സല്യൂട്ട് മേയർ ചോദിച്ചല്ല വാങ്ങേണ്ടത്, അർഹതക്ക് അത് താനെ തേടിയെത്തും

തൃശൂര്‍ മേയര്‍ ഉയര്‍ത്തിവിട്ട സല്യൂട്ട് വിവാദം തീര്‍ച്ചയായും അനവസരത്തിലുള്ളതാണ്. ഈ കോവിഡ് മഹാമാരിയുടെ കാലത്ത് നാം ഒരിക്കലും ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലത്. സംസ്ഥാനത്തെ എന്നല്ല രാജ്യത്തെ തന്നെ ഒരു മേയര്‍ക്കും, ഇന്നുവരെ തോന്നാത്ത കാര്യമാണിപ്പോള്‍ തൃശൂര്‍ മേയര്‍ എം.കെ വര്‍ഗ്ഗീസിനു തോന്നിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് റിബലായി മത്സരിച്ച് ജയിച്ച് ഒരു പ്രത്യേക സാഹചര്യത്തില്‍ മേയറായ വ്യക്തിയാണ് വര്‍ഗ്ഗീസ്. അദ്ദേഹത്തെ മേയറാക്കിയ ഇടതുപാര്‍ട്ടികള്‍ക്കു പോലും സല്യൂട്ട് വിവാദത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. അവര്‍ അത് തുറന്നു പറയുന്നില്ലന്നു മാത്രം.

ജനപ്രതിനിധികള്‍ അത് പഞ്ചായത്ത് മെമ്പര്‍ മുതല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വരെ ബഹുമാനിക്കപ്പെടേണ്ട വ്യക്തികള്‍ തന്നെയാണ്. അക്കാര്യത്തിലും തര്‍ക്കമില്ല. എന്നാല്‍ പൊലീസ് സല്യൂട്ടടിച്ചാല്‍ മാത്രമേ ബഹുമാനിക്കപ്പെടൂ എന്ന ചിന്താഗതി ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അതാണ് തെറ്റ്. സല്യൂട്ടടിക്കാന്‍ പൊലീസിന് ചില മാനദണ്ഡങ്ങള്‍ ഒക്കെയുണ്ട്. മൃതദേഹത്തിന് നിര്‍ബന്ധമായും സല്യൂട്ട് ആദരവ് അര്‍പ്പിക്കണമെങ്കിലും എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ക്കും വിവിധ ഉദ്യോഗസ്ഥര്‍ക്കും സല്യൂട്ട് ആവശ്യമില്ലന്നതാണ് പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍. ആന്തരികമായ ബഹുമാനത്തിന്റെ ബാഹ്യപ്രകടനമാണ് സല്യൂട്ട്’ എന്ന് വ്യക്തമായി നിര്‍വചിക്കുന്നതായി രാമവര്‍മപുരം പൊലീസ് അക്കാദമി പരിശീലകരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

കേരള പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ 18ാം അധ്യായത്തില്‍ ആര്‍ക്കൊക്കെ സല്യൂട്ട് നല്‍കണമെന്ന കാര്യം വ്യക്തമായി തന്നെ പറയുന്നുണ്ട്. എം.എല്‍.എമാരും ചീഫ് സെക്രട്ടറിയും ഇതിലില്ലെങ്കിലും ജനപ്രതിനിധികളെന്ന പരിഗണന എം.എല്‍.എമാര്‍ക്ക് ലഭിക്കുന്നുണ്ട്. പ്രോട്ടോകോള്‍ പ്രകാരം ചീഫ് സെക്രട്ടറി എം.എല്‍.എക്ക് താഴെയാണ് വരിക. അതനുസരിച്ച് ചീഫ് സെക്രട്ടറിക്കുപോലും സല്യൂട്ടിന് അര്‍ഹതയില്ല. എന്നാല്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലവന്‍ എന്ന പരിഗണനയില്‍ ചീഫ് സെക്രട്ടറിക്കും സല്യൂട്ടുകള്‍ ലഭിക്കാറുണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍, കേന്ദ്രസംസ്ഥാന മന്ത്രിമാര്‍, ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി തുടങ്ങി എസ്.ഐ മുതല്‍ ഉയര്‍ന്ന റാങ്കിലുള്ള മറ്റു ഉദ്യോഗസ്ഥര്‍. ജില്ല പൊലീസ് മേധാവികള്‍, എസ്.പി റാങ്കിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍, യൂനിറ്റ് കമാന്‍ഡന്‍ഡ്, ജില്ലാ സുപ്രീംകോടതി ഹൈകോടതി ജഡ്ജിമാര്‍, ജില്ലാ കലക്ടര്‍, സെഷന്‍സ് ജ!ഡ്ജിമാര്‍, സൈന്യത്തിലെ ഫീല്‍ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍, മജിസ്‌ട്രേറ്റുമാര്‍, സേനകളിലെ കമീഷന്‍ഡ് ഓഫിസര്‍മാര്‍, മൃതദേഹങ്ങള്‍ എന്നിങ്ങനെയാണ് സല്യൂട്ടിന് അര്‍ഹതയുള്ളത്.

ഈ സാഹചര്യത്തില്‍ തന്നെ പൊലീസ് ആദരിക്കുന്നില്ലെന്നും സല്യൂട്ട് ചെയ്യുന്നില്ലെന്നുമുള്ള തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിന്റെ പരാതി കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതാണ്. നഗര പിതാവിന്റെ പദവി തീര്‍ച്ചയായും ബഹുമാനിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ അത് പൊലീസുകാര്‍ സല്യൂട്ടടിച്ചാല്‍ മാത്രമേ പൂര്‍ണ്ണമാകൂ എന്ന് ധരിക്കുന്നത് ശരിയായ നിലപാടല്ല. ബഹുമാനപ്പെട്ട മേയര്‍ ഈ നിലപാട് തിരുത്താനാണ് തയ്യാറാവേണ്ടത്. വി.ഐ.പി സംസ്‌കാരം ഒഴിവാക്കാന്‍ ബീക്കണ്‍ ലൈറ്റിന് നിയന്ത്രണം കൊണ്ടുവന്ന രാജ്യമാണ് നമ്മുടേത്. ഈ നിയമപ്രകാരം മേയര്‍മാരുടെ വാഹനങ്ങള്‍ മുതല്‍ പ്രധാനമന്ത്രിയുടെ വാഹനത്തില്‍ വരെ ഉണ്ടായിരുന്ന ബീക്കണ്‍ ലൈറ്റുകളാണ് നീക്കം ചെയ്തിരിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍, സംസ്ഥാന കേന്ദ്ര മന്ത്രിമാര്‍, ലോക്‌സഭാ സ്പീക്കര്‍ എന്നിങ്ങനെ എല്ലാ വിഐപികള്‍ക്കും നിരോധനം ബാധകമാണ്.

പൊലീസ്, കരസേന വാഹനങ്ങള്‍, അഗ്‌നിശമന വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവയില്‍ മാത്രമാണ് നിലവില്‍ ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. ഇക്കാര്യവും തൃശൂര്‍ മേയര്‍ ഓര്‍ത്തു കൊള്ളണം.റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ റോഡില്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ല എന്ന പരാതി തന്നെ വി.ഐ.പി സംസ്‌കാരത്തിനു വേണ്ടിയുള്ള വാദമാണ്. പൊലീസ് കേവലം സല്യൂട്ട് ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ടവരാണെന്ന ധാരണയാണ് ആദ്യം മാറ്റേണ്ടത്. കാക്കി എന്നു പറഞ്ഞാല്‍ ‘കരുതല്‍’ എന്നു കൂടിയാണ് മനസ്സിലാക്കേണ്ടത്. കേരളത്തിന്റെ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് വെയിലത്തും മഴയത്തും ജോലി ചെയ്യുന്ന പൊലീസുകാര്‍ ജനങ്ങള്‍ക്കു വേണ്ടിയാണ് കര്‍മ്മനിരതരാകുന്നത്. അവരുടെ സുരക്ഷക്കും യാത്രകള്‍ സുഗമമാക്കാനുമാണ് ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ജോലി ചെയ്യുന്നത്.

ഇവര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ കാത്തുകെട്ടി നില്‍ക്കുന്നവരല്ല. ട്രാഫിക് ഡ്യൂട്ടിയില്‍ വ്യാപൃതനായിരിക്കുന്ന ഉദ്യോഗസ്ഥര്‍ അതുവഴി കടന്നുപോകുന്ന ഉന്നതരെ സല്യൂട്ട് ചെയ്യണമെന്ന് നിര്‍ബന്ധിക്കുന്നത് തന്നെ തെറ്റാണ്. ഐ.പി.എസുകാര്‍ പോലും ഈ അവസ്ഥ മനസ്സിലാക്കിയാണ് പൊലീസുകാരോട് പെരുമാറാറുള്ളത് എന്നതും ബഹുമാനപ്പെട്ട മേയര്‍ മനസ്സിലാക്കണം. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ പോലും പൊതുനിരത്തില്‍ വെയിലും മഴയും പൊടിയുമേറ്റ് ജോലി നിര്‍വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ആദരവ് നല്‍കണമെന്നു കാട്ടി കത്ത് അയച്ച് ആദരവ് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുമ്പോള്‍ അവിടെ സത്യത്തില്‍ ചെറുതാവുന്നത് മേയര്‍ എന്ന പദവി തന്നെയാണ്.

നഗരപരിധിയില്‍ താന്‍ ഔദ്യോഗിക വാഹനത്തില്‍ പോകുമ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ കണ്ടില്ലെന്നു നടിച്ചു നില്‍ക്കുകയാണെന്നാണു തൃശൂര്‍ മേയര്‍ ഡിജിപിക്കു നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പൊലീസ് സേനയുടെ വികാരത്തിന് മുറിവേല്‍ക്കാത്ത തീരുമാനമാണ് അധികൃതര്‍ ഇനി കൈ കൊള്ളേണ്ടത്. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ഔദ്യോഗിക കൃത്യം ഭംഗിയായി നിറവേറ്റുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന സര്‍ക്കുലറും പരിഗണിക്കപ്പെടണം. അച്ചടക്കം പരമ പ്രധാനമായ പൊലീസ് സേനയില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരടക്കം അംഗീകരിച്ച നിലപാടാണിത്.

പുരോഗമനപരവും സാമൂഹ്യ വീക്ഷണവും ഉള്ള മേലുദ്യോഗസ്ഥരാല്‍ നയിക്കപ്പെടുന്ന സേനയാണ് കേരള പൊലീസ്. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന കുടിയാണിതെന്നതും നാം മറന്നു പോകരുത്. സര്‍ക്കാര്‍ പരിപാടികളില്‍ ഓരോരുത്തര്‍ക്കും നല്‍കേണ്ട സ്ഥാനം എവിടെയാണെന്നതിന് സംസ്ഥാന പ്രോട്ടോക്കോള്‍ വ്യവസ്ഥകള്‍ നിലവിലുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ പരിപാടികള്‍ക്ക് മാത്രമാണ് ബാധകമാകേണ്ടത്. അതല്ലാതെ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് സല്യൂട്ട് ചെയ്യിക്കാന്‍ വേണ്ടി ആകരുത്. ഇക്കാര്യത്തില്‍ ആവശ്യമായ നിലപാടു സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. കൊലയാളി വൈറസുകളില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ ജീവന്‍ പണയം വെച്ചാണ് ആരോഗ്യ പ്രവര്‍ത്തകരെ പോലെ തന്നെ പൊലീസും ഇപ്പോള്‍ പോരാടുന്നത്. ജനങ്ങളുടെ സുരക്ഷക്കാണ് ഇവിടെ പ്രധാനം അതല്ലാതെ വി.ഐ.പികള്‍ക്ക് നല്‍കുന്ന സല്യൂട്ടിനല്ല. അതും ഓര്‍മ്മ വേണം.

Top