രാഹുലിന്റെ ഇറങ്ങിപ്പോക്ക് കോണ്‍ഗ്രസിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കി: സല്‍മാന്‍ ഖുര്‍ഷിദ്

salman-khurshid-new

ന്യൂഡല്‍ഹി: അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാഹുലിന്റെ ഇറങ്ങിപ്പോക്ക് കോണ്‍ഗ്രസിനെ ശൂന്യതയിലേക്ക് തള്ളിവിട്ടെന്ന്മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ഭാവി തന്നെ അനിശ്ചിതത്വത്തിലായ അവസ്ഥയിലാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയിലും മഹാരാഷ്ട്രയിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിക്കാനുള്ള സാധ്യതയില്ലെന്നാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വിലയിരുത്തല്‍. ഭാവി സുസ്ഥിരമാക്കാന്‍ പാര്‍ട്ടി പൊരുതിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്താനും പരിഹാരം കാണാനും കഴിയാത്തതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ബലക്ഷയത്തിനു കാരണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് അഭിപ്രായപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടു ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തില്‍ രാഹുലിന് അമര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചത്. പിന്നീട് സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി സ്ഥാനമേല്‍ക്കുകയും ചെയ്തു. രാഹുല്‍ അവശേഷിപ്പിച്ച ശൂന്യത പരിഹരിക്കാന്‍ സോണിയ ശ്രമിക്കുന്നുണ്ടാകാം. എങ്കിലും, ആ ശൂന്യത അതേപോലെ നിലനില്‍ക്കുകയാണെന്ന് ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു. എന്തുകൊണ്ട് പാര്‍ട്ടി പരാജയപ്പെട്ടു എന്ന് ഇനിയും തങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ല. നേതാവ് ഇറങ്ങിപ്പോയതാണ് തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും സല്‍മാന്‍ ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു.

Top