ഏക സിവില്‍ കോഡിനെതിരായ സമസ്തയുടെ തുടര്‍സമര പരിപാടികള്‍; സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഇന്ന്

ക സിവില്‍ കോഡിനെതിരായ തുടര്‍സമര പരിപാടികളുമായി സമസ്ത. കോഴിക്കോട് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഇന്ന് ചേരും. ഏക സിവില്‍ കോഡ് ഒരു മതത്തിനും അംഗീകരിക്കാന്‍ ആകില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ മുസ്ലീം ലീഗും പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തോട് യോജിക്കാനാകില്ല എന്നും രാഷ്ട്രീയ കക്ഷികളേയും സമുദായങ്ങളേയും യോജിപ്പിച്ച് പ്രക്ഷോഭം ആലോചിക്കുമെന്നും സമസ്ത അതിന് നേതൃത്വം നല്‍കുമെന്നും സമസ്ത അധ്യക്ഷന്‍ വ്യക്തമാക്കി. ഇതിനായി മറ്റ് മത നേതാക്കളെയും സമീപിക്കും. എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണമെന്നും ജിഫ്രിന്‍ തങ്ങള്‍ പറഞ്ഞിരുന്നു. ഇടതു പക്ഷം ഏകീകൃത സിവില്‍ കോഡിനെ എതിര്‍ത്തത് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഏക സിവില്‍ കോഡില്‍ നിന്ന് ചില ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കന്‍ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കന്‍ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കുമെന്ന ഉറപ്പ് ആഭ്യന്തരമന്ത്രി നല്‍കിയെന്ന് നാഗാലാന്‍ഡിലെ ഭരണപക്ഷ നേതാക്കള്‍ അറിയിച്ചു. ഏക സിവില്‍ കോഡില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് നാഗാലാന്‍ഡ് മുഖ്യമന്ത്രി ഉള്‍പ്പെട്ട സംഘം അമിത് ഷായെ കണ്ട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയത്. ഇതിന് പിന്നാലെയാണ് തങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചെന്ന വിവരം പുറത്ത് വിട്ടത്.

Top