ഇന്ത്യയില്‍ ജനപ്രീതിയുള്ള നടിമാര്‍ ബോളിവുഡ് താരങ്ങളാണ് ആദ്യം ലിസ്റ്റില്‍ വരിക. എന്നാല്‍ സമീപ കാലത്ത് ബോളിവുഡ് താരങ്ങളേക്കാള്‍ തെന്നിന്ത്യന്‍ നടിമാര്‍ക്ക് രാജ്യമൊട്ടാകെ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഓര്‍മാക്‌സ് മീഡിയ പുറത്ത് വിട്ട റിപ്പോര്‍ട്ടനുസരിച്ച് ആദ്യ പത്ത് പേരുടെ ലിസ്റ്റില്‍ ആറുപേരും തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളാണ്.
ലിസ്റ്റില്‍ ഒന്നാം സ്ഥാനം നടി സാമന്തയ്ക്കാണ്. വമ്പന്‍ ഹിറ്റ് സിനിമകള്‍ ഒന്നും 2023ല്‍ സാമന്തയ്ക്ക് ഇല്ലെങ്കിലും ജനപ്രീതിയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്താനായത് അത്ഭുതപ്പെടുത്തുന്നതാണ. വന്‍ ഹൈപ്പില്‍ വിജയ് ദേവരക്കൊണ്ട നായകനായി സാമന്ത അഭിനയിച്ച ‘കുഷി’ ചിത്രം പോലും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം അല്ല കാഴ്ച്ച വെച്ചത്. ബോളിവുഡിലെ വമ്പന്‍ നായികമാരെയും പിന്നിലാക്കിയാണ് താരം മുന്നേറിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
2023ല്‍ ദേശീയ അവാര്‍ഡ് നേടിയ ആലിയ ഭട്ടാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ‘ഗംഗുഭായ് കത്തിയാവാഡി’ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ സ്വന്തമാക്കിയത്. മൂന്നാമത് ദീപിക പദുക്കോണാണ്. 2023ലെ വന്‍ ഹിറ്റു ചിത്രമായ ‘പഠാനി’ലെ നായികയായാണ് ദീപിക പദുക്കോണ്‍ ജനപ്രീതിയില്‍ നേടിയിരിക്കുന്നത്.
നാലാമത് ഷാരൂഖ് ഖാന്‍ ചിത്രം ‘ജവാനി’ലെ നായികയായ നയന്‍താരയാണ് എന്നത് മലയാളി പ്രേക്ഷകര്‍ക്കും അഭിമാനിക്കാന്‍ വകയുള്ളതാണ്. തൊട്ടുപിന്നില്‍ കാജല്‍ അഗര്‍വാളാണ്. ദളപതി വിജയ്‌യുടെ ഹിറ്റ് സിനിമയായ ‘ലിയോ’യിലൂടെ ശ്രദ്ധയാകര്‍ഷിച്ച തൃഷ ആറാം സ്ഥനത്തും എത്തിയിട്ടുണ്ട്. പിന്നീട് കത്രീന കൈഫും എത്തിയപ്പോള്‍ ബോളിവുഡ് നടിയായ കിയാര അദ്വാനി എട്ടാം സ്ഥാനത്തും രശ്മിക മന്ദാന ഒമ്പതാമതും അനുഷ്‌ക ഷെട്ടി പത്താം സ്ഥാനത്തുമാണ്.