‍ക്കാരാണെന്ന് സമസ്തയ്ക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധം തുടർന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിനെ എതിർക്കും. അവരുമായി കൂട്ട് കൂടിയാല്‍ കൂടിയവര്‍ നശിക്കും.

യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയത് പ്രാദേശിക നീക്കുപോക്കാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയാല്‍ സമസ്ത എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു .മുസ്‌ലിം ലീഗ് യു.ഡി.എഫിന്‍റെ നേതൃത്വം പിടിക്കുകയാണെന്ന ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ വിഴുപ്പലക്കലില്‍ സമസ്തക്ക് പങ്കില്ലെന്ന് അദ്ദേഹംഅഭിപ്രായപ്പെട്ടു. തീവ്രവാദ സ്വഭാവമുള്ള എല്ലാ സംഘടനകളെയും അകറ്റി നിര്‍ത്തണം എന്നാണ് സമസ്തയുടെ നിലപാട്. മതേതര പാരമ്പര്യമുള്ള പാര്‍ട്ടികള്‍ അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.ഒരു സ്വകര്യ ചാനൽ ചർച്ചയിലായിരുന്നു ഉമർ ഫൈസിയുടെ പ്രതികരണം.

Top