മുംബൈ പൊലീസിന് 1 ലക്ഷം ഹാന്‍ഡ് സാനിറ്റൈസറുകള്‍ നല്‍കി സല്‍മാന്‍ ഖാന്‍

കോവിഡ് പ്രതിരോധത്തിനായി ഹാന്‍ഡ് സാനിറ്റൈസറുകള്‍ നല്‍കിയ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന് നന്ദി അറിയിച്ച് മുംബൈ പൊലീസ്. ഒരു ലക്ഷം ഹാന്‍ഡ് സാനിറ്റൈസറുകളാണ് താരം മുംബൈ പൊലീസിന് നല്‍കിയത്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് നന്ദി അറിയിച്ചിരിക്കുന്നത്. ‘സല്‍മാന്‍ ഖാന് നന്ദി, മുബൈ പൊലീസിന് 1 ലക്ഷം ഹാന്‍ഡ് സാനിറ്റൈസറുകള്‍ എത്തിച്ചു നല്‍കിയതിന്’, എന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതലേ സല്‍മാന്‍ ഉള്‍പ്പെട്ട ബോളിവുഡ് താരങ്ങള്‍ ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് സല്‍മാന്‍ തന്റെ പുതിയ സിനിമക്കായി മേടിച്ച ട്രക്ക് ഈദ് കിറ്റുകള്‍ വിതരണം ചെയ്യാനായി വിട്ടു നല്‍കിയത്.

പനവേലിലുള്ള ഫാംഹൗസിലാണ് സല്‍മാന്‍ ഖാന്‍ തന്റെ ലോക്ക്ഡൗണ്‍ സമയം ചെലവഴിച്ചത് . അവിടെ അടുത്തുള്ള ഗ്രാമത്തിലെ ആളുകള്‍ക്ക് ഭക്ഷണസാധനങ്ങളും അദ്ദേഹം ആ സമയങ്ങളില്‍ എത്തിച്ചു നല്‍കിയിരുന്നു.

Top