മുസ്ലീം സംഘടനകളെ ഒപ്പം നിർത്തി ഇടതുപക്ഷ സർക്കാറിന്റെ പ്രഖ്യാപനം !

ഖഫ് ബോര്‍ഡ് നിയമന വിഷയത്തിൽ സമസ്തയ്ക്ക് നൽകിയ വാക്ക് പാലിച്ച് പിണറായി സർക്കാർ. നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനമാണ് പിന്‍വലിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വഖഫ് ബോർഡ് നിയമന വിഷയത്തിൽ സർക്കാറിനെതിരെ പള്ളികൾ കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭത്തിനാണ് മുസ്ലീംലീഗ് ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ ഈ ആഹ്വാനം ലീഗിൻ്റെ വോട്ട് ബാങ്കായ സമസ്ത തള്ളിക്കളയുകയാണ് ഉണ്ടായത്.

ആശങ്കകൾക്ക് പരിഹാരം ഉണ്ടാക്കാമെന്ന മുഖ്യമന്ത്രിയുടെ വാക്കാണ് സമസ്ത നേതൃത്വം മുഖ വിലക്കെടുത്തിരുന്നത്. ഇതാകട്ടെ ലീഗിനെ സംബന്ധിച്ച് വൻ പ്രഹരവുമായിരുന്നു. സമസ്തയും ലീഗും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തു വന്നതും ഇതോടെയാണ്. ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്നതായിരുന്നു സമസ്തക്കെതിരായ പ്രധാന വിമർശനം. ഈ വിഷയം മുൻ നിർത്തി സമസ്തയിൽ ഭിന്നിപ്പുണ്ടാക്കാൻ ലീഗ് നേതൃത്വം ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയിരുന്നില്ല. അതായത് കൊട്ടിഘോഷിച്ച ലീഗ് സമരത്തിന്റെ കുന്തമുനയാണ് സമസ്ത ഉടക്കിയതോടെ പൊട്ടിപ്പോയത്.

മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിക്കില്ലന്നും പറ്റിക്കുമെന്നും പറഞ്ഞ ലീഗ് നേതാക്കളാണിപ്പോൾ സർക്കാർ നിലപാട് പുറത്തു വന്നതോടെ ഇളഭ്യരായിരിക്കുന്നത്. നിയമസഭയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിനാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയിരിക്കുന്നത്. ഇടതു അനുകൂല നിലപാടിന്റെ പേരിൽ ലീഗിലെ മുനീർ വിഭാഗം കുഞ്ഞാലിക്കുട്ടിക്കെതിരെ തിരിഞ്ഞ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ചോദ്യത്തിനും മുഖ്യമന്ത്രിയുടെ മറുപടിക്കും ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്.

മുസ്ലിം സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും യോഗത്തില്‍ ഉള്‍തിരിഞ്ഞ പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് നിയമ ഭേദഗതി നടത്തുന്നതെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ നടപടിയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയും താരതമ്യപ്പെടുത്താനാകില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് തന്നെ അറിയാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. വഖഫ് ബോര്‍ഡിലെ നിയമനം പി എസ് സിക്ക് വിടുന്ന തീരുമാനം രഹസ്യമായി വന്നതല്ലന്നും ഈ സഭയില്‍ തന്നെ അതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ വഖഫ് ബോര്‍ഡിലുള്ള ജീവനക്കാര്‍ക്ക് ആ തൊഴില്‍ നഷ്ടപ്പെട്ടുപോകുമെന്നായിരുന്നു അന്ന് ലീഗ് ഉന്നയിച്ച ഏക പ്രശ്‌നം. അവിടെ തുടരുന്ന താത്കാല ജോലിക്കാരെ സ്ഥിരപ്പെടുത്തുമെന്ന ഉറപ്പ് അന്ന് തന്നെ നല്‍കിയ കാര്യവും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തുകയുണ്ടായി. നിയമസഭ പാസാക്കി കുറച്ച് കാലം പിന്നിട്ട ശേഷമാണ് ഇതൊരു പ്രശ്‌നമായി ലീഗ് ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016-ലാണ് വഖഫ് ബോര്‍ഡിന്റെ യോഗം ഒഴിവ് വരുന്ന നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ തുടർന്ന് നിയമസഭ പാസാക്കുകയും ചെയ്തു. ബില്‍ വിശദ പരിശോധന്ക്കായി സബ്ജക്ട് കമ്മിറ്റിക്ക് വിട്ടപ്പോഴോ നിയമസഭയിലെ ചര്‍ച്ചയിലോ വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നതിലെ എതിർപ്പ് ആരും തന്നെ സർക്കാറിനെ അറിയിച്ചിരുന്നില്ല. ഈ വസ്തുതയാണ് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ സാഹചര്യത്തിൽ വഖഫ് ബോർഡിൽ യോഗ്യരായവരെ നിയമിക്കാനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ ഉടൻ തന്നെ നിലവില്‍ വരുമെന്നാണ് അറിയുന്നത്. സമസ്തയും എ.പി വിഭാഗവും ഉൾപ്പെടെ സർക്കാർ നിലപാടിൽ വിശ്വാസമർപ്പിച്ചവർക്ക് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വലിയ ആശ്വാസമായിട്ടുണ്ട്. സമുദായത്തിനു ഉള്ളിൽ ഉയർന്ന വിമർശനങ്ങൾക്കുള്ള മറുപടിയും ഇതോടെ നൽകപ്പെട്ടു കഴിഞ്ഞു. ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗത്തിനും ഇത് തന്ത്രപരമായ നേട്ടമാണ്.

മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത് കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിനുള്ള മറുപടി ആയതാണ് ഈ വിഭാഗം ഉയർത്തിക്കാട്ടുന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ച് പുതിയ രാഷ്ട്രീയ സാഹചര്യത്തിലെ തന്ത്രപരമായ നിലപാടു കൂടിയാണിത്. മുഖ്യമന്ത്രി ഒരു വാക്ക് പറഞ്ഞാൽ അത് പാലിക്കുമെന്ന സന്ദേശമാണ് ഇതുവഴി പൊതു സമൂഹത്തിനും അവർ നൽകിയിരിക്കുന്നത്. ന്യൂനപക്ഷ സമുദായത്തിൽ കൂടുതൽ ശക്തമായി വേരുറപ്പിക്കാൻ ഈ നിലപാടും ഇടതുപക്ഷത്തിന് സഹായകരമാകും. രാഷ്ട്രീയ നിരീക്ഷകരും അങ്ങനെ തന്നെയാണ് വിലയിരുത്തുന്നത്.

EXPRESS KERALA VIEW

Top