വിവാഹ അഭ്യര്‍ത്ഥന സിനിമയില്‍ മാത്രം; വെളിപ്പെടുത്തലുമായി സല്‍മാന്‍ ഖാന്‍

ബോളിവുഡില്‍ ആരാധകര്‍ ഏറെയിഷ്ടപ്പെടുന്ന സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. താരത്തിന്റെ പ്രണയവും ബ്രേക്കപ്പും എല്ലാം ഏറെ ആകാംഷയോടെയാണ് സിനിമാലോകം നോക്കിക്കാണുന്നത്. സല്‍മാന്റെ വിവാഹം എന്നായിരിക്കുമെന്നും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയംതന്നെയാണ്. ആമിര്‍ ഖാനും ഷാരൂഖുമെല്ലാം വിവാഹം കഴിച്ചെങ്കിലും 53 കാരനായ സല്‍മാന്റെ വിവാഹം കഴിഞ്ഞിട്ടില്ല.

അടുത്തിടെ നടന്നൊരു അഭിമുഖത്തിലാണ് ഇതുവരെ ആരും തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിട്ടില്ലെന്ന് താരം വെളിപ്പെടുത്തിയിരിക്കുന്നത്. സല്‍മാന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ഭാരത് എന്ന ചിത്രത്തില്‍ കത്രീന കൈഫിന്റെ കഥാപാത്രം നടനോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന ഒരു രംഗമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ജീവിതത്തില്‍ എന്നെങ്കിലും ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായിട്ടുണ്ടോ എന്ന ചോദ്യം വന്നത്.

ഇതിന് മറുപടിയായാണ് സല്‍മാന്‍ ഇക്കാര്യം പറഞ്ഞത്. ഇല്ല, ഇതുവരെ ഒരാള്‍ പോലും തന്നോട് വിവാഹം കഴിക്കണം എന്ന് പറഞ്ഞിട്ടില്ല എന്ന് സല്‍മാന്‍ പറഞ്ഞു. കാരണം മെഴുകിതിരി അത്താഴങ്ങള്‍ക്ക് ഞാന്‍ പോകാറില്ല. മെഴുകുതിരിയുടെ വെളിച്ചത്തില്‍ ഞാന്‍ എന്താണ് കഴിക്കുന്നതെന്ന് എനിക്ക് മനസിലാകില്ല. ഒരു സ്ത്രീപോലും തന്നോട് വിവാഹഭ്യര്‍ത്ഥന നടത്താത്തതില്‍ അതിയായ ദുഖം തോന്നുന്നുണ്ടെന്നും നടന്‍ പറഞ്ഞു.

അതേസമയം ഭാരതിന്റെ വിജയത്തിന് ശേഷം ദബാംഗ് 3യാണ് സല്‍മാന്‍ ഖാന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. പ്രഭുദേവ സംവിധാനം ചെയ്യുന്ന സിനിമയില്‍ ചുള്‍ബുള്‍ പാണ്ഡെയായി നടന്‍ വീണ്ടും തിരിച്ചെത്തുന്നു. സൊനാക്ഷി സിന്‍ഹ നായികയാവുന്ന ചിത്രത്തില്‍ കിച്ച സുദീപ്, അര്‍ബാസ് ഖാന്‍, മാഹി ഗില്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

Top