ബി.ജെ.പിക്ക് ആയുധം കൊടുക്കുന്നത് കോൺഗ്രസ്സ് ഉന്നത നേതാക്കൾ തന്നെ !

കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടി ഇപ്പോഴും ആ ഷോക്കില്‍ നിന്നും വിമുക്തമായിട്ടില്ല. ഏറ്റവും ഒടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് തന്നെയാണ് വിലപിച്ച് കൊണ്ട് പരസ്യമായി രംഗതെത്തിയിക്കുന്നത്. ‘ഞങ്ങളെ വിട്ട് നേതാവ് പോയതോടെ കോണ്‍ഗ്രസ്സിന്റെ ഭാവി തന്നെ തുലാസിലായതായാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വിലാപം.

ഹരിയാനയിലും മഹാരാഷ്ട്രയിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് വിജയിക്കാന്‍ സാധ്യതയില്ലന്നും അദ്ദേഹം വിലയിരുത്തുന്നു. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ കാരണം കണ്ടെത്താനും പരിഹാരം കാണാന്‍ കഴിയാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്നും ഖുര്‍ഷിദ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്തുകൊണ്ട് പാര്‍ട്ടി പരാജയപ്പെട്ടു എന്ന് ഇനിയും തങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ് വിഷദമായി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സ് രാജ്യത്ത് നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന ഈ പ്രതികരണം.

2 അംഗങ്ങള്‍ മാത്രം ലോകസഭയില്‍ ഉണ്ടായിരുന്ന ബി.ജെ.പിയെ രാജ്യം ഭരിക്കുന്ന തരത്തിലേക്ക് വളര്‍ത്തിയത് തന്നെ കോണ്‍ഗ്രസ്സാണ്. നരസിംഹറാവു മുതല്‍ മന്‍മോഹന്‍ സിംഗ് വരെ അതിന് വളമേകിയ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുമാണ്.

രാമക്ഷേത്രം നിര്‍മാണം ഉയര്‍ത്തിക്കാട്ടിയാണ് വാജ്‌പേയിയുടെ കാലത്ത് ബി.ജെ.പി ഭരണം പിടിച്ചതെങ്കില്‍ മോദിയുടെ കാലത്ത് അതല്ല സ്ഥിതി. ഒന്നാം മോദി സര്‍ക്കാറിന് അധികാരത്തിലേറാന്‍ രാംജന്മഭൂമി പ്രശ്‌നത്തേക്കാള്‍ അവര്‍ക്ക് ഗുണമായത് മന്‍മോഹന്‍ സര്‍ക്കാറിന്റെ വീഴ്ച്ചകളായിരുന്നു. അഴിമതി ആരോപണത്തില്‍പ്പെട്ട് കേന്ദ്ര മന്ത്രിമാര്‍ വരെ അകത്ത് പോകണ്ട സാഹചര്യം രാജ്യത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര മുതല്‍ നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ വലിയ ആരോപണങ്ങളാണ് അക്കാലത്തത് ഉയര്‍ന്നിരുന്നത്.

രണ്ടു തവണ തുടര്‍ച്ചയായി ഭരിച്ച മന്‍മോഹന്‍ സിംഗ് സര്‍ക്കാറിനെതിരായ ജനവികാരമാണ് ഫലപ്രദമായി ബി.ജെ.പി ഇവിടെ വോട്ടാക്കി മാറ്റിയിരുന്നത്. സോഷ്യല്‍ മീഡിയയുടെ പുതിയ കാലത്ത് ആ സംവിധാനം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനും സംഘപരിവാറിന് എഴുപ്പത്തില്‍ കഴിഞ്ഞിരുന്നു.

2014ല്‍ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാറില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അത് നിലപാടുകളുടെ കാര്യത്തില്‍ മാത്രമല്ല, പ്രധാനമന്ത്രിയുടെ പ്രവര്‍ത്തികളില്‍ തന്നെ ആ വ്യത്യസ്തത പ്രകടമായിരുന്നു. നെഹ്‌റു കുടുംബം പിന്നില്‍ നിന്നും നിയന്ത്രിക്കുന്ന ഒരു റബ്ബര്‍ സ്റ്റാംപ് എന്ന പ്രതിച്ഛായയില്‍ നിന്നും പുറത്ത് കടക്കാന്‍ ഒരിക്കല്‍ പോലും മന്‍മോഹന്‍ സിംഗിന് കഴിഞ്ഞിരുന്നില്ല.

എന്നാല്‍ മോദിയുടെ കാര്യത്തില്‍ അവസ്ഥ അതല്ല, ആര്‍.എസ്.എസ് പിന്നില്‍ ഉണ്ടെങ്കിലും ഒരിക്കലും അത് സമര്‍ദ്ദമായി രൂപാന്തരപ്പെട്ടിട്ടില്ല. ഒരു നിയന്ത്രണം മോദിയില്‍ ആര്‍.എസ്.എസിന് ഉണ്ടെന്ന തോന്നല്‍ പരിവാര്‍ നേതൃത്വവും സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ കൃത്യമായി ആര്‍.എസ്.എസ് അജണ്ട നടപ്പാക്കി തന്നെയാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതൊടുവില്‍ പൗരത്വ രജിസ്റ്ററില്‍ വരെ എത്തിനില്‍ക്കുകയാണ്. എന്നും രാമക്ഷേത്രവും ബാബറി മസ്ജിദും പറഞ്ഞാല്‍ വോട്ട് നേടാം എന്ന ചിന്താഗതി തന്നെ ബി.ജെ.പിക്ക് ഇപ്പോഴില്ല. അതിനാണ് അവര്‍ പുതിയ ആയുധമായ ദേശീയത പുറത്തെടുത്തിരിക്കുന്നത്.

ബാലക്കോട്ടെ ഒരൊറ്റ ആക്രമണത്തില്‍ ഇവിടെ തകര്‍ന്ന് തരിപ്പണമായത് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ സ്വപ്‌നങ്ങള്‍ കൂടിയാണ്. മോദി സര്‍ക്കാര്‍ നിലംപൊത്തുമെന്ന പ്രതീതി ഉണ്ടാക്കി പ്രചരണ രംഗത്ത് മുന്നേറാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നെങ്കിലും ബാലക്കോട്ടെ ആക്രമണം ആ പ്രതീക്ഷകളെയാകെ തകര്‍ക്കുകയാണുണ്ടായത്.

കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കോണ്‍ഗ്രസ്സ് നേതൃത്വം രംഗത്ത് വന്നത് അവര്‍ക്ക് തന്നെയാണ് തിരിച്ചടിയുണ്ടാക്കിയത്. ഇന്ത്യാ- പാക്ക് സംഘര്‍ഷം മൂര്‍ച്ചിക്കുമ്പോള്‍ ജനവികാരം സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്ന തിരിച്ചറിവാണ് ഇവിടെ രാഹുല്‍ ഗാന്ധിക്കുള്‍പ്പെടെ നഷ്ടമായിരുന്നത്. അതിന്റെ പരിണിത ഫലമാണ് കോണ്‍ഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും പോലും കോണ്‍ഗ്രസ്സിനെ വാഷ് ഔട്ട് ആക്കി മാറ്റിയത്.

കാവി രാഷ്ട്രീയത്തെ അധികാരത്തിലെത്തിച്ച വികാരം വീണ്ടും ആളിക്കത്തിക്കാന്‍ തന്നെയാണ് തുടര്‍ന്നും മോദി സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. അതാണ് ജമ്മു കാശ്മീരില്‍ നാം ഇപ്പോള്‍ കണ്ട്‌കൊണ്ടിരിക്കുന്നത് .പ്രത്യേക പദവി എടുത്ത് കളഞ്ഞതിലൂടെ ‘ഒരു രാജ്യം ഒരു നിയമം’ എന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞു. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് രാജ്യതാല്‍പ്പര്യത്തിന് എതിരാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിലും ഒരു പരിധിവരെ മോദി സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്.

ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ്സ് നിലപാടുകള്‍ ആ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് പോലും ബോധ്യപ്പെട്ടിട്ടില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. രാഹുല്‍ ഗാന്ധിയുടെ വലം കൈ ആയി അറിയപ്പെടുന്ന ജോതിരാദിത്യ സിന്ധ്യ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങളില്‍ നിന്നു തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാണ്.

അനവധി നേതാക്കളും ജനപ്രതിനിധികളുമാണ് കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് ഇതിനകം തന്നെ ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നത്. ഇപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസ്സിനെ നയിക്കേണ്ടവര്‍ തന്നെയാണ് കാവി പാളയത്തില്‍ ചേക്കേറിയിരിക്കുന്നത്. ഈ കൂട് മാറ്റം എല്ലാ സംസ്ഥാനങ്ങളിലും പ്രകടവുമാണ്.

കേരളത്തില്‍ നിന്നും മുന്‍ എം.എല്‍.എ അബ്ദുള്ളക്കുട്ടിയാണ് കാവിയണിഞ്ഞിരിക്കുന്നത്. ശശി തരൂര്‍, മുന്‍ കേന്ദ്ര മന്ത്രി ജയറാം രമേശ് തുടങ്ങിയവരിലും മാറ്റങ്ങള്‍ പ്രകടമാണ്. എന്തിനും ഏതിനും മോദിയെ വിമര്‍ശിക്കരുതെന്നാണ് ഈ മുന്‍ കേന്ദ്ര മന്ത്രിമാര്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തോടിപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പ് നല്‍കിയ തിരിച്ചടിയുടെ ഷോക്കില്‍ നിന്നും വിമുക്തനാവാത്ത രാഹുലാവട്ടെ ഇപ്പോഴും സൈലന്റാണ്. പാര്‍ട്ടി പദവി ഒഴിഞ്ഞ് അദ്ദേഹം കാട്ടിക്കുട്ടന്നതെല്ലാം ഒരു നേതാവിന് ചേര്‍ന്ന പണിയൊന്നുമല്ല. തിരിച്ചടിയുടെ കാരണം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക എന്നത് വിട്ട് ആ പാര്‍ട്ടിയെ തന്നെ ഉപേക്ഷിച്ച മട്ടിലാണിപ്പോള്‍ അദ്ദേഹത്തിന്റെ പോക്ക്. മോദിക്കെതിരായ പരാമര്‍ശങ്ങളില്‍ മാനനഷ്ടകേസുകളില്‍ കോടതിയില്‍ ഹാജരാകുന്ന രാഹുലിന്റെ നാവിന്റെ മൂര്‍ച്ചയെല്ലാം നഷ്ടമായി കഴിഞ്ഞു.

‘എല്ലാ കള്ളന്‍മാരുടെ പേരിലും മോദിയുണ്ടെന്ന’ പരാമര്‍ശത്തിനെതിരെ നല്‍കിയ മാനനഷ്ടകേസില്‍ സൂറത്ത് കോടതിയിലാണ് ഒടുവില്‍ രാഹുല്‍ ഗാന്ധി ഹാജരായത്. സമാനമായ കേസില്‍ പട്‌ന കോടതിയില്‍ നിന്നും രാഹുല്‍ നേരത്തെ ജാമ്യം നേടിയിരുന്നു.

നേതാവ് കോടതി കയറി ഇറങ്ങുമ്പോഴും പഴയ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ചെയ്യുന്നത്. റഫേല്‍ വിമാനത്തിലെ പൂജയുമായി ബന്ധപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പ്രതികരണവും ബി.ജെ.പിക്ക് ഇപ്പോള്‍ നല്ലൊരു ആയുധമായിട്ടുണ്ട്.

‘തങ്ങള്‍ ബൊഫേഴ്‌സ് തോക്ക് വാങ്ങിയപ്പോള്‍ ആരും തന്നെ പോയിരുന്നില്ലന്നും പ്രദര്‍ശനങ്ങളോ പൂജയോ നടത്തിയിരുന്നില്ലന്നുമാണ്’ ഖാര്‍ഗെ തുറന്നടിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാരീസിലെത്തി റഫേല്‍ ഏറ്റുവാങ്ങിയ നടപടി പരാമര്‍ശിച്ചായിരുന്നു ഈ അഭിപ്രായ പ്രകടനം.

‘അന്ധവിശ്വാസത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങ് ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നതാണെന്നാണ്’ മറ്റൊരു കോണ്‍ഗ്രസ്സ് നേതാവായ് ഉദിത് രാജ് പ്രതികരിച്ചിരുന്നത്. റഫേല്‍ വ്യോമസേനയുടെ ഭാഗമാകുമ്പോള്‍ നാരങ്ങയും നാളികേരവും ഇതിനെ സംരക്ഷിക്കുമോ എന്നും ഉദിത് രാജ് പരിഹസിച്ചിരുന്നു.

കോണ്‍ഗ്രസ്സ് നേതാക്കളുടെ അനവസരത്തിലെ ഇത്തരം നിലപാടുകള്‍ തന്നെയാണ് ബി.ജെ.പിക്കും ഗുണകരമായി മാറികൊണ്ടിരിക്കുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് ഈ പരിഹാസം ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യമോയല്ല. ഇതില്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളും നേതാക്കളും കൂടി ഉള്‍പ്പെടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ഖാര്‍ഗെയും ഉദിത് രാജും മനസ്സിലാക്കാതെ പോയി.

വിശ്വാസങ്ങള്‍ക്കും ജാതിക്കും മതത്തിനും എല്ലാം അപ്പുറം മനുഷ്യനെ നോക്കി കാണുന്ന കമ്യൂണിസ്റ്റുകള്‍ നടത്തേണ്ട അഭിപ്രായപ്രകടനം ഏറ്റെടുത്ത് നടത്തിയതാണ് കോണ്‍ഗ്രസ്സിനെയിപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്. ഖദറില്‍ നിന്നും കാവിയിലേക്കുള്ള ഒഴുക്ക് തടയാനല്ല, കൂടുതല്‍ ശക്തമായി വര്‍ദ്ധിക്കാനാണ് ഈ പരാമര്‍ശവും വഴി ഒരുക്കുന്നത്. ഇക്കാര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയില്‍ തന്നെ ആശങ്കയും ഉയര്‍ന്നുകഴിഞ്ഞു.

നേതാവ് വിട്ടു പോയതോടെ പ്രതിസന്ധിയിലായി എന്ന് വിലപിച്ച സല്‍മാന്‍ ഖുര്‍ഷിദുള്‍പ്പെടെയുള്ളവര്‍, നേതാക്കളുടെ പുതിയ ആക്ഷേപം കേട്ട് അമ്പരന്നിരിക്കുകയാണ്. വിജയദശമി ദിവസം നടന്ന സംഭവത്തില്‍ പ്രതികരണം ഒഴിവാക്കാമായിരുന്നു എന്നാണ് നേതാക്കള്‍ക്കിടയിലെ പൊതു വികാരം.

അതേസമയം, വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ബി.ജെ.പി അദ്ധ്യക്ഷനും മന്ത്രിയുമായ അമിത് ഷാ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ പാരമ്പര്യമനുസരിച്ചാണ് രാജ്‌നാഥ് സിംഗ് പൂജ നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ആയുധങ്ങള്‍ പൂജിക്കുന്നത് വിജയദശമി ദിവസമാണെന്നും അതേ ദിവസം റഫേല്‍ ഏറ്റുവാങ്ങിയത് അഭിമാനാര്‍ഹമാണെന്നുമാണ് ഷാ പ്രതികരിച്ചിരിക്കുന്നത്.

ബൊഫേഴ്‌സിനെ കുറിച്ച് ഖാര്‍ഗെ തന്നെ ഓര്‍മ്മിപ്പിച്ചത് നന്നായെന്നും ക്വത്റോച്ചിയെ പൂജിച്ചാണ് കോണ്‍ഗ്രസ്സിന് പരിചയമെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കളുടെ വിവാദ ആക്ഷേപത്തിനെതിരെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും വ്യാപക പ്രചരണമാണ് ബി.ജെ.പി നടത്തി വരുന്നത്. പൊതുവെ ദുര്‍ബലമായ കോണ്‍ഗ്രസ്സിനെ ഏറെ പ്രതിരോധത്തിലാക്കുന്നതാണ് ഈ പ്രചരണങ്ങള്‍.

കാവിക്ക് വളരാന്‍ സന്ദര്‍ഭത്തിന് അനുസരിച്ച് ‘വെള്ളം’ ഒഴിച്ച് കൊടുക്കുന്ന ഏര്‍പ്പാടാണ് കോണ്‍ഗ്രസ്സിപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിമര്‍ശിക്കുന്നത്.

Political Reporter

Top