സംവിധായകര്‍ തന്നോട് നീതി പുലര്‍ത്തുന്നില്ലെന്ന് തോന്നാറുണ്ടെന്ന് സല്‍മാന്‍ ഖാന്‍

ഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബോളിവുഡിന്റെ പ്രിയ താരമായി മാറിയ നടനാണ് സല്‍മാന്‍ ഖാന്‍. എന്നാല്‍ ഈ കാലയളവില്‍ ബിഗ് സ്‌ക്രീന്‍ ഉപയോഗപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് സല്‍മാന്‍ പറയുന്നത്. സംവിധായകര്‍ തന്നോട് നീതി പുലര്‍ത്തുന്നില്ലെന്ന് തോന്നാറുണ്ടെന്നും എന്നിരുന്നാലും നിരവധി പ്രേക്ഷകരുടെ ഇഷ്ടം നേടാനായിട്ടുണ്ടെന്നും സല്‍മാന്‍ ഒരഭിമുഖത്തില്‍ പറഞ്ഞു.

നമുക്ക് സന്തോഷം ലഭിക്കുന്നില്ലെങ്കില്‍ എത്ര ദൂരം പോയി സിനിമ ചെയ്തിട്ടും കാര്യമില്ല. ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അതിനെയെല്ലാം ഒരു സൈഡില്‍ ഒതുക്കി വെച്ച് വേണം ജോലിയില്‍ ശ്രദ്ധ ചെലുത്താന്‍. ബോളിവുഡില്‍ അത്തരത്തില്‍ കഷ്ടപ്പെട്ട് ഇന്ന് സിനിമയുടെ നെടുംതൂണായി മാറിയ താരങ്ങള്‍ തന്നെ അതിനുദാഹരണമാണ്. എന്റെ ആദ്യ ചിത്രമായ ‘മെയ്‌നെ പ്യാര്‍ കിയാ’, ആമിര്‍ ഖാന്റെ ‘ഖയാമത് സേ ഖയാമത് തക്’, ഷാരൂഖിന്റെ ‘ദീവാനാ’, അജയ് ദേവ്ഗണിന്റെ ‘ഫൂല്‍ ഔര്‍ കാന്തെ’, അക്ഷയ് കുമാറിന്റെ ‘ഖിലാഡി’ തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്, നടന്‍ കൂട്ടിച്ചേര്‍ത്തു.

യുവതാരങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നത് എത്ര പ്രധാനമാണെന്നതിനെ കുറിച്ചും സല്‍മാന്‍ സംസാരിച്ചു. ‘ഒരു സിനിമ നിര്‍മ്മിക്കുന്നതിന് വളരെയധികം പരിശ്രമം ആവശ്യമാണ്, അതില്‍ ഒരു നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും പങ്ക് വളരെ വലുതാണ്. നിങ്ങള്‍ ചെയ്യുന്ന സിനിമയില്‍ നിങ്ങള്‍ സംതൃപ്തനാണെങ്കില്‍, അത് കരിയറിന്റെ അവസാനമാണ്. അതല്ല, ആദ്യ സിനിമ എത്ര നന്നായാലും അടുത്ത സിനിമ ചെയ്യുമ്പോള്‍ അതിന്റെ പത്തിരട്ടി കൂടുതല്‍ കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ അതിന്റെ റിസള്‍ട്ട് മികച്ചതായിരിക്കും. യുവതാരങ്ങള്‍ ആ ആര്‍ജവം കാട്ടണം, സല്‍മാന്‍ വ്യക്തമാക്കി.

 

Top