ലീഗിന്റെ വോട്ട് ബാങ്കിൽ വിള്ളൽ ശക്തം, മുഖ്യമന്ത്രിക്കൊപ്പം അടിയുറച്ച് സമസ്ത

പൗരത്വ നിയമ ഭേദദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തില്‍ ഇടതുപക്ഷത്തിന് വമ്പന്‍ നേട്ടം. മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കുന്ന ഇ.കെ സമസ്ത സുന്നി വിഭാഗത്തിന്റെ നിലപാടാണ് ഒടുവില്‍ ഇടതിന് അനുകൂലമായിരിക്കുന്നത്. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ അമ്പരന്നിരിക്കുകയാണിപ്പോള്‍ യുഡിഎഫ് നേതൃത്വം.

മുസ്‌ലിംലീഗ് മുമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമായി അടവു നയം സ്വീകരിച്ചപ്പോള്‍ അതിനെ ശക്തമായി പ്രതിരോധിച്ച സംഘടന കൂടിയായിരുന്നു സമസ്ത. ലീഗിന്റെ ഈ വലിയ വോട്ടു ബാങ്കിലാണ് ഇടതുപക്ഷമിപ്പോള്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ തന്നെ കൂടുതല്‍ മദ്രസകള്‍ സമസ്തയുടെ കീഴിലാണ്. ഏറ്റവും കൂടുതല്‍ മദ്രസകളുള്ള വലിയ മുസ്‌ലിം സാമുദായിക സംഘടനയാണ് തങ്ങളുടേതെന്നാണ് സമസ്ത നേതൃത്വവും അവകാശപ്പെടുന്നത്.

മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും ശക്തമായ വോട്ടുബാങ്കാണ് സമസ്ത. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ എ.പി സുന്നിവിഭാഗം സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും പിന്തുണയ്ക്കുമ്പോഴും മലപ്പുറത്ത് ലീഗ് കോട്ടകള്‍ കാത്തിരുന്നത് സമസ്തയുടെ കരുത്തിനാലാണ്.

മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റുമാരാകുന്ന പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ, ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വം അംഗീകരിക്കുന്ന സംഘടനയാണ് സമസ്ത. സമസ്തയുടെ കീഴിലുള്ള വിവിധ സംഘടനകളുടെ തലപ്പത്തും തങ്ങള്‍ കുടുംബത്തില്‍ നിന്നുള്ളവരാണുള്ളത്.

മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടിനെ അംഗീകരിച്ചുപോരാറുള്ള സമസ്ത, സ്വന്തം രാഷ്ട്രീയ നിലപാട് സ്വീകരിക്കുമ്പോഴെല്ലാം ലീഗ് നേതൃത്വം പ്രതിരോധത്തിലാവുകയും സമസ്തക്ക് കീഴ്‌പ്പെടുന്നതുമാണ് ചരിത്രം.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സി.പി.എമ്മുമായി യോജിച്ച പ്രക്ഷോഭം വേണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ ശക്തമായാണ് സമസ്ത എതിര്‍ത്തിരുന്നത്. മുല്ലപ്പള്ളിയുടെ നിലപാടിനെതിരെ യോജിച്ച സമരത്തിനൊപ്പമാണെന്നു വ്യക്തമാക്കിയാണ് സമസ്തയുടെ പത്രം സുപ്രഭാതവും മുഖപ്രസംഗമെഴുതിയിരുന്നത്.

പിണറായിയുടെ നേതൃത്വത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്നു നടത്തിയ ഉപവാസത്തിനു പിന്നാലെ, യോജിച്ച സമരത്തില്‍ നിന്നും പിന്‍വലിയാനുള്ള ലീഗ് നീക്കത്തെ പ്രതിരോധിക്കുന്നതും സമസ്തയാണ്. ഇതോടെ കെ.പി.സി.സി പ്രസിഡന്റിനൊപ്പം നില്‍ക്കാനാവാത്ത അവസ്ഥയിലാണിപ്പോള്‍ ലീഗ് നേതൃത്വമുള്ളത്.

പിണറായിയെയും സി.പി.എമ്മിനെയും ഒരുകാലത്തും അംഗീകരിക്കാതിരുന്ന സമസ്തയാണ് മലപ്പുറത്ത് നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയില്‍ സജീവ സാന്നിധ്യമായത്. പിണറായി ഉദ്ഘാടകനായപ്പോള്‍ ആധ്യക്ഷത വഹിച്ചത് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളായിരുന്നു. കേരളത്തിലെ മുസ്‌ലീങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ടായ ആശങ്ക അകറ്റാന്‍ മുഖ്യമന്ത്രി തയ്യാറായത് ശ്ലാഖനീയമാണെന്നാണ് മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നത്. കാന്തപുരം എ.പി സുന്നി വിഭാഗത്തിന്റെ പ്രമുഖ നേതാവ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളും, മുജാഹിദ് നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍ അടക്കമുള്ള നേതാക്കളും ഈ റാലിയില്‍ പങ്കെടുത്തിരുന്നു.

യു.ഡി.എഫ്, റാലിയില്‍ നിന്ന് വിട്ട് നിന്നെങ്കിലും ചെങ്കൊടികളുമായി ആയിരക്കണക്കിന് സി.പി.എം പ്രവര്‍ത്തകരാണ് റാലിക്കൊഴുകിയെത്തിയത്. ലീഗിന്റെ കോട്ടയായ മലപ്പുറം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമായിരുന്നു പിണറായിയുടെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ സംരക്ഷണ റാലി.

എടുക്കുന്ന നിലപാടില്‍ പിണറായി വിജയന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന വിശ്വാസമാണ് സമസ്ത പങ്കുവെക്കുന്നത്. ഈ നിലപാടിപ്പോള്‍ മറ്റു മുസ്‌ലീം മതസംഘടനകളും ഏറ്റെടുക്കുന്നത് ലീഗ് നേതൃത്വത്തെയാണ് പ്രതിരോധത്തിലാക്കിയിരിക്കുന്നത്. സാധാരണഗതിയില്‍ മുസ്‌ലിം മതസംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയും സംയുക്തയോഗങ്ങളുമെല്ലാം നടക്കുക മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലാണ്. മതപരവും സാമുദായികവുമായ പ്രശ്‌നങ്ങളിലും തീര്‍പ്പുണ്ടാക്കുന്നതും മുസ്‌ലിം ലീഗ് അധ്യക്ഷന്‍മാരായ പാണക്കാട് തങ്ങന്‍മാരുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ഈ നേതൃത്വം പിണറായി വിജയന് കൈമാറപ്പെടുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഇതാണ് ലീഗ് നേതൃത്വത്തെയും ഞെട്ടിച്ചിരിക്കുന്നത്.

പിണറായിയുടെ റാലിയില്‍ അധ്യക്ഷനായ മുത്തുക്കോയ തങ്ങളെ കോഴിക്കോട് കപില്‍ സിബല്‍ പങ്കെടുത്ത യു.ഡി.എഫ് റാലിയില്‍ പങ്കെടുപ്പിക്കാന്‍ ലീഗ് നേതൃത്വത്തിനു കഴിഞ്ഞെങ്കിലും സമസ്തയുടെ പിണറായി അനുകൂല നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല.

സമസ്തയുമായി അടുപ്പമുള്ള മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പിയുടെ ഇടപെടലാണോ സമസ്തയുടെ പിണറായി അനുകൂല നിലപാടുകള്‍ക്ക് പിന്നിലെന്ന ആശങ്കയും ലീഗ് നേതൃത്വത്തിനുണ്ട്.

വഹാബിന് രണ്ടാം വട്ടവും രാജ്യസഭാ അംഗത്വം നല്‍കുന്നതിനെതിരെ യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങളടക്കം പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നിട്ടും വഹാബിന് രാജ്യസഭാംഗത്വം നേടിക്കൊടുത്തത് സമസ്തയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു. വഹാബിന് പകരം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ രാജ്യസഭാംഗമാക്കാനായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയും ലീഗിലെ പ്രബല വിഭാഗവും താല്‍പര്യപ്പെട്ടിരുന്നത്. ഈ തീരുമാനത്തിനൊപ്പമായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരാലി തങ്ങളും നിന്നിരുന്നത്. വഹാബിനെതന്നെ രാജ്യസഭയിലേക്കയക്കണമെന്ന് സമസ്ത ശക്തമായി ആവശ്യപ്പെട്ടതോടെയാണ് ലീഗ് നേതൃത്വത്തിന് വഴങ്ങേണ്ടി വന്നിരുന്നത്. കാന്തപുരം എ.പി സുന്നി വിഭാഗവുമായി ലയനത്തിനുള്ള കുഞ്ഞാലിക്കുട്ടിയുടെയും ലീഗ് നേതൃത്വത്തിന്റെയും നീക്കങ്ങള്‍ക്ക് തടയിട്ടതും സമസ്തയുടെ ഇടപെടലുകളായിരുന്നു.

സി.പി.എം ചാനലായ കൈരളിയുടെ ഡയറക്ടറായിരുന്നു മുമ്പ് പി.വി അബ്ദുല്‍വഹാബ്. പിണറായിയും വഹാബും ചേര്‍ന്നായിരുന്നു ഗള്‍ഫില്‍ കൈരളിക്കായി ഓഹരികള്‍ പിരിച്ചിരുന്നത്. ലീഗില്‍ സമ്മര്‍ദ്ദമുയര്‍ന്നതോടെയാണ് വഹാബ് കൈരളിയുടെ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴും കൈരളിയില്‍ വഹാബിന് ഓഹരികളുണ്ട്.

ലീഗിനെ ഒപ്പം നിര്‍ത്തിയാല്‍ നിയമസഭയില്‍ പിണറായിക്ക് രണ്ടാമൂഴം ഉറപ്പാണ്. ദേശീയ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിലൂടെ ലീഗ് വോട്ട് ബാങ്കായ സമസ്തയുടെ പിന്തുണയും പിണറായി നേടിക്കഴിഞ്ഞു. ലീഗിനെ ഒപ്പം കൂട്ടാന്‍ പ്രത്യയശാസ്ത്രപരമായി സി.പി.എമ്മിനും ഇടതുപക്ഷത്തിനും വിലങ്ങുതടികള്‍ ഏറെയാണ്. മുസ്‌ലിംലീഗ് വര്‍ഗീയ കക്ഷിയെന്ന നിലപാടില്‍ നിന്നും സി.പി.എം ഇതുവരെ പിന്നോക്കംപോയിട്ടില്ല. ഐ.എന്‍.എല്ലിനെ ഇടതുമുന്നണിയിലെടുത്ത സാഹചര്യത്തില്‍ മുസ്ലിംലീഗിനെതിരെ കടുത്ത നിലപാടുവേണ്ടെന്ന വാദം മുന്നണിയിലുമുണ്ട്. ലീഗുമായി സഖ്യമുണ്ടാക്കാമെന്ന ബദല്‍ രേഖ പാര്‍ട്ടിയില്‍ അവതരിപ്പിച്ചതിനാണ് മുമ്പ് എം.വി രാഘവനെ സിപിഎം പുറത്താക്കിയിരുന്നത്.

1967ല്‍ സി.പി.എമ്മിനും സി.പി.ഐക്കുമൊപ്പം സപ്തകക്ഷി മുന്നണിയായി മത്സരിച്ച് മന്ത്രിസഭയില്‍ ചേര്‍ന്ന ചരിത്രമുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗ്. മലപ്പുറം ജില്ലാ രൂപീകരണവും കാലിക്കറ്റ് സര്‍വകലാശാലയുമെല്ലാം ഉണ്ടായത് ഈ മുന്നണി ഭരിക്കുമ്പോഴാണ്. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ശക്തമായ നിലപാടാണ് അന്ന് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. മലപ്പുറം ജില്ലയുണ്ടായാല്‍ അത് ‘കുട്ടിപാക്കിസ്ഥാനാകുമെന്ന’ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എല്ലാഎതിര്‍പ്പുകളും അവഗണിച്ചാണ് ഇ.എം.എസ് മലപ്പുറം ജില്ലാ രൂപീകരണത്തിന് പച്ചക്കൊടി കാട്ടിയിരുന്നത്. മുസ്ലിംലീഗ് ഇടതുപാളയത്തിലെത്തിയ സപ്തകക്ഷി മുന്നണി 133സീറ്റുകളില്‍ 117 സീറ്റുകളും നേടിയാണ് അന്ന് ചരിത്രവിജയം നേടിയിരുന്നത്.

കോണ്‍ഗ്രസിനാവട്ടെ കേവലം ഒമ്പത് സീറ്റിന്റെ നാണംകെട്ട പരാജയവും അക്കാലത്ത് ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. മത്സരിച്ച 15 സീറ്റുകളില്‍ 14 സീറ്റിലും വിജയിക്കാനായെന്ന ചരിത്രനേട്ടവും ആ തെരഞ്ഞെടുപ്പില്‍ ലീഗിനുണ്ടായി. സപ്തമുന്നണി തകര്‍ന്നതോടെ കോണ്‍ഗ്രസ് പാളയത്തിലെത്തിയ ലീഗ് പിന്നീടവിടെ രണ്ടാംകക്ഷിയായി നിലയുറപ്പിക്കുകയാണുണ്ടായത്. ഇടതുമുന്നണിയില്‍, സി.പി.എമ്മിന്റെ സംഘടനാശക്തികൊണ്ടു മാത്രമാണ് സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ നിലവില്‍ വിജയിച്ച് വരുന്നത്.

ലീഗില്ലെങ്കില്‍ കോണ്‍ഗ്രസിന് ഭരണം സ്വപ്‌നം കാണാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കേരള കോണ്‍ഗ്രസിനും ശക്തമായ അടിത്തറയും വോട്ടുബാങ്കും മധ്യകേരളത്തിലുണ്ട്. കേവലം 47 എം.എല്‍മാരുള്ള യു.ഡി.എഫില്‍ 18 സീറ്റും മുസ്ലിംലീഗിന്റേതാണ്. ലീഗിനേക്കാള്‍ കേവലം മൂന്ന് സീറ്റു കൂടുതലായി 21സീറ്റെന്ന പരിതാപകരമായ നിലയിലാണ് നിലവില്‍ കേരളത്തിലെ കോണ്‍ഗ്രസ്.കേരള കോണ്‍ഗ്രസിന് അഞ്ച് സീറ്റും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് ഒരു സീറ്റുമാണുള്ളത്. ആര്‍.എസ്.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, സി.എം.പി എന്നിവക്ക് ഒറ്റ സീറ്റുപോലും ലഭിച്ചിട്ടില്ല.

മുസ്‌ലിംലീഗിനെ സഖ്യകക്ഷിയായി ഒപ്പം കൂട്ടിയില്ലെങ്കിലും ലീഗിന്റെ വോട്ടുബാങ്കായ സമസ്തയുടെ പിന്‍ബലം കിട്ടിയാല്‍ ഇടതുപക്ഷത്തിനത് വലിയ നേട്ടമാകും. പിണറായിക്ക് മുഖ്യമന്ത്രിപദം വീണ്ടും ഉറപ്പിക്കുകയും ചെയ്യാം. ഇടതിന്റെ ഈ ചാണക്യനീക്കത്തിലാണിപ്പോള്‍ ലീഗും കോണ്‍ഗ്രസും അന്തം വിട്ടിരിക്കുന്നത്.

Political Reporter

Top