മുസ്ലീം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ സഹോദരിമാരായി കാണണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ്

ന്യൂഡല്‍ഹി: മുസ്ലീം യുവാക്കള്‍ എല്ലാ ഹിന്ദു പെണ്‍കുട്ടികളെയും സ്വന്തം സഹോദരിമാരായി കാണണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും എംപിയുമായ എസ്.ടി. ഹാസന്‍. യുപി സര്‍ക്കാര്‍ ലവ് ജിഹാദിന് 10 വര്‍ഷത്തെ തടവ് ശിക്ഷ നല്‍കാനുള്ള നിയമം പാസാക്കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ഹിന്ദു പെണ്‍കുട്ടികളെയും മുസ്ലീം യുവാക്കള്‍ സഹോദരിമാരായി കാണണം. സ്വയം രക്ഷിക്കൂ, പ്രലോഭനങ്ങളില്‍ വീഴരുത്. ലവ് ജിഹാദ് ഒരു രാഷ്ട്രീയ ആയുധം മാത്രമാണ്. നമ്മുടെ രാജ്യത്ത് മതം നോക്കാതെ ആളുകള്‍ അവരുടെ പങ്കാളികളെ കണ്ടെത്തുന്നു. ഹിന്ദുക്കള്‍ മുസ്ലീങ്ങളെയും തിരിച്ചും വിവാഹം കഴിക്കുന്നു. എങ്കിലും എണ്ണം വളരെ കുറവാണ്.

പക്ഷേ നിങ്ങള്‍ ലവ് ജിഹാദ് കേസുകളില്‍ വീഴുകയാണെങ്കില്‍, ആണ്‍കുട്ടികള്‍ മുസ്ലീങ്ങളാണെന്ന് പെണ്‍കുട്ടികള്‍ക്ക് അറിയാമെങ്കിലും സാമൂഹിക സമ്മര്‍ദം മൂലവും കുടുംബത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലവും അവര്‍ നുണ പറയും. അത് ലവ് ജിഹാദ് കേസായി മാറുകയും ചെയ്യുമെന്നും എസ്.ടി. ഹാസന്‍ വ്യക്തമാക്കി.

അതേസമയം, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു ഗവര്‍ണര്‍ അംഗീകാരം നല്‍കി. യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ശനിയാഴ്ച ഓര്‍ഡിനന്‍സിനു അംഗീകാരം നല്‍കിയതോടെ വിവാഹത്തിനായുള്ള മതംമാറ്റം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാകും.

വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 1 മുതല്‍ 5 വര്‍ഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്സി / എസ്ടി സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്തവരെയും സ്ത്രീകളെയും മതപരിവര്‍ത്തനം നടത്തിയാല്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.

ഈ നിയമം അനുസരിച്ച് ഒരു വ്യക്തി മറ്റേതെങ്കിലും മതത്തിലേക്ക് മാറിയ ശേഷം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിവാഹത്തിന് 2 മാസം മുന്‍പ് ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് അനുമതി വാങ്ങണം.

Top