സാമന്ത തന്റെ ഫോളോവേര്‍സിനെ തെറ്റിദ്ധരിപ്പിക്കുന്നു ; മെഡിക്കല്‍ പോഡ്കാസ്റ്റ് വിവാദത്തില്‍

മുംബൈ: സാമന്ത റൂത്ത് പ്രഭു ആരംഭിച്ച മെഡിക്കല്‍ പോഡ്കാസ്റ്റ് ചുരുങ്ങിയ കാലത്തിനുള്ളിലാണ് ശ്രദ്ധ നേടിയത്. സാധാരണയായി തോന്നുന്ന ആരോഗ്യ പ്രശ്‌നങ്ങളും, ലൈഫ് കോച്ചിംഗും, ആരോഗ്യ സംബന്ധിയായ ഡയറ്റും മറ്റുമാണ് ഈ പോഡ്കാസ്റ്റില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. അതുമായി ബന്ധപ്പെട്ട വിദഗ്ധരെയാണ് പോഡ്കാസ്റ്റില്‍ നടി അതിഥിയായി ക്ഷണിച്ചിരുന്നത്.

എന്നാല്‍ അടുത്തിടെ കരളിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയ വ്യക്തി തീര്‍ത്തും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത് എന്ന വിവാദമാണ് ഇപ്പോള്‍ പൊന്തിവരുന്നത്. സാമന്തയുടെ പോഡ്കാസ്റ്റിന്റെ വീഡിയോ ശകലം അടക്കമാണ് ഇതില്‍ വിഷയമാകുന്നത്. കരളിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ ഡാന്‍ഡെലിയോണ്‍ പോലുള്ള സസ്യങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയ വ്യക്തി അശാസ്ത്രീയ വിവരങ്ങളാണ് പങ്കുവച്ചത് എന്നാണ് വിവരം.

ദ ലിവര്‍ ഡോക്ടര്‍ എന്ന അക്കൌണ്ടാണ് ഇതിനെതിരെ എക്‌സില്‍ വിശദമായ പോസ്റ്റ് ഇട്ടത്. ഇത് ഇതിനകം വൈറലായിട്ടുണ്ട്. ആരോഗ്യകാര്യങ്ങളില്‍ വിവരം ഇല്ലാത്ത ഒരാളെ വിളിച്ചുവരുത്തി ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത് ശരിക്കും സാമന്ത തന്റെ 33 ദശലക്ഷത്തിലധികം ഫോളോവേര്‍സിനെ തെറ്റിദ്ധരിപ്പിക്കുന്നതിന് സമമാണെന്ന് പോസ്റ്റില്‍ പറയുന്നു.

‘വെല്‍നസ് കോച്ച് പെര്‍ഫോമന്‍സ് ന്യൂട്രീഷനിസ്റ്റ് എന്ന് ഇന്‍സ്റ്റഗ്രാമില്‍ പറയുന്ന ഈ അതിഥിക്ക്. മനുഷ്യശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ച് യാതൊരു അറിവും ഇല്ല. രോഗപ്രതിരോധ വൈകല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പച്ചമരുന്ന് മതി എന്നത് അടക്കം തീര്‍ത്തും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ഇയാള്‍ പറയുന്നത്’ – ലിവര്‍ ഡോക്ടര്‍ ആരോപിക്കുന്നു. വെല്‍നസ് കോച്ച് എന്ന് പറഞ്ഞ് ഈ പരിപാടിയില്‍ പങ്കെടുത്തയാള്‍ ശരിക്കും ഒരു മെഡിക്കല്‍ പ്രാക്ടീഷ്യന്‍ അല്ല. അത് മാത്രമല്ല ലിവര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സംബന്ധിച്ച് ഇയാള്‍ക്ക് ഒരു ഐഡിയയും ഇല്ല. എന്തായാലും ഈ പോസ്റ്റ് വൈറലായി. പിന്നാലെ കടുത്ത പ്രതികരണമാണ് ഇത്തരം വ്‌ളോഗുകള്‍ക്കെതിരെ ഉണ്ടായത്. മനോഹരമായ സെറ്റില്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍ പോഡ്കാസ്റ്റ് ആയി എന്നാണ് ഇവരുടെ വിചാരം എന്നാണ് ഒരാള്‍ പറഞ്ഞത്. ‘കണ്ടന്റ് അവര്‍ നോക്കാറില്ല’ എന്നാണ് മറ്റൊരാളുടെ കമന്റ്.

Top