സമസ്തയ്ക്ക് കോൺഗ്രസ്സിലും വിശ്വാസം നഷ്ടപ്പെട്ടു,സുപ്രഭാതം മുഖപ്രസംഗം നൽകുന്ന സൂചനയും അതാണ്

കേരളത്തിലെ പ്രബല മുസ്ലീസംഘടനയാണ് സമസ്ത. കാന്തപുരം എ.പി വിഭാഗം സുന്നികള്‍ ഇടതുപക്ഷത്തോട് അടുത്തു നിന്ന ഘട്ടത്തില്‍ എല്ലാം മുസ്ലീംലീഗിനും കോണ്‍ഗ്രസ്സിനും ഒപ്പം നിന്ന ചരിത്രമാണ് ഇ.കെ വിഭാഗം സുന്നികള്‍ നേതൃത്വം നല്‍കുന്ന സമസ്തയ്ക്കുള്ളത്. ഇതിന് ഒരു മാറ്റം വന്നത് പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റതിനെ തുടര്‍ന്നാണ്. മുസ്ലീം ലീഗിന്റെ പിന്‍ബലം ഇല്ലാതെ തന്നെ സമസ്തയ്ക്ക് ഒറ്റയ്ക്ക് നിന്ന് സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുമെന്ന് തെളിയിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. കാന്തപുരം വിഭാഗത്തെ പിണക്കാതെ തന്നെ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കുന്ന സമസ്തയുമായും നല്ല ബന്ധമാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കള്‍ പുലര്‍ത്തുന്നത്. ഇടതുപക്ഷത്തിന് ഭരണതുടര്‍ച്ച ലഭിക്കാന്‍ ഇതും ഒരു പ്രധാന കാരണമാണ്.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 66ലും മുസ്ലീംവോട്ടുകള്‍ നിര്‍ണ്ണായകമാണ്. 2021- ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം ഇതില്‍ 66-ല്‍ 40ഉം നേടിയിരിക്കുന്നത് ഇടതുപക്ഷമാണ്. മുസ്ലീം സമുദായത്തില്‍ ഇടതുപക്ഷം സ്വാധീനം ഉറപ്പിച്ചു എന്നതിന് ഇതില്‍പരം മറ്റൊരു തെളിവിന്റെയും ആവശ്യമില്ല. കേരള കോണ്‍ഗ്രസ്സ് എമ്മിന്റെ വരവോടെ യു.ഡി.എഫിന് മുന്‍പ് ലഭിച്ചിരുന്ന ക്രൈസ്തവ വോട്ടുകളില്‍ നല്ലൊരു വിഭാഗവും ആ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് ഇടതുപക്ഷത്തിനു തന്നെയാണ്. ഇതേ സാഹചര്യം തുടര്‍ന്നാല്‍ ലോകസഭ തിരഞ്ഞെടുപ്പിലും വന്‍ നേട്ടം കൊയ്യാന്‍ ഇടതുപക്ഷത്തിനു കഴിയും.

നിലവില്‍ മുസ്ലീംലീഗ് നേതൃത്വവുമായി സമസ്തയിലെ പ്രബല വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. മുന്‍പ് മുസ്ലീംലീഗ് അദ്ധ്യക്ഷന്‍മാര്‍ക്ക് സമസ്ത നല്‍കിയ പരിഗണന ഇപ്പോള്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് നല്‍കാന്‍ സമസ്ത നേതൃത്വം തയ്യാറായിട്ടില്ല. സാദിഖലി തങ്ങള്‍ക്ക് മുശാവറ അംഗത്വം നിഷേധിച്ചത് ഇതിന്റെ ഭാഗമാണ്.മുന്‍പ് ലീഗ് അദ്ധ്യക്ഷനായിരുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്ത വൈസ് പ്രസിഡന്റും മുശാവറ അംഗവുമായിരുന്നു. മുന്‍പുണ്ടായിരുന്ന ലീഗ് അദ്ധ്യക്ഷന്‍മാരും മുശാവറ അംഗങ്ങളായി സേവനമനുഷ്ടിച്ചവരാണ്. പണ്ഡിത സഭയായ മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെടാനുളള മാനദണ്ഡത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടുന്നില്ലന്നും ലീഗ് അദ്ധ്യക്ഷനെന്ന പദവി കൊണ്ടുമാത്രം ആര്‍ക്കും സമസ്ത മുശാവറ അംഗമാകാന്‍ കഴിയില്ലന്നുമാണ് സമസ്ത നേതൃത്വം പറയുന്നത്. ലീഗ് നേതൃത്വത്തെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നിലപാടാണിത്.

മുസ്ലീംലീഗ് അദ്ധ്യക്ഷനായ ഒരു വ്യക്തിക്ക് അതിന്റെ അധികാരം പൂര്‍ണ്ണമായും വിനിയോഗിക്കണമെങ്കില്‍ തീര്‍ച്ചയായും സമസ്തയില്‍ ആധികാരികമായ സ്വാധീനം അനിവാര്യമാണ്. അത് ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഇല്ല എന്നത് ഒരു വസ്തുത തന്നെയാണ്. മുശാവറയില്‍ എത്താനുള്ള വഴി കൂടി അടഞ്ഞതോടെയാണ് ബദല്‍ നീക്കവുമായി സാദിഖലി തങ്ങള്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മഹല്ല് നേതൃസംഗമം ഉള്‍പ്പെടെ സംഘടിപ്പിക്കപ്പെട്ടതും സമസ്ത യുവനേതാക്കള്‍ക്കെതിരായ നീക്കങ്ങളും അതിന്റെ ഭാഗമാണ്. എന്നാല്‍ ലീഗ് നേതൃത്വത്തിന്റെ ഈ നീക്കങ്ങളെല്ലാം തന്നെ സമസ്ത – ലീഗ് ബന്ധം കൂടുതല്‍ വഷളാക്കാനാണ് വഴി വച്ചിരിക്കുന്നത്.പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ.എസ് ഹംസയ്ക്ക് സമസ്തയിലെ പ്രബല വിഭാഗം പിന്തുണ നല്‍കാനുണ്ടായ സാഹചര്യവും ഈ ഉടക്കു തന്നെയാണ്.

സമസ്തയെ ലീഗ് നിയന്ത്രിക്കുന്നതില്‍ പ്രതിഷേധിച്ച് 1987-ല്‍ പിളര്‍ന്നു പോയ എ.പി വിഭാഗത്തിന്റെ പിന്തുണയും പൊന്നാനിയില്‍ കെ.എസ് ഹംസയ്ക്കു തന്നെയാണ്. ഈ രണ്ട് പ്രബല സമുദായസംഘടനകളിലെ നല്ലൊരു വിഭാഗം വോട്ടുകളും ഇടതു സ്ഥാനാര്‍ത്ഥിക്കു ലഭിച്ചാല്‍ പൊന്നാനിയില്‍ മുസ്ലീംലീഗ് ശരിക്കും പ്രതിരോധത്തിലാകും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം കേവലം 10000ത്തില്‍ താഴെ മാത്രമാണ് പൊന്നാനി ലോകസഭ മണ്ഡലത്തിലെ യു.ഡി.എഫിന്റെ ലീഡ്. ഇതാകട്ടെ ഏത് നിമിഷവും മാറി മറിയുകയും ചെയ്യും. മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി ഇത്തവണ പൊന്നാനി ലോകസഭ മണ്ഡലത്തില്‍ കടുത്ത മത്സരമാണ് ലീഗ് നേരിടുന്നത്. മണ്ഡല പുനര്‍ നിര്‍ണ്ണയത്തിനു മുന്‍പുണ്ടായിരുന്ന മഞ്ചേരി ലോകസഭ മണ്ഡലം കൈവിട്ടപ്പോള്‍ പോലും ലീഗിനൊപ്പം ഉറച്ചു നിന്ന മണ്ഡലമാണ് പൊന്നാനി. ആ പൊന്നാനിയിലാണിപ്പോള്‍ ലീഗിനു ഭീഷണിയായി ചുവപ്പിന്റെ തിരയിളക്കം ശക്തമായിരിക്കുന്നത്.

സമസ്ത പരസ്യമായി ഒരു നിലപാട് പ്രഖ്യാപിച്ചിട്ടില്ലങ്കിലും അവര്‍ അണികള്‍ക്ക് നല്‍കിയിരിക്കുന്ന സന്ദേശം കോണ്‍ഗ്രസ്സിന്റെയും ചങ്കിടിപ്പിക്കുന്നതാണ്. സമസ്ത എതിരായാല്‍ കാസര്‍ഗോഡ്,കണ്ണൂര്‍,വടകര,കോഴിക്കോട് മണ്ഡലങ്ങളിലെ കോണ്‍ഗ്രസ്സിന്റെ അവസ്ഥയും ദയനീയമാകും. കോണ്‍ഗ്രസ്സ് നേതാക്കള്‍ മിന്നല്‍ വേഗത്തില്‍ ബി.ജെ.പിയിലേക്ക് ഒഴുകുന്നതാണ് സമസ്ത നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ പ്രതിഷേധം മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ് സമസ്ത പ്രകടിപ്പിച്ചിരിക്കുന്നത്. ‘പണവും പദവിയും മോഹിച്ചാണ് ശത്രുപാളയത്തിലേക്കുള്ള ചേക്കേറലെങ്കിലും ജാനാധിപത്യവും മതേതരത്വവും ജീവവായുപോലെ ഉള്ളില്‍ കൊണ്ടുനടക്കുന്ന ഇന്നാട്ടിലെ കോടിക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷകളും വിശ്വാസങ്ങളും ഊതിക്കെടുത്തിയാണ് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ഈ കൂടുമാറ്റമെന്നാണ് മുഖപ്രസംഗത്തില്‍ ആഞ്ഞടിച്ചിരിക്കുന്നത്.

മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും ലാല്‍ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും എല്ലാം വിഭാവനം ചെയ്ത മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളുടെ പിന്‍മുറക്കാരാണ് ഇങ്ങനെ നിര്‍ലജ്ജം സംഘ്പരിവാര്‍ പാളയത്തിലേക്ക് ചേക്കേറുന്നവരില്‍ ഏറെയും എന്നത് ആശങ്കാജനകമാണെന്നാണ് ‘സുപ്രഭാതം’ പറയുന്നത്.കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി നേതാക്കളാണ് ദിവസം ചെല്ലുന്തോറും ബി.ജെ.പിയിലേക്ക് ഒഴുകുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാകട്ടെ ദിനചര്യപോലെയാണ് ഈ കൂടൊഴിയല്‍ നടക്കുന്നത്.കഴിഞ്ഞ രണ്ടുമാസത്തിനിടെ രാജ്യത്തെ പ്രബല കക്ഷിയില്‍നിന്നുമാത്രം നാല്‍പ്പതോളം മുതിര്‍ന്ന നേതാക്കളാണ് ബി.ജെ.പിയിലേക്ക് പോയിരിക്കുന്നത്. നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പിയില്‍ പോകുന്നത് തടയാന്‍ കഴിഞ്ഞവര്‍ഷം ഒരു രാഷ്ട്രീയ പാര്‍ട്ടി അഞ്ചംഗസമിതിയെ തന്നെ രൂപീകരിച്ചിരുന്നു. എന്നാല്‍ കൃത്യം ഒരു വര്‍ഷം തികയുംമുമ്പ് അതിന്റെ അധ്യക്ഷന്‍ തന്നെ ബി.ജെ.പിയിലേക്ക് പോയതായും സമസ്ത മുഖപത്രം പരിഹസിച്ചിട്ടുണ്ട്.

പഞ്ചാബിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലും ഹിമാചലിലുമൊക്കെ ഇത്തരം കൂടുമാറ്റങ്ങള്‍ നിര്‍ബാധം തുടരുകയാണ് ഇന്നലെവരെ മതേതരത്വവും സോഷ്യലിസവും ജനാധിപത്യവുമൊക്കെ വലിയവായില്‍ പറഞ്ഞ ഈ നേതാക്കളൊക്കെ വര്‍ഗീയതയുടെയും വംശീയതയുടെയും വൈറസുകളായിരുന്നോ ഇക്കാലമത്രയും ഉള്ളില്‍ വളര്‍ത്തിയത് എന്ന ചോദ്യവും സുപ്രഭാതം ഉയര്‍ത്തിയിട്ടുണ്ട്. സമസ്ത മുഖപത്രത്തിന്റെ മുഖപ്രസംഗത്തിലെ ഈ വാക്കുകള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെയാണ് ഇപ്പോള്‍ ചുട്ടുപൊള്ളിക്കുന്നത്. സംഘടിത മതസംഘടനയായ സമസ്ത എതിരായാല്‍ മലബാറിലെ യു.ഡി.എഫിന്റെ സാധ്യതകളെ അത് വല്ലാതെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

Top