salutations communist leaders who rejected ravi pillai daughter’s marriage

ഒറ്റ ദിവസത്തെ ആയുസ് മാത്രമുള്ള വിവാഹ വേദിക്കായി 30 കോടി ചിലവിട്ട് രവി പിള്ള, മകളുടെ വിവാഹത്തിനായി പടുത്തുയര്‍ത്തിയ കൊട്ടാരത്തിലേക്ക് കടന്നു വരാതിരുന്നതിന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെയും പിണറായി വിജയനേയും എം എ ബേബിയേയും അഭിനന്ദിക്കുന്നു.

വിശപ്പടക്കാന്‍ ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി കേഴുന്ന ലക്ഷങ്ങള്‍ ഉള്ള നാട്ടില്‍ അടിച്ചമര്‍ത്തലിന്റെയും ഏകാധിപത്യത്തിന്റെയും പ്രതീകമായ ‘രാജകൊട്ടാര’ത്തിലേക്ക് പാവപ്പെട്ടവന്റെ കണ്ണീരിന്റെ വിലയറിയുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനും കടന്നുചെല്ലാന്‍ കഴിയില്ല.

രാജസ്ഥാനിലെ പ്രശസ്തമായ ജോധ്പൂര്‍ കൊട്ടാരത്തിന്റെ മാതൃക തന്നെ വിവാഹവേദിക്കൊരുക്കിയത് യാദൃശ്ചികമാണെങ്കിലും അല്ലെങ്കിലും കോടികള്‍ ‘കത്തിച്ച്’ കളയുന്നത് പോലെ ഇങ്ങനെ ധൂര്‍ത്തടിക്കുന്നത് കേരള ചരിത്രത്തില്‍ മാത്രമല്ല രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യസംഭവമാണ്. ഇത് കേരളം പോലുള്ള സംസ്ഥാനത്ത് തെറ്റായ സന്ദേശം നല്‍കുന്നതാണ്.

index

ഒരു രൂപയ്ക്ക് കണ്ണീരിന്റെ വില നല്‍കുന്ന നാട്ടിലാണ് പണക്കൊഴുപ്പിന്റെ ഈ ധിക്കാരത.

സ്വന്തം മകളുടെ വിവാഹം ഏത് മാതാപിതാക്കള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അതൊരിക്കലും സമ്പന്ന താല്‍പര്യത്തിന് അടിമപ്പെട്ട് മാത്രമാവരുത്.

പണക്കാരും പാവപ്പെട്ടവനുമെന്ന വേര്‍തിരിവില്ലാത്ത ലോകത്തിന് വേണ്ടി പോരാടുവാന്‍ പ്രതിജ്ഞാബദ്ധനായ ഒരു കമ്മ്യൂണിസ്റ്റുകാരനും ഇത്തരം പണക്കൊഴുപ്പിന്റെയും വേര്‍തിരിവിന്റെയും മേളകളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല.

വിവാഹാഘോഷത്തിന്റെ ഭാഗമായി നടത്തിയ കാരുണ്യരവം പരിപാടിയില്‍ പങ്കെടുക്കാതെ വിഎസ് നല്‍കിയ സന്ദേശം ഇപ്പോള്‍ മുതിര്‍ന്ന സിപിഎം നേതാക്കളായ പിണറായി വിജയനും എം എ ബേബിയും കൂടി സമൂഹത്തിന് പകര്‍ന്നു നല്‍കിയത് സ്വാഗതാര്‍ഹമാണ്.

index8878

സംസ്ഥാനത്തില്‍ ഇതിനുമുമ്പും രവിപിള്ളയേക്കാള്‍ വലിയ കോടീശ്വരന്മാര്‍ അവരുടെ മക്കളുടെ വിവാഹം നടത്തിയിട്ടുണ്ട്. എന്നാല്‍ കോടികളിട്ട് അമ്മാനമാടിയിട്ടുള്ള… പണത്തിന് ഒരു വിലയും കല്‍പ്പിക്കാതെയുള്ള… വിവാഹ ചടങ്ങുകള്‍ ആയിരുന്നില്ല അത്.

കല്ല്യാണ മണ്ഡപത്തിനും വേദിക്കും മാത്രമായി 30 കോടി പൊടിച്ചെങ്കില്‍ തിരുവനന്തപുരം എറണാകുളം എന്നിവിടങ്ങളില്‍ നടക്കുന്ന വിവാഹാഘോഷം കൂടി പൂര്‍ണ്ണമാകുമ്പോള്‍ എത്ര കോടിവരുമെന്ന് ഊഹിക്കാവുന്നതാണ്.

പുറത്തു വരുന്ന കണക്കുകള്‍ ശരിയാണെങ്കില്‍ അത് 80 കോടി മുതല്‍ 100 കോടി വരെ വരും.

മകളോടുള്ള ഒരച്ഛന്റെ സ്‌നേഹമാണ് ഈ ധൂര്‍ത്തിന് രവിപിള്ളയെ പ്രേരിപ്പിച്ചതെങ്കില്‍ നിങ്ങളുടെ ഈ പണക്കൊഴുപ്പിന്റെ മാമാങ്കം കണ്ട് നാലുചുവരുകള്‍ക്കുള്ളില്‍ നെടുവീര്‍പ്പിടുന്ന പാവപ്പെട്ടവരുടെ ദയനീയത സാംസ്‌കാരിക കേരളത്തിനും കണ്ടില്ലെന്ന് നടിക്കാനാവില്ല.

index

കാരണം നിങ്ങളുടെ മകളുടെ വിവാഹം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അതിന് മറപിടിക്കാന്‍ കുറച്ചുപേര്‍ക്ക് സൗജന്യ സഹായം ചെയ്തതുകൊണ്ടു മാത്രം കാര്യമില്ല. കാരണം അത് ബിസിനസ്സുകാരനായ താങ്കളുടെ കച്ചവട തന്ത്രം മാത്രമായേ സമൂഹത്തിന് കാണാന്‍ സാധിക്കൂ.

ഇവിടെ ധൂര്‍ത്തടിക്കുന്ന പണത്തിന്റെ പകുതിയെങ്കിലും പാവങ്ങള്‍ക്കായി നല്‍കിയിരുന്നുവെങ്കില്‍ അതായിരുന്നേനേ നിങ്ങളുടെ മകള്‍ക്കു ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം.

ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹുരാഷ്ട്ര കമ്പനികളിലെ സിഇഒമാരുമെല്ലാം സാക്ഷ്യം വഹിക്കാനെത്തിയ ഈ ‘ചരിത്ര’ മുഹൂര്‍ത്തത്തെക്കാള്‍ സമൂഹം ചര്‍ച്ച ചെയ്യുക ഇതിനോടു മുഖം തിരിച്ച് നിന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നടപടിയാണ്.

പണത്തിനെ ആര്‍ത്തിയോടെ സമീപിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും സിനിമാതാരങ്ങള്‍ക്കുമെല്ലാം കോടീശ്വരന്മാര്‍ എന്നും പ്രിയപ്പെട്ടവരാണ്.

പാവപ്പെട്ടവന്റെ കുടിലില്‍ ഒരു ചടങ്ങില്‍ ക്ഷണിച്ചാല്‍ ഇവരുടെ ആരുടെയും പൊടിപോലും അവിടെ കാണാറില്ല. ഈ അടിസ്ഥാനവര്‍ഗത്തിന്റെ പിന്തുണയിലാണ് തങ്ങള്‍ വളര്‍ന്നതെന്ന് ചിന്തിക്കാതെ സമ്പന്നതയില്‍ മതിമറക്കുന്ന ഇക്കൂട്ടര്‍ക്ക് പങ്കെടുക്കാന്‍ ‘രാജകൊട്ടാരം’ പണിയാനും ശീതീകരിച്ച ഹാള്‍ തയ്യാറാക്കാനും വിലപ്പെട്ട ‘സമ്മാനങ്ങള്‍’ നല്‍കാനുമൊന്നും ഈ പാവങ്ങള്‍ക്ക് സ്വപ്‌നത്തില്‍പോലും കഴിയില്ലല്ലോ?

Team Express Kerala

Top