സമസ്തയുടെ ശക്തമായ നിലപാടിൽ ആടിയുലഞ്ഞ് യു.ഡി.എഫ് നേതൃത്വം

കോണ്‍ഗ്രസ്സിന് ഇത് കഷ്ടകാലമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കേരളത്തിലും വലിയ തിരിച്ചടി ലഭിക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം. മുസ്ലീം ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്തയുടെ നിലപാടുകളാണ് കോണ്‍ഗ്രസ്സിനെ ഏറെ ആശങ്കപ്പെടുത്തുന്നത്. രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച കോണ്‍ഗ്രസ്സ് നിലപാടിന് എതിരെയാണ് സമസ്തയിപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. സംഘടനയുടെ മുഖപത്രമായ ‘സുപ്രഭാതത്തിലൂടെ’യാണ് വിമര്‍ശനം. അധികാരത്തിനു വേണ്ടി കോണ്‍ഗ്രസ്സ് നേതാക്കള്‍ മൃദു ഹിന്ദുത്വം പ്രയോഗിക്കുന്നുവെന്നാണ് സമസ്തയുടെ ആരോപണം.

മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെയും ദിഗ് വിജയ് സിംഗിനെയും കോണ്‍ഗ്രസ്സ് പുറത്താക്കണമെന്നും സുപ്രഭാതം എഡിറ്റോറിയലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ നിന്നും മതനിരപേക്ഷ സമൂഹം പ്രതീക്ഷിക്കാത്തതാണ് ഓരോ ദിവസവും സംഭവിച്ച് കൊണ്ടിരിക്കുന്നത്. ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രശംസിച്ചത് മതേതര – ജനാധിപത്യ വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും സമസ്ത മുഖപത്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹറു കോണ്‍ഗ്രസ്സിന്റെ നെറ്റിത്തടത്തില്‍ പതിപ്പിച്ച സുവര്‍ണ മുദ്ര ഇന്നത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ മായ്ച്ച് കൊണ്ടിരിക്കുകയാണെന്നും സമസ്ത ആരോപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ എല്ലാവരുടെയും സമ്മതത്തോടെയാണ് ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് ക്ഷേത്രം പണിയുന്നതെന്ന കമല്‍നാഥിന്റെ പ്രസ്താവനയാണ് സമസ്തയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ 17 കോടി മുസ്ലീംങ്ങളുടെ ഹൃദയങ്ങളെ കീറിമുറിച്ചാണ് ക്ഷേത്രത്തിന് തറയൊരുക്കുന്നതെന്ന് കമല്‍നാഥ് ഓര്‍ക്കാതെ പോയെന്നും സുപ്രഭാതം എഡിറ്റോറിയല്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രിയ അജണ്ടയെ തുറന്നു കാട്ടുന്നതിന് പകരം, അവരോടൊപ്പം ചേര്‍ന്ന് പോകുന്ന രാഷ്ട്രിയ നയം സ്വീകരിക്കുക എന്ന കോണ്‍ഗ്രസ്സ് നയം ആത്മഹത്യാപരമാണെന്നും സുപ്രഭാതം തുറന്നടിച്ചിട്ടുണ്ട്.

സമസ്ത സ്വന്തം മുഖപത്രത്തിലൂടെ നല്‍കിയ ഈ മുന്നറിപ്പ് മുസ്ലിം ലീഗ് നേതൃത്വത്തെയും ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സമസ്തയുടെ നിലപാടിനെ പിന്തുണയ്ക്കുന്നവരാണ് ഭൂരിപക്ഷം ലീഗ് അണികളും. അതു കൊണ്ട് തന്നെ ഈ നിലപാടിനെ തള്ളി പറയാന്‍ ഒരിക്കലും ലീഗിന് കഴിയുകയുമില്ല. ബി.ജെ.പിക്ക് മേല്‍ ആര്‍.എസ്.എസിനുള്ള സ്വാധീനത്തിന് സമാനമാണ് മുസ്ലീം ലീഗിന് മേല്‍ സമസ്തക്കുള്ള ആധിപത്യം. സമസ്തയുടെ നിലപാടുകളെ തള്ളി ഒരടി മുന്നോട്ട് പോകാന്‍ ലീഗിന് കഴിയുകയില്ല. ഈ യാഥാര്‍ത്ഥ്യം തന്നെയാണ് ലീഗ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കാന്‍ ഇനി അധികം കാലതാമസമില്ല. 2021ല്‍ സംസ്ഥാന ഭരണം പിടിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പിന്നെ കേരള ഭരണം കണി കാണാന്‍ കിട്ടില്ലന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. യു.ഡി.എഫ് സംവിധാനം തന്നെ അത്തരമൊരു സാഹചര്യത്തില്‍ തകര്‍ന്ന് തരിപ്പണമാകുമെന്നും നേതൃത്വം ഭയപ്പെടുന്നുണ്ട്. മുസ്ലീം ലീഗില്ലാതെ ഒരിക്കലും അധികാരം സ്വപ്നം കാണാന്‍ പോലും യു.ഡി.എഫിന് കഴിയുകയില്ല. സമസ്തയുടെ പിന്തുണയില്ലാത്ത ലീഗ് മുന്നണിയിലുണ്ടായിട്ടാകട്ടെ ഒരു കാര്യവുമില്ല. ഈ യാഥാര്‍ത്ഥ്യം മുസ്ലീം ലീഗ് നേതൃത്വവും തിരിച്ചറിയുന്നുണ്ട്. നിലപാട് മാറ്റാന്‍ കോണ്‍ഗ്രസ്സിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് ലീഗ് നേതൃത്വം നടത്തി വരുന്നത്.

സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വമാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ ഇക്കാര്യം നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും, അനുകൂല നിലപാട് ലഭിച്ചിട്ടില്ലന്നാണ് ലഭിക്കുന്ന വിവരം. രാഹുല്‍ ഗാന്ധി മുസ്ലീം ലീഗ് പിന്തുണയില്‍ വയനാട്ടില്‍ മത്സരിച്ചതാണ് ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചതെന്ന് വിശ്വസിക്കുന്നവരാണ് ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍. പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ മുഖ്യനേതാക്കളും ഈ നിലപാടുകാരാണ്. ബി.ജെ.പി ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തി സാമുദായിക ഏകീകരണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.

മുസ്ലീം ലീഗ് പതാകയെ പാക്കിസ്ഥാന്‍ പതാകയാക്കി ചിത്രീകരിച്ചാണ് രാഹുലിനെയും കോണ്‍ഗ്രസ്സിനെയും ബി.ജെ.പി കടന്നാക്രമിച്ചിരുന്നത്. എന്നാല്‍ മുസ്ലീം ലീഗിന്റെ വാദം മറ്റൊന്നാണ്. വയനാട്ടില്‍ മത്സരിച്ചിരുന്നില്ലങ്കിലുള്ള അവസ്ഥയാണ് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. രാഹുല്‍ എഫക്ടില്‍ വയനാട് ഉള്‍പ്പെടെ 20-ല്‍ 19 ലോകസഭ സീറ്റുകളാണ് യു.ഡി.എഫ് തൂത്തുവാരിയിരുന്നത്. എന്നാല്‍, ഈ മേല്‍ക്കോയ്മ തുടര്‍ന്ന് നിലനിര്‍ത്താന്‍ യു.ഡി.എഫിന് സാധിച്ചിട്ടില്ല. അതു കൊണ്ട് തന്നെയാണ് നിയമസഭ തിരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഇപ്പോള്‍ ഏറെ ഭയപ്പെടുന്നത്.

സര്‍ക്കാറിനെതിരെ സ്വര്‍ണ്ണക്കടത്തു മുന്‍ നിര്‍ത്തി നടത്തുന്ന ആക്രമണം ലക്ഷ്യം കാണുമോ എന്നതില്‍ യു.ഡി.എഫില്‍ തന്നെ വലിയ ആശങ്കയുണ്ട്. പ്രതികളുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളിലെ ലീഗ് ബന്ധമാണ് ഈ ആശങ്കക്ക് അടിസ്ഥാനം. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ട സംഘടനാ സംവിധാനത്തിന്റെ കാര്യത്തിലും കോണ്‍ഗ്രസ്സ് ഏറെ പിന്നോട്ടാണ്. മുസ്ലീം ലീഗിന്റെ സംവിധാനം പോലും മിക്കയിടത്തും കോണ്‍ഗ്രസ്സിനില്ല.

ഇടതുപക്ഷത്താകട്ടെ സി.പി.എമ്മിനും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കും ശക്തമായ സംവിധാനമാണ് അടിത്തട്ട് വരെയുള്ളത്. എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന ഈ സംവിധാനമാണ് ചുവപ്പിന്റെ കരുത്ത്. ബി.ജെ.പിയാകട്ടെ പ്രധാനമായും ആര്‍.എസ്.എസ് സംഘടനാ സംവിധാനത്തിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. കഴിഞ്ഞ തവണ ലഭിച്ച നേമം സീറ്റുള്‍പ്പെടെ, 10 സീറ്റുകള്‍ ടാര്‍ഗറ്റ് ചെയ്താണ് അവരുടെ പ്രവര്‍ത്തനം. കേരള കോണ്‍ഗ്രസ്സ് ജോസ്.കെ മാണി വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ മൂന്ന് മുന്നണികളും നിലവില്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ജോസ്.കെ മാണി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാവും.

അതേ സമയം, സമസ്തയുടെ നിലപാട് ആയുധമാക്കാനാണ് സി.പി.എം ഇപ്പോള്‍ ശ്രമിക്കുന്നത്. ചെമ്പടയുടെ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ തന്നെ ഇക്കാര്യം വ്യക്തവുമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷം മുന്‍പ് സംഘടിപ്പിച്ച മനുഷ്യ ശൃംഘലയെ സമസ്തയും പിന്തുണച്ചിരുന്നു. മുസ്ലീം ലീഗ് എതിര്‍പ്പ് അവഗണിച്ചായിരുന്നു ഈ പരസ്യ പിന്തുണ. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളെ ശക്തമായി പിന്തുണച്ച പ്രധാന സംഘടനയും സമസ്തയാണ്. യു.ഡി.എഫ് അടിത്തറയെ ഉലച്ച പിന്തുണയായിരുന്നു ഇത്.

80 ലക്ഷത്തോളം പേരാണ് കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ സൃഷ്ടിച്ച മഹാശൃംഖലയില്‍ പങ്കെടുത്തിരുന്നത്. രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ പങ്കെടുത്ത പ്രക്ഷോഭവും ഇതുതന്നെയാണ്. പരമ്പരാഗതമായി കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ടു നടക്കുന്ന വിഭാഗങ്ങള്‍ പോലും ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നത് വേറിട്ട കാഴ്ച തന്നെയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ അയോധ്യ വിഷയത്തിലും സമാനമായ നിലപാടാണ് സമസ്തയിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാട് എന്തുകൊണ്ട് കോണ്‍ഗ്രസ്സ് സ്വീകരിക്കുന്നില്ലന്നതാണ് ഉയരുന്ന ചോദ്യം. കോണ്‍ഗ്രസ്സിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കള്‍ക്ക് പോലും ഇതിനുള്ള മറുപടി ഹൈക്കമാന്റ് നല്‍കിയിട്ടില്ല. ഇതു തന്നെയാണ് യു.ഡി.എഫിലെ പ്രതിസന്ധിയും രൂക്ഷമാക്കിയിരിക്കുന്നത്.

വിഎച്ച്പിക്ക് ശിലാന്യാസം നടത്താന്‍ 1989 നവംബറില്‍ ബാബ്റി മസ്ജിദ് തുറന്നുകൊടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് തീരുമാനിച്ചിരുന്നത്. ശിലാന്യാസിന് മുന്‍പ് രാജീവ് ഗാന്ധിയുടെ പ്രതിനിധി നാഗ്പൂരിലെത്തി അന്നത്തെ ആര്‍എസ്എസ് സര്‍ സംഘ് ചാലക് ദേവ്റസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തകനായ ദിനേഷ് നാരായണന്‍ രചിച്ച ‘ദ ആര്‍എസ്എസ് ആന്‍ഡ് ദ മേക്കിങ് ഓഫ് ദ ഡീപ് നേഷന്‍’ എന്ന പുസ്തകത്തില്‍ ഈ സംഭവവും വ്യക്തമാക്കിയിട്ടുണ്ട്. 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാജീവ് തുടക്കം കുറിച്ചതും അയോധ്യയില്‍നിന്നായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ വീണ്ടും സജീവ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം പകച്ച് നില്‍ക്കുന്നതും, ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ തന്നെയാണ്.

Expressview

Top