മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ കേസ്: നടന്‍ സല്‍മാന്‍ ഖാന് സമന്‍സ്

മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് മുംബൈ കോടതിയുടെ സമന്‍സ്. മാധ്യമപ്രവര്‍ത്തകനായ അശോക് നല്‍കിയ പരാതിയിലാണ് നടപടി. സല്‍മാനെ കൂടാതെ അംഗരക്ഷകന്‍ നവാസ് ഷെയ്ഖിനും മുംബൈയിലെ കോടതി സമന്‍സ് അയച്ചിട്ടുണ്ട്. മുംബൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആര്‍. ആര്‍ ഖാന്‍ ആണ് നടനെതിരെ സമന്‍സ് പുറപ്പെടുവിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ അശോക് പാണ്ഡെയാണ് നടന്‍ തന്നെ ഭീഷണിപ്പെടുത്തിയതായി കാണിച്ച് കോടതിയെ സമീപിച്ചത്.

മുംബൈ നഗരത്തില്‍ സൈക്കിളില്‍ സഞ്ചരിക്കവെ ചില മാധ്യമ പ്രവര്‍ത്തകര്‍ സല്‍മാന്‍ ഖാന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഇതിനെ ചെറുത്ത നടന്‍ തന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തുവെന്ന് മാധ്യമപ്രവര്‍ത്തകനായ പാണ്ഡെ ആരോപിച്ചു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നേരത്തെ ലോക്കല്‍ പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് സമന്‍സ് അയച്ചത്.

Top