സല്‍മാന്‍ ഖാന്റെ പാക്ക് ‘പ്രണയം’ വീണ്ടും . . ഐസ്.ഐ.യെ കൂട്ട് പിടിച്ച് ടൈഗര്‍ സിന്ദാ ഹേ

സിനിമയെ സിനിമയായി തന്നെ കാണണം. അതില്‍ മറിച്ചൊരു അഭിപ്രായമില്ലാത്ത സിനിമാ നിരൂപകരില്‍ പോലും ഇപ്പോള്‍ സംശയത്തിന്റെ വിത്ത് പാകിയിരിക്കുകയാണ് നടന്‍ സല്‍മാന്‍ ഖാന്‍.

സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ ടൈഗര്‍ സിന്ദാ ഹേയിലെ പാക്ക് പ്രണയമാണിപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

മുന്‍പ് സല്‍മാന്‍ ഖാന്‍ നായകനായ ‘ബജ്രംഗി ഭായിജാന്‍’ സിനിമയിലും വഴിതെറ്റിയെത്തിയ ആറുവയസ്സുകാരി പാക്ക് പെണ്‍കുട്ടിയെ തിരിച്ച് പാക്കിസ്ഥാനിലെത്തിക്കുന്ന സംഭവമായിരുന്നു പ്രതിപാദിച്ചിരുന്നത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ സിനിമ ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായിരുന്നു.

ഇപ്പോള്‍ വീണ്ടും പാക്ക് കഥാപാത്രങ്ങള്‍ക്ക് സൂപ്പര്‍ പരിവേഷം നല്‍കി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ടൈഗര്‍ സിന്ദാഹേയിലൂടെ സല്‍മാന്‍ ഖാന്‍.

മലയാളികളടക്കമുള്ള ഇന്ത്യന്‍ നഴ്‌സുമാര്‍ ഇറാഖില്‍ ഐ എസ് തീവ്രവാദികളാല്‍ തടങ്കലാക്കപ്പെട്ട യഥാര്‍ത്ഥ സംഭവവും അവരുടെ മോചനവുമാണ് സിനിമയുടെ പ്രമേയം.
26103162_2049865341911978_155446994_n
ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’ഏജന്റായാണ് സിനിമയില്‍ സല്‍മാന്‍ ഖാന്‍ അഭിനയിക്കുന്നത്.

സല്‍മാന്റെ നേതൃത്വത്തിലുള്ള സംഘം വേഷം മാറി ഐ.എസ് നിയന്ത്രണത്തിലുള്ള ഇറാഖിലെ പെട്രോളിയം കമ്പനിയില്‍ ജോലിക്ക് കയറുകയും തുടര്‍ന്ന് നാടകീയമായി ഐ.എസുമായി ഏറ്റുമുട്ടി ആശുപത്രിയില്‍ ബന്ദികളായ നഴ്‌സുമാരെ മോചിപ്പിക്കുന്നതുമാണ് കഥ.

പാക്ക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ചേര്‍ന്നാണ് ഇന്ത്യ ഈ ഓപ്പറേഷന്‍ നടത്തുന്നതെന്നാണ് സിനിമയിലൂടെ വ്യക്തമാക്കുന്നത്.

സല്‍മാന്റെ ഭാര്യയായി അഭിനയിക്കുന്ന നായിക ബോളിവുഡ് താരം കത്രീന കൈഫിനെ ഐ.എസ്.ഐ ഏജന്റായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇവരും ഇവരുടെ സഹപ്രവര്‍ത്തകരായ മറ്റ് രണ്ട് ഐ.എസ് ഏജന്റുമാരും റോയും സംയുക്തമായാണ് ഐ.എസിനെതിരെ ഓപ്പറേഷന്‍ നടത്തുന്നത്.

ഒടുവില്‍ നഴ്‌സുമാരും വിദേശികളുമടങ്ങിയ സംഘത്തെ മോചിപ്പിച്ച് മടങ്ങുന്ന വാഹനത്തില്‍ ഇന്ത്യന്‍ പതാകക്കൊപ്പം പാക്ക് പതാകയും പറത്തിയാണ് സിനിമ അവസാനിക്കുന്നത്.

സിനിമയെ സാങ്കല്‍പ്പിക കഥയായി കാണാമെങ്കിലും നടന്ന ഒരു സംഭവത്തെ ആധാരമാക്കി സിനിമ ചിത്രീകരിക്കുമ്പോള്‍ തെറ്റിധരിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്ന അഭിപ്രായമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.
26102770_2049865335245312_797438313_n
ഇറാഖ് ഓപ്പറേഷന്‍ എങ്ങനെയാണ് പൂര്‍ത്തീകരിച്ചത് എന്ന കാര്യം ഇപ്പോഴും ഔദ്യോഗിക രഹസ്യം മാത്രമായി തുടരുന്ന സാഹചര്യത്തില്‍ പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കാനാണ് ‘ടൈഗര്‍ സിന്ദാ ഹേ’ വഴി ഒരുക്കിയിരിക്കുന്നതെന്നാണ് വിമര്‍ശനം.

ഇന്ത്യയിലെ ഭീകര ആക്രമണങ്ങളുടെ സൂത്രധാരരായ ഐ.എസ്.ഐയെ വിശുദ്ധരാക്കുന്ന സിനിമയെ സിനിമയായി മാത്രം കാണാന്‍ സാധിക്കില്ലന്നും കച്ചവട താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള ആവിഷ്‌ക്കാരം അംഗീകരിക്കില്ലന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ബോളിവുഡ് സിനിമകള്‍ക്ക് പാക്കിസ്ഥാനിലും നല്ല മാര്‍ക്കറ്റാണ് എന്നതിനാലാണ് പാക്ക് ചാരസംഘടനയെ പോലും വെള്ള പൂശുന്നതത്രെ.

അതേസമയം കളക്ഷന്റെ കാര്യത്തില്‍ വന്‍ നേട്ടമാണ് ഈ സല്‍മാന്‍ഖാന്‍ സിനിമ ഇതിനകം ഉണ്ടാക്കിയിരിക്കുന്നത്.

ആദ്യ ദിവസം മാത്രം 33.75 കോടി രൂപയാണ് ടൈഗര്‍ സിന്ദാ ഹേ നേടിയത്.

റിപ്പോര്‍ട്ട് : രേഷ്മ രാജന്‍

Top