ഹിന്ദുമതത്തിനൊപ്പം, ഹിന്ദുത്വത്തിനെതിരെ; പുസ്തക വിവാദത്തിൽ സൽമാൻ ഖുർഷിദ്

ന്യൂഡല്‍ഹി: അയോധ്യ പുസ്തക വിവാദത്തില്‍ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. തന്റെ പുസ്തകം ഹിന്ദു മതത്തെ പിന്തുണക്കുകയും ഹിന്ദുത്വയെ ചോദ്യം ചെയ്യുകയുമാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി. ഇതൊരു വിവാദമല്ലെന്നും സത്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ പുസ്തകമില്ലെങ്കിലും ബി.ജെ.പി മറ്റൊരു വിവാദമുണ്ടാക്കും. ബി.ജെ.പി പറയുന്നത് ഏറ്റുപറയാനല്ല കോണ്‍ഗ്രസ്. അങ്ങനെയായാല്‍ ബി.ജെ.പിയുടെ ബി ടീമാകും കോണ്‍ഗ്രസ് പാര്‍ട്ടി. 350 പേജുകളുള്ള പുസ്തകത്തില്‍ നിന്ന് ഒരു വരിയെടുത്താണ് ബി.ജെ.പി വിവാദമുണ്ടാക്കുന്നത്. തന്റെ പുസ്തകം തെറ്റാണ് ബി.ജെ.പി പറയുന്നു. അങ്ങനെയെങ്കില്‍ ബി.ജെ.പി തള്ളിപ്പറയുന്നത് സുപ്രീംകോടതി വിധിയെയാണെന്നും ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധി പറഞ്ഞതാണ് കോണ്‍ഗ്രസിന്റെ നിലപാട്. പുസ്തകത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയെ പിന്തുണക്കുകയാണോ എന്നും സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചു. ഭീഷണികളെ താന്‍ മുഖവിലക്ക് എടുക്കുന്നില്ലെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി.

‘ഹിന്ദുത്വ തീവ്രവാദം ഇസ്‌ലാമിക് സ്‌റ്റേറ്റിനെയും ബൊക്കോ ഹറമിനെയും പോലെയാണെന്ന’ സല്‍മാന്‍ ഖുര്‍ഷിദിന്റെ ‘സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ്’ എന്ന പുസ്തകത്തിലെ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. ‘അടുത്ത കാലത്തുണ്ടായ ഇസ് ലാമിക് സ്റ്റേറ്റ്, ബോക്കോഹറം തീവ്രവാദ സംഘടനകളെ പോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വ, യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും പരിചിതമായിരുന്ന സനാതന ധര്‍മ്മത്തെയും ക്ലാസിക്കല്‍ ഹിന്ദൂയിസത്തെയും അപ്രസക്തമാക്കിയിരിക്കുകയാണ്’ എന്നാണ് പുസ്തകത്തിലെ പരാമര്‍ശം.

 

 

Top