സാം ഓള്‍ട്ട്മാന്‍ ഓപ്പണ്‍ എഐയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി വീണ്ടും ചുമതലയേറ്റു

സാന്‍ഫ്രാന്‍സിസ്‌കോ: പുറത്താക്കപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം സാം ഓള്‍ട്ട്മാന്‍ ഓപ്പണ്‍ എഐയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി വീണ്ടും ചുമതലയേറ്റു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്.ഓള്‍ട്ട്മാന്‍ ബോര്‍ഡുമായി ശരിയായ രീതിയില്‍ ആശയവിനിമയം നടത്താന്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നുമാണ് പുറത്താക്കലിന് കാരണമായി ബോര്‍ഡ് പറഞ്ഞത്. യഥാര്‍ത്ഥ വസ്തുതകള്‍ വെളിപ്പെടുത്തുകയും ചെയ്തില്ല.

സെയില്‍സ്ഫോഴ്സ് കോ-സിഇഒ ആയിരുന്ന ബ്രെട്ട് ടെയ്ലര്‍, മുന്‍ യുഎസ് ട്രഷറി സെക്രട്ടറിയും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രസിഡന്റുമായ ലാറി സമ്മേഴ്സ് എന്നിവര്‍ പുതിയ ബോര്‍ഡ് അംഗങ്ങളായി.അതേസമയം ഓള്‍ട്ട്മാനും അദ്ദേഹത്തെ പുറത്താക്കിയതിനെ തുടര്‍ന്ന് കമ്പനിയില്‍ നിന്ന് രാജിവെച്ച ഓപ്പണ്‍ എഐ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാനും ഉടന്‍ ബോര്‍ഡിലേക്ക് തിരികെ വരില്ല. താമസിയാതെ തന്നെ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം ആറിലേറെ പേരായി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓള്‍ട്ട്മാന്‍ തിരിച്ചുവന്നതോടെ അദ്ദേഹത്തെ പുറത്താക്കിയ ബോര്‍ഡ് അംഗങ്ങളില്‍ ഭൂരിഭാഗം പേരെയും പുറത്താക്കി. ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ബോര്‍ഡ് അംഗങ്ങളെ മാറ്റിയത്. മുന്‍ ബോര്‍ഡ് അംഗമായിരുന്ന ക്വോറ സിഇഒ ആഡം ഡി ആഞ്ചെലോ മാത്രം പുതിയ ബോര്‍ഡിലും അംഗമാവും.കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപ്രതീക്ഷിതമായി ബോര്‍ഡ് അംഗങ്ങള്‍ യോഗം വിളിച്ച് ചേര്‍ത്ത് സാം ഓള്‍ട്ട്മാനെ പുറത്താക്കുകയും ഗ്രെഗ് ബ്രോക്ക്മാനെ ബോര്‍ഡ് അംഗത്വത്തില്‍ നിന്ന് മാറ്റുകയും ചെയ്തത്. പിന്നാലെ ഗ്രെഗ് ബ്രോക്ക്മാന്‍ രാജിവെക്കുകയും ചെയ്തു.

 

Top