ഐഎഫ്എഫ്കെ; കൊച്ചി എഡിഷനില്‍ നിന്ന് തന്നെ ഒഴിവാക്കിയത് രാഷ്ട്രീയമെന്ന് സലീം കുമാര്‍

കൊച്ചി: ഐഎഫ്എഫ്കെയുടെ കൊച്ചി എഡിഷനില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടൻ സലീം കുമാര്‍. തന്നെ വിളിക്കാതിരിക്കുന്നത് രാഷ്ട്രീയമാണെന്നാണ് സലീം കുമാര്‍ വ്യക്തമാക്കുന്നത്. ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്. തന്നെ വിളിക്കാതിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും സലീം കുമാര്‍ പറയുന്നു. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുമെന്ന മുട്ടുന്യായമാണ് നല്‍കുന്നത്.

“പ്രായത്തിന്റെ കാര്യത്തില്‍ ആഷിക് അബുവും അമല്‍ നീരദുമെല്ലാം എന്റെ ജൂനിയര്‍മാരായി കോളേജില്‍ പഠിച്ചവരാണ്. ഞാനും അവരും തമ്മില്‍ അധികം പ്രായവ്യത്യാസമൊന്നുമില്ല. ഇവിടെ രാഷ്ട്രീയമാണ് വിഷയം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ മാത്രമല്ല എനിക്ക് ഇവിടെ പുരസ്‌കാരം ലഭിച്ചത്. സി.പി.എം ഭരിക്കുമ്പോഴും പുരസ്‌കാരം നേടിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്നറിയാനാണ് നേരിട്ട് വിളിച്ച് ചോദിച്ചത്. പ്രായക്കൂടുതല്‍ എന്നാണ് കാരണം പറഞ്ഞത്. വളരെ രസകമായ മറുപടിയായി തോന്നി. കലാകാരന്‍മാരെ എന്തു വേണമെങ്കിലും ചെയ്യാമെന്ന് അവര്‍ നേരത്തേ തെളിയിച്ചതാണ്. അതാണല്ലോ പുരസ്‌കാരം മേശപ്പുറത്ത് വച്ചു നല്‍കിയത്.” സലീം കുമാര്‍ പറഞ്ഞു.

Top