വോട്ടിങ് യന്ത്രങ്ങള്‍ ശരിയാക്കിയില്ലെങ്കിൽ ബിജെപി 400 സീറ്റുകൾ നേടുമെന്ന് സാം പിത്രോദ

ന്യൂഡൽ‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്യതയെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് സാം പിത്രോദ. വോട്ടിങ് യന്ത്രങ്ങള്‍ ശരിയാക്കിയില്ലെങ്കിൽ 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടുമെന്ന് അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു. ബിജെപിക്ക് 400 കടക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പിത്രോദ. വിവിപാറ്റ് സംവിധാനത്തിന്റെ നിലവിലെ പ്രവര്‍ത്തനരീതി മാറ്റണമെന്നതാണ് മുൻ സുപ്രീം കോടതി ജഡ്ജി മദൻ ലോകൂർ അധ്യക്ഷനായ എൻജിഒയുടെ പ്രധാന ശുപാർശയെന്നും സാങ്കേതിക വിദഗ്ധൻ കൂടിയായ പിത്രോദ ചൂണ്ടികാട്ടി.

ബിജെപിക്ക് അനുകൂലമായി ഇവിഎമ്മുകളിൽ കൃത്രിമം നടന്നുവെന്ന് പ്രതിപക്ഷം നിരവധി തവണ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഈ ആശങ്ക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. വോട്ടർമാർക്ക് വിവിപാറ്റ് സ്ലിപ്പുകൾ നൽകണമെന്ന് കോൺഗ്രസും മറ്റ് രാഷ്ട്രീയ പാർട്ടികളും നിരന്തരം ആവശ്യപ്പെടാറുണ്ട്.

രാമക്ഷേത്രത്തെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ വളച്ചൊടിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അടിസ്ഥാനപരമായി താൻ ഭരണഘടനയെ സംരക്ഷിക്കുകയാണ്. മതം വളരെ വ്യക്തിപരമായ കാര്യമാണ്, അത് ജനങ്ങൾക്ക് വിടൂ എന്നാണ് താൻ പറയുന്നത്. ഇത് രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ത്ത്‌ സങ്കീർണ്ണമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Top