Samajwadi Party feud: Shivpal Yadav, Akhilesh meet, compromise formula likely

ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയില്‍ പോര് രൂക്ഷമാവുന്ന സാഹചര്യത്തില്‍ ശിവ്പാല്‍ സിംഗ് യാദവ് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി. പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പ് ഒത്തുതീര്‍പ്പാക്കാനാണ് ചര്‍ച്ചയെന്നാണ് അറിയുന്നത്.

എന്നാല്‍ ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല. അതേസമയം രാജ്യസഭ എം.പിയായ അമര്‍ സിംഗിന്റെ രാജി ഉണ്ടാവാനുള്ള സാധ്യത പാര്‍ട്ടി വൃത്തങ്ങള്‍ തള്ളി കളയുന്നില്ല.

മറ്റൊരു സാധ്യത പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തു നിന്നും ശിവ്പാല്‍ രാജി വയ്ക്കുമെന്നതാണ്. പാര്‍ട്ടി ഇരുവിഭാഗങ്ങളായി പിരിയുന്നതിന് മുമ്പ് ഈ സ്ഥാനം വഹിച്ചിരുന്നത് മുഖ്യമന്ത്രി ആയിരുന്നു.

സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക് പോകുന്ന സാഹചര്യത്തില്‍ ആദ്യമായാണ് അഖിലേഷും ശിവ്പാലും ചര്‍ച്ച നടത്തുന്നത്. അഖിലേഷുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ശിവ്പാല്‍ മുലായത്തിനെ കണ്ടു.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ തങ്ങളാണ് യഥാര്‍ത്ഥ സമാജ്‌വാദി പാര്‍ട്ടി എന്ന് അവകാശമുന്നയിക്കാനായി 229 എം.എല്‍.എമാരില്‍ നിന്നും 212 പേരുടെയും 68 എം.എല്‍.സിമാരില്‍ നിന്ന് 56 പേരുടെയും 24 എം.പിമാരില്‍ നിന്നും 15 പേരുടെയും ഒപ്പുകള്‍ ശേഖരിച്ചതായി അഖിലേഷ് ക്യാമ്പിലെ നേതാവായ രാംഗോപാല്‍ വര്‍മ അറിയിച്ചിരുന്നു. ഇതായിരിക്കാം ചര്‍ച്ചയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.

Top