സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ മോഹന്‍ലാലിനൊപ്പം മലയാളത്തിലേക്ക്

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. പ്രശസ്ത തെന്നിന്ത്യന്‍ നടി റെജീന കസാന്ദ്ര നായികാ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ ബോളിവുഡില്‍ നിന്നും 2 നായികമാര്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ ഇളയ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ ഈ ചിത്രത്തില്‍ അഭിനയിക്കും.

വേദാന്തം എന്ന് പേരുള്ള നോര്‍ത്ത് ഇന്ത്യക്കാരന്‍ ആയ ഒരു ഐ സി എസ് ഉദ്യോഗസ്ഥന്‍ ആയാണ് അദ്ദേഹം അഭിനയിക്കുന്നത് എന്നാണ് സൂചന. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്ന നിലയില്‍ ഒക്കെ ഏറെ പ്രശസ്തന്‍ ആണ് അര്‍ബാസ് ഖാന്‍. ലുസിഫെറില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയ് വില്ലന്‍ ആയി എത്തിയ പോലെ ബിഗ് ബ്രദറില്‍ മറ്റൊരു ബോളിവുഡ് താരം മോഹന്‍ലാലിനൊപ്പം എത്തുന്നു എന്നതും കൗതുകകരമായ കാര്യമാണ്.

ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, കെ പി എ സി ലളിത, മുകേഷ് തുടങ്ങിയവരും ഈ പ്രൊജക്ടിന്റെ ഭാഗമാകും. വൈശാഖ് രാജന്റെ വൈശാഖ സിനിമയും സിദ്ദിക്കിന്റെ എസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ആസിഫ് അലി, അനൂപ് മേനോന്‍, വിഷ്ണു ഉണികൃഷ്ണന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം തുടങ്ങി വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും ദൃശ്യങ്ങള്‍ ഒരുക്കുന്നത് ജിത്തു ദാമോദറും ആണ്. ആര്‍ ഗൗരി ശങ്കര്‍ ആണ് ഇതിന്റെ എഡിറ്റര്‍. വിയറ്റ്നാം കോളനി, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സിദ്ദിക്ക് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ ബിഗ് ബ്രദര്‍ ഏറെ പ്രതീക്ഷ നല്‍കുന്നു.

Top